Quantcast
MediaOne Logo

റാസിഖ് റഹീം

Published: 1 Oct 2023 4:19 PM GMT

പാനായിക്കുളം സിമി കേസിന്റെ നാള്‍വഴികള്‍

കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുത്ത കേരളത്തിലെ ആദ്യത്തെ കേസായിരുന്നു പാനായിക്കുളം സിമി കേസ്. കേസില്‍ കോടതി കുറ്റവിമുക്തനാക്കപ്പെട്ടയാള്‍ കൂടിയായ ലേഖകന്‍ കേസിന്റെ നാള്‍വഴികളെ കുറിച്ച് എഴുതുന്നു.

പാനായിക്കുളം സിമി കേസിന്റെ നാള്‍വഴികള്‍
X

കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു കേസാണ് പാനായിക്കുളം സിമി കേസ്. പൊതുവെ സമാധാനപരമെന്ന് കരുതുന്ന ഒരു സംസ്ഥാനത്ത് തീവ്രവാദം തിടംവെച്ച് വളര്‍ന്നു വരുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു സംഭവമായിരുന്നു ഈ കേസ്. അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും വേണ്ടുവോളം എരിവും പുളിയും ചേര്‍ത്തു വളര്‍ത്തിയെടുത്തതോടെ ഭീകരതയുടെ ഒരു സംസ്ഥാനം എത്തിപ്പെട്ടതിന്റെ ഭയാശങ്കകള്‍ക്ക് നിമിത്തമായി ഈ കേസ് മാറി.

2006 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തില്‍ എറണാകുളം ജില്ലയില്‍ ആലുവക്കടുത്ത് പാനായിക്കുളം എന്ന സ്ഥലത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിയാണ് പിന്നീട പ്രമാദമായ പാനായിക്കുളം സിമി കേസായി മാറിയത്. പറവൂര്‍ ഹൈവേയോട് ചേര്‍ന്നാണ് പാനായിക്കുളം സ്ഥിതി ചെയ്യുന്നത്. അവിടെ സാധാരണയായി പരിപാടികള്‍ നടക്കുന്ന ഹാപ്പി ഓഡിറ്റോറിയത്തില്‍ ഇസ്ലാമിക് സ്റ്റുഡന്റ്സ് സെന്റര്‍ എന്ന പ്രാദേശിക സംഘടന നടത്തിയ പരിപാടിയാണ് സിമിയുടെ രഹസ്യ യോഗമാക്കി മാറ്റിയത്. തിരക്കുള്ള റോഡിന്റെ ഒരു വശത്ത് നിരവധി കച്ചവട സ്ഥാപനങ്ങളുള്ള ഒരു ബില്‍ഡിങ്ങിന്റെ മുകള്‍നിലയിലാണ് ഹാപ്പി ഓഡാറ്റോറിയം സ്ഥിതി ചെയ്യുന്നത്. അതിന് എതിര്‍വശത്തായി ഒരു ക്രൈസ്തവ ആരാധനാലയവുമുണ്ട്. നാട്ടില്‍ നോട്ടീസ് വിതരണം ചെയ്തും ഹാളിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചും നടത്തിയ പരിപാടി ഒരു രഹസ്യയോഗമാക്കി മാറ്റി തീവ്രവാദ ചാപ്പ കുത്തിയതിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.

വൈകുന്നേരമായപ്പോഴേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ ബിനാനിപുരം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കൈരളി, ഏഷ്യാനെറ്റ് ചാനല്‍ റിപ്പോര്‍ടര്‍മാരും ഒപ്പമെത്തി. പിടിച്ചുവെച്ചിരിക്കുന്നതിന്റെ കാര്യങ്ങള്‍ മനസ്സിലായില്ലെങ്കിലും കാര്യങ്ങള്‍ വഷളായിത്തുടങ്ങുന്നതിന്റെ സൂചനകളായി ഞങ്ങളത് മനസ്സിലാക്കി.

2006 ആഗസ്റ്റ് 15 രാവിലെ പത്തു മണിക്കാണ് ഹാപ്പി ഓഡിറ്റോറിയത്തില്‍ പരിപാടി ആരംഭിച്ചത്. പത്തര മണിയോടെ ബിനാനിപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആന്റണി സാറിന്റെ നേതൃത്വത്തില്‍ മഫ്തിയിലുള്ള രണ്ട് പൊലീസുകാര്‍ ഓഡിറ്റോറിയത്തിലെത്തുന്നു. ചില വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനു വേണ്ടിയാണ് വന്നതെന്നായിരുന്നു പൊലീസ് വിശദീകരിച്ചത്. കാര്യങ്ങള്‍ ചോദിച്ചറിയുകയും ചിലരുടെയെങ്കിലും കൈവശമിരുന്ന കടലാസുകള്‍ പരിശോധിക്കുകയും ചെയ്തതിനുശേഷം പരിപാടി തുടര്‍ന്നു കൊള്ളാന്‍ പൊലീസ് അനുമതി നല്‍കി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം വന്നിട്ടുണ്ടെന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം വിട്ടയക്കുമെന്നും പൊലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാലോ അഞ്ചോ പേരെ വീതം ഒരു പൊലീസ് ജീപ്പില്‍ പല തവണകളായി ബിനാനിപുരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസിന്റെ വാക്കിലോ നീക്കത്തിലോ സംശയിക്കത്തക്കതായ ഒന്നും ഉണ്ടായിരുന്നില്ല. താഴെ കച്ചവട സ്ഥലത്തുണ്ടായിരുന്നവരോ എതിര്‍വശത്തെ ആരാധനാലയത്തിന്റെ പരിസരത്തുണ്ടായിരുന്നവര്‍ക്കോ എന്തെങ്കിലും പൊലീസ് നടപടി അവിടെ നടക്കുന്നു എന്ന് തോന്നാത്ത വിധത്തിലായിരുന്നു കാര്യങ്ങള്‍ നടന്നത്.


