യു.എ.പി.എ : നയവും പ്രവൃത്തിയും രണ്ടാകുന്ന സി.പി.എം അപാരത
നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ടവരായിരിക്കെ ഏതെങ്കിലും കേസില്‍ യു.എ.പി.എ ചുമത്തുന്നതില്‍നിന്ന് മാറിനില്‍ക്കാന്‍ പോലീസിനാവുവുമോ? ആവും എന്നതാണുത്തരം. ടാഡയും പോട്ടയും നടപ്പാക്കാതെ കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകള്‍ മാതൃകയായിട്ടുണ്ട്.
ഇടതു വലതു കക്ഷികള്‍ മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ സ്ഥിതി വിശേഷമാണ് പൊതുവില്‍ കേരളത്തിനുള്ളത്. ആ പൊതുവില്‍ നിന്ന് ഭിന്നമായി ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച കിട്ടിയ കാലയളവായിരുന്നു ഇക്കഴിഞ്ഞ പൊതുതെരെഞ്ഞെടുപ്പ്. പല കാരണങ്ങളാല്‍ കൈവന്ന ഭരണത്തുടര്‍ച്ചയുടെ ആഹ്ലാദം നിലനില്‍ക്കുമ്പോള്‍തന്നെ സംസ്ഥാന ഭരണത്തില്‍ ഏറ്റവുമധികം വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെയാണ്. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ വരെ ഈ വിമര്‍ശനം നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്നു.
ക്രമസമാധാനപാലനത്തില്‍ പോലീസ് പരാജയപ്പെട്ടെന്നോ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ നടക്കുന്നു എന്ന തരത്തിലോ സാധാരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണമായിരുന്നില്ല ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനങ്ങള്‍. അത്തരം വിഷയങ്ങള്‍ നിലനില്‍ക്കെത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയനിലപാടുകള്‍ക്ക് എതിരായ യു.എ.പി.എ വിഷയത്തിലെ ഇരട്ടത്താപ്പായിരുന്നു വിമര്‍ശനങ്ങള്‍ക്ക് പ്രധാനമായും കാരണമായത്. പ്രത്യേകിച്ചും പാര്‍ട്ടി അംഗങ്ങളായ രണ്ട് വിദ്യാര്‍ഥികള്‍ക്കുമേല്‍ യു.എ.പി.എ ചുമത്തിയ നിലപാടും വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനുമേല്‍ ചുമത്തിയിരുന്ന യു.എ.പി.എ ഹൈക്കോടതി റദ്ദു ചെയ്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും വലിയ തോതില്‍ വിമര്‍ശന വിധേയമായി. ആഭ്യന്തര വകുപ്പ് കൈയാളുന്ന സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം പോലും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
രാജ്യത്തെ ക്രിമിനല്‍ നിയമ നടപടി ക്രമങ്ങളില്‍ മതിയായ നിയമങ്ങളില്ലാത്തതുകൊണ്ടല്ല മനുഷ്യത്വ വിരുദ്ധമായ പുതിയ നിയമങ്ങള്‍ കേന്ദ്രഭരണകൂടം പൗരന്മാര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നത്.
സ്റ്റേറ്റ് മര്‍ദ്ദനോപകരണമാണെന്ന നിലപാടാണ് മാര്‍ക്‌സിസത്തിനുള്ളത്. ഭരണകൂടം അടിച്ചേല്‍പിക്കുന്ന എല്ലാ മര്‍ദ്ദക നിയമങ്ങള്‍ക്കും തങ്ങള്‍ എതിരാണെന്നാണ് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. യു.എ.പി.എ നിയമഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ അതിനെ എതിര്‍ത്ത് നിലപാടെടുത്തവരാണ് തങ്ങളെന്ന് സഖാക്കള്‍ അഭിമാനിക്കുകയും ചെയ്യുന്നു. നയനിലപാടുകളില്‍ യു.എ.പി.എക്ക് എതിരാണ് കമ്യൂണിസ്റ്റുകള്‍ എന്ന് വ്യക്തം. എന്നാല്‍, പ്രായോഗികതയിലോ? മേല്‍പറഞ്ഞത് വെറും നിലപാട് മാത്രമാണെന്നും നടപടിക്രമങ്ങളില്‍ തങ്ങളും കേന്ദ്രത്തെ പോലെയാണെന്നും ആവര്‍ത്തിച്ച് തെളിയിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും ആഭ്യന്തരവകുപ്പ് കൈയാളുന്ന സി.പി.എമ്മും.
ജനവിരുദ്ധമായ നിയമങ്ങള്‍ നിര്‍മ്മിച്ചതിന്റെ പാപഭാരത്തില്‍നിന്ന് രാജ്യം ഭരിച്ച ഒരു കക്ഷികളും മുക്തരായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസാണ് അതിന് തുടക്കം കുറിച്ചത്. നിയമങ്ങള്‍ ദുരുപയോഗം ചെയ്തതിന്റെ ഭവിഷ്യത്തുകള്‍ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഇന്ത്യന്‍ ജനത നന്നായി അനുഭവിച്ചതാണ്. എന്നിട്ടും രാജ്യം സ്വതന്ത്രമായി അധികാരം ജനങ്ങളുടെ കൈകളിലേക്കുവന്നിട്ടും ബ്രിട്ടന്‍ നടപ്പാക്കിയ ഭീകര നിയമങ്ങള്‍ പലതും അതേപടി നിലനിര്‍ത്തുകയാണ് ചെയ്തത്. എതിര്‍ശബ്ദങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യയില്‍ ഏറ്റമുമധികം പ്രയോഗിച്ചത് ബ്രിട്ടീഷുകാര്‍ തുടങ്ങിയതും നമ്മള്‍ തുടര്‍ന്നതുമായ രാജ്യദ്രോഹ നിയമമായിരുന്നു(124(A)). അതിന്റെ ദുരുപയോഗം അതിരുവിടുന്നു എന്ന ആരോപണം സ്വതന്ത്രഭാരതത്തില്‍ ഒരുപാടു കേട്ടതാണ്. ടാഡയും പോട്ടയും അഫ്‌സ്പയും യു.എ.പി.എയുമൊക്കെ നിയമമാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോഴായിരുന്നു. രാജ്യത്തിന്റെ പൊതുചുറ്റുപാടില്‍നിന്നു ഭിന്നമായി കേരളത്തില്‍ ടാഡയും പോട്ടയുമൊന്നും നടപ്പാക്കിയിരുന്നില്ല. സംസ്ഥാനം ഭരിച്ച ഇടതുവലതു മുന്നണികള്‍ പുലര്‍ത്തിയ നിപാടായിരുന്നു അതിനു കാരണം.
എന്നാല്‍ യു.എ.പി.എയിലേക്കെത്തുമ്പോള്‍ ഈ നിലപാടിന് മാറ്റം വരുന്നതായാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. 1967ലാണ് യു.എ.പി.എ നിയമമാകുന്നത്. നിയമവിരുദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ ആദ്യ ഉദ്ദേശം. പിന്നീട് പല തവണകളായി നടന്ന ഭേദഗതികളാണ് ഇന്നീ കാണുന്ന രൂപത്തിലേക്ക് യു.എ.പി.എയെ എത്തിച്ചത്. 1969, 1972, 1986, 2004, 2008 ഒടുവില്‍ 2019 വര്‍ഷങ്ങളില്‍ ഭേദഗതികളുണ്ടായി. 2006ല്‍ അധികാരത്തില്‍ വന്ന അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ കേരളത്തില്‍ വ്യാപകമായി യു.എ.പി.എ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 2006 ഓഗസ്റ്റില്‍ നടന്ന പാനായിക്കുളം സിമി ക്യാമ്പ് കേസിലും തുടര്‍ന്ന് 2007 മാര്‍ച്ചില്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എഡിറ്റര്‍ ഗോവിന്ദന്‍കുട്ടിക്കെതിരെയും പോലീസ് യു.എ.പി.എ ചുമത്തി. ഇന്ന് ഇന്ത്യയില്‍ത്തന്നെ ഏറ്റവുമധികം യു.എ.പി.എ കേസുകള്‍ ചുമത്തപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
1967 മുതല്‍തന്നെ രാജ്യത്ത് യു.എ.പി.എ ചുമത്തപ്പെടുന്നുണ്ടെങ്കിലും 2014 മുതലാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ(NCRB) യുടെ റിപ്പോര്‍ട്ടുകളില്‍ യു.എ.പി.എ കേസുകള്‍ ഇടംപിടിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം യു.എ.പി.എ ചുമത്തപ്പെടുന്ന കേസുകള്‍ വര്‍ധിക്കുന്നതായാണ് കണക്ക്. 2014ല്‍ 897 കേസുണ്ടായിരുന്നത് 2020ല്‍ 6900 കേസുകളായാണ് ഉയര്‍ന്നത്. മണിപ്പൂര്‍, ജമ്മു& കശ്മീര്‍, അസം സംസ്ഥാനങ്ങലിലാണ് ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ ചുമത്തപ്പെട്ടിട്ടുള്ളത്. ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ഗണ്യമായ തോതില്‍ യു.എ.പി.എ ചുമത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. 2014 ല്‍ 30 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 2016-2021 കാലയളവില്‍ പുതുതായി 145 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇക്കാലയളവില്‍, അതായത് 2016 മുതല്‍ കേരളം ഭരിക്കുന്നത് യു.എ.പി.എയുടെ പ്രഖ്യാപിത ശത്രുക്കളായ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നുകൂടി നാമോര്‍ക്കണം.
കേസുകള്‍ ചുമത്തപ്പെടുമ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള തെറ്റായ സമീപനമാണ് പല കേസുകളിലും യു.എ.പി.എക്ക് കാരണമായതെങ്കില്‍ അതിനെക്കാള്‍ ഗുരുതരമായ വീഴ്ചയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ടവരായിരിക്കെ ഏതെങ്കിലും കേസില്‍ യു.എ.പി.എ ചുമത്തുന്നതില്‍നിന്ന് മാറിനില്‍ക്കാന്‍ പോലീസിനാവുവുമോ? ആവും എന്നതാണുത്തരം. ടാഡയും പോട്ടയും നടപ്പാക്കാതെ കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകള്‍ മാതൃകയായിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ/ മുന്നണിയുടെ ഇച്ഛാശക്തി മാത്രം മതി അതിന്. യു.എ.പി.എ എടുക്കില്ലെന്നതാണ് സി.പി.എം നയം എന്ന് ആ പാര്‍ട്ടി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മുമ്പെങ്ങുമില്ലാത്തവിധം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കേവലഭൂരിപക്ഷമുള്ള ഭരണക്കാലയളവാണിപ്പോഴുള്ളത്. ഘടകകക്ഷികളുടെ സമ്മര്‍ദ്ദംപോലും ഭയക്കാതെ നിലപാടെടുക്കാന്‍ കഴിയുമായിരിുന്നിട്ടും യു.എ.പി.എ വിഷയത്തില്‍ കുറ്റകരമായ നിസംഗതയാണ് പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
നമ്മുടെ രാജ്യം ഫെഡറല്‍ ഘടനയാണ് പിന്‍പറ്റുന്നത്. ഭരണപരമായ കാര്യനിര്‍വഹണങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര അധികാരം (പൂര്‍ണാര്‍ഥത്തിലല്ലെങ്കിലും) ഫെഡറല്‍ ഘടന വകവെച്ചു നല്‍കുന്നുണ്ട്. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഒരു കേസിലും യു.എ.പി.എ ചുമത്തുകയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് നിര്‍ബന്ധമായും അനുസരിക്കേണ്ട ഉത്തരവാദിത്തം പോലീസിനുണ്ട്. അത് ലംഘിക്കുന്നവര്‍ക്കെതിരില്‍ നടപടിയെടുക്കാനും സര്‍ക്കാരിനാവും. (ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളെ മറികടക്കാനാണ് ചില കേസുകള്‍ സ്വമേധയാ ഏറ്റെടുക്കാനുള്ള അധികാരം എന്‍.ഐ.എക്ക് നല്‍കിയത്.) പക്ഷെ, ഇവിടെ എന്‍.ഐ.എ അല്ല; സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കേരളാ പോലീസ് തന്നെയാണ് വ്യാപകമായി യു.എ.പി.എ ചുമത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ നിലപാടിനേക്കാള്‍ കേന്ദ്രത്തോടുള്ള വിധേയത്വമാണോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുള്ളത് എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകാത്ത സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്.