സ്റ്റേഷനിലെത്തിയിട്ടും ഉച്ചവരെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ഉച്ചതിരിഞ്ഞ് സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ പലവിധ ഏജന്‍സികള്‍ വന്നു തുടങ്ങി. വൈകുന്നേരമായപ്പോഴേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ ബിനാനിപുരം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കൈരളി, ഏഷ്യാനെറ്റ് ചാനല്‍ റിപ്പോര്‍ടര്‍മാരും ഒപ്പമെത്തി. പിടിച്ചുവെച്ചിരിക്കുന്നതിന്റെ കാര്യങ്ങള്‍ മനസ്സിലായില്ലെങ്കിലും കാര്യങ്ങള്‍ വഷളായിത്തുടങ്ങുന്നതിന്റെ സൂചനകളായി ഞങ്ങളത് മനസ്സിലാക്കി. രാത്രി ഇരുട്ടിത്തുടങ്ങുന്നതിനു മുമ്പ് ഞങ്ങളെ എല്ലാവരെയും ആലുവ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റി. അവിടെയെത്തിയശേഷം മാറിമാറി ചോദ്യം ചെയ്തു.

നാലോ അഞ്ചോ മണിക്കൂറുകള്‍ ചോദ്യം ചെയ്യലുകള്‍ നീണ്ടു. നേരം ഇരുട്ടി വെളുത്തപ്പോള്‍ അഞ്ചുപേരെ പ്രതികളാക്കുകയും ബാക്കി പതിമൂന്ന് പേരെ വിട്ടയക്കുകയും ചെയ്തു. പൊലീസെത്തുന്ന സമയത്ത് പതിനെട്ടു പേരായിരുന്നു പരിപാടിക്കുണ്ടായിരുന്നത്. 16-ാം തീയതി രാത്രിയോടെ പറവൂര്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി അഞ്ചു പേരെയും റിമാന്റ് ചെയ്തു. ശാദുലി, റാസിക്, അന്‍സാര്‍, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരായിരുന്നു ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍.


അഞ്ചു പേരെയും ആലുവ സബ് ജയിലിലേക്കാണ് കൊണ്ടുപോയത്. ഒരു ദിവസത്തിനു ശേഷം അഞ്ചുപേരെയും അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അറുപത്തഞ്ച് ദിവസത്തെ ജയില്‍വാസത്തിനുശേഷം കേരള ഹൈക്കോടതി അഞ്ചുപേര്‍ക്കും ജാമ്യം നല്‍കി.

പാനായിക്കുളം കേസിന്റെ അന്വേഷണച്ചുമതല ബിനാനിപുരം എസ്.ഐ കെ.എന്‍ രാജേഷിനായിരുന്നു. തുടര്‍ന്ന് ആലുവ സി.ഐ ബാബുകുമാറിന് കൈമാറി. 2008 സെപ്തംബറില്‍ അന്വേഷണം കേരളാ പൊലീസിലെ സ്പെഷല്‍ സ്‌ക്വാഡിന് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മലപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഡി.വൈ.എസ്.പി എസ്. ശശിധരനായിരുന്നു അന്വേഷണച്ചുമതല. 2006ല്‍ വിട്ടയക്കപ്പെട്ട പതിമൂന്നു പേരെക്കൂടി വിവിധ സന്ദര്‍ഭങ്ങളിലായി പുതിയ ടീം അറസ്റ്റ് ചെയ്തു. ഷമീര്‍, അബ്ദുല്‍ ഹക്കീം, നിസാര്‍, ത്വാഹ, നിസാര്‍, അഷ്‌കര്‍, നിസാര്‍, ഹാഷിം, റിയാസ്, നൈസാം, നിസാര്‍, കേസിലെ പരാതിക്കാരനായിരുന്ന റഷീദ് മൗലവി എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്. കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ അന്വേഷണം എന്‍.ഐ.എക്കു കൈമാറി. 2010ലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. കേരളത്തില്‍ എന്‍.ഐ.എ ഏറ്റെടുത്ത ആദ്യ കേസായിരുന്നു പാനായിക്കുളം സിമി കേസ്. കേസിന്റെ തുടക്കത്തില്‍ പരാതിക്കാരനായിരുന്ന റഷീദ് മൗലവിയെ സ്പെഷല്‍ ടീം പ്രതിയാക്കി അറസ്റ്റു ചെയ്തിരുന്നു. കേസ് എന്‍.ഐ.എ ഏറ്റെടുത്തപ്പോള്‍ റഷീദ് മൗലവി മാപ്പുസാക്ഷിയായി.


2010 ഡിസംബര്‍ 31ന് പാനായിക്കുളം കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. 2014 ജൂലൈ 15 ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ പാനായിക്കുളം കേസിന്റെ വിചാരണ ആരംഭിച്ചു. നൂറു സിറ്റിങ്ങുകളിലായി പതിനാറു മാസം നീണ്ടുനിന്ന വിചാരണക്കൊടുവില്‍ 2015 നവംബര്‍ 25 ന് ഒന്നു മുതല്‍ അഞ്ചുവരെ പ്രതികളെ കുറ്റക്കാരെന്ന് പ്രത്യേക കോടതി ജഡ്ജി കെ.എന്‍ ബാലചന്ദ്രന്‍ കണ്ടെത്തി. 2015 നവംബര്‍ 30ന് ശിക്ഷ വിധിച്ചു. ഒന്നും രണ്ടും പ്രതികള്‍ക്ക് പതിനാലു വര്‍ഷവും മൂന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍ക്ക് പന്ത്രണ്ട് വര്‍ഷവുമായിരുന്നു ശിക്ഷ. പ്രതിഭാഗത്തിനു വേണ്ടി അഡ്വക്കറ്റുമാരായ വി.ടി രഘുനാഥ്, എസ്. ഷാനവാസ്, വി.എസ് സലീം, തോമസ് ഐസക്, കെ.പി മുഹമ്മദ് ഷരീഫ്, തുഷാര്‍ നിര്‍മല്‍ സാരഥി തുടങ്ങിയവര്‍ ഹാജരായി. അഡ്വ. പി.ജി മനുവായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍.

തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി 2019 ഏപ്രില്‍ 12ന് കേരള ഹൈക്കോടതി പാനായിക്കുളം കേസ് റദ്ദു ചെയ്തു. ശിക്ഷിക്കപ്പെട്ട അഞ്ചുപേരെ വെറുതെ വിട്ടു. എന്‍.ഐ.എ കോടതി വെറുതെവിട്ട പന്ത്രണ്ട് പേര്‍ക്കെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീലും കോടതി തള്ളി. ജസ്റ്റീസ് എ.എം ഷഫീഖ്, ജസ്റ്റീസ് അശോക് മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വക്കറ്റുമാരായ രാമന്‍ പിള്ള, വി.എസ് സലീം, എസ് ഷാനവാസ്, വി.റ്റി രഘുനാഥ് എന്നിവര്‍ ഹാജരായി.


യോഗം സിമിയുടെ പേരിലായിരുന്നു സംഘടിപ്പിച്ചത് എന്നതിനോ പ്രതികള്‍ സിമിയില്‍ അംഗങ്ങളാണെന്നതിനോ തെളിവുകളില്ല. പിടിച്ചെടുത്ത രേഖകള്‍ നിരോധിക്കപ്പെട്ടതിനു ശേഷം അച്ചടിച്ചതാണെന്നതിന് തെളിവില്ല. നിരോധനത്തിനു മുമ്പുള്ള ലഘുലേഖകള്‍ കൈവശം വെച്ചു എന്നതിന്റെ പേരില്‍ ഒരാള്‍ നിരോധിത സംഘടനയില്‍ അംഗമാണെന്നതിന് തെളിവല്ല. പ്രതികള്‍ ഗൂഢാലോചന നടത്തിയതിനോ രാജ്യത്തിനെതിരെ വിരോധം ഉണര്‍ത്തുകയോ ചെയ്തതിന് തെളിവില്ല. പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ വിചാരണക്കോടതി വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിക്കെതിരെ എന്‍.ഐ.എ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി. നിരോധിത സംഘടനയില്‍ അംഗത്വമുണ്ടായിരിക്കുന്നതു കൊണ്ടു മാത്രം ഒരാളെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ (അരുപ് ഭയ്യാന്‍ V/S സ്റ്റേറ്റ് ഓഫ് ഇന്ത്യ) എന്‍.ഐ.എ നല്‍കിയ റിവ്യൂ ഹരജിയോട് ടാഗ് ചെയ്താണ് പാനായിക്കുളം കേസ് സുപ്രീം കോടതിയിലെത്തിയത്. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതിനു ശേഷമാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്നും ഹൈക്കോടതി ഉത്തരവില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് എന്‍.ഐ.എയുടെ അപ്പീല്‍ തള്ളിയത്. പ്രതി ഭാഗത്തിനു വേണ്ടി അഡ്വ ഹാരിസ് ബീരാന്‍ ഹാജരായി.

TAGS :