ക്രമസമാധാനപാലനത്തില്‍ പോലീസ് പരാജയപ്പെട്ടെന്നോ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ നടക്കുന്നു എന്ന തരത്തിലോ സാധാരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണമായിരുന്നില്ല ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനങ്ങള്‍.
മുമ്പെടുത്തതും കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്തതുമായ കേസുകളില്‍ പുന:പരിശോധന നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കേസെടുത്തതിനുശേഷം പുന:പരിശോധിക്കപ്പെട്ടാല്‍ അതില്‍ യു.എ.പി.എ മുക്തരാകുന്ന എത്ര കേസുകളുണ്ടാവും? അനുകൂലമായി സംസാരിക്കപ്പെടുന്നതുപോലും 'പ്രിവിലേജു'ള്ളവര്‍ക്കുമാത്രം ലഭ്യമാവുന്ന ഒന്നാണെന്നതാണ് സത്യം. അത്തരം ആളുകള്‍ക്ക് പുനപരിശോധന വെറും പ്രഹസനം മാത്രമായിരിക്കും. തൊട്ടാല്‍ കൈപൊള്ളുന്ന, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട ഒന്നാണ് യു.എ.പി.എ എന്നുതന്നെയാണ് സംസ്ഥാന ഭരണകൂടം ഇപ്പോഴും വിശ്വസിക്കുന്നത. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസുകളുമായി ബന്ധപ്പെട്ട് വടകര എം.എല്‍.എ കെ.കെ രമ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാകയാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഒരു ജനപ്രതിനിധിക്കുപോലും വിവരമറിയല്‍ അപ്രാപ്യമായ വിഷയങ്ങളില്‍ ഒരു സാധാരണപൗരന് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നതുപോലും മൗഢ്യമാണ്. യു.എ.പി.എ ചുമത്തപ്പെട്ടതിനുശേഷം പുനപരിശോധിക്കുന്നതിനെക്കാള്‍ മനുഷ്യവിരുദ്ധമായ നിയമങ്ങള്‍ ചുമത്തപ്പെടാതിരിക്കാനാണ് ജാഗ്രതയുണ്ടാവേണ്ടത്.
യു.എ.പി.എ വിഷയത്തില്‍ സി.പി.എം മാത്രമല്ല, ഇവിടെയുള്ള മിക്ക രാഷ്ട്രീയകക്ഷികളും ഒരുപോലെ കുറ്റക്കാരാണെന്നതാണ് വാസ്തവം. മതപണ്ഡിതനായ ശംസുദ്ദീന്‍ പാലത്തിനെതിരെ കേരള പോലീസ് യു.എ.പി.എ ചുമത്തിയ വിഷയം കേരള നിയമസഭയില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉന്നയിച്ചപ്പോള്‍ യു.എ.പി.എ ചുമത്തുന്നത് തങ്ങളുടെ നയമല്ലെന്നും ഭീകരതക്കെതിരെ ചുമത്തുന്ന വകുപ്പാണതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഭീകരതക്കെതിരെ അത്തരം നിയമങ്ങള്‍ ചുമത്തുന്നതില്‍ തങ്ങള്‍ എതിരല്ലെന്നും മതപണ്ഡിതന്റെ കാര്യത്തിലാണ് വിഷയം സഭയില്‍ ഉന്നയിച്ചതെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി മറുപടിയായി സഭയില്‍ പറഞ്ഞത്. യു.എ.പി.എ ഉള്‍പ്പെടെയുള്ള മനുഷ്യവിരുദ്ധനിയമങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുന്നത് അധികമായും മുസ്‌ലിംകളും ആദിവാസികളും ദളിതുകളും മാവോയിസ്റ്റുകളുമാണ് എന്നറിയാത്തതുകൊണ്ടോ യു.എ.പി.എ വ്യാപകമായി ദുരുപയോഗം (ഉപയോഗം തന്നെ തെറ്റായിരിക്കെ ദുരുപയോഗം എന്ന പ്രയോഗം ശരിയാണോ എന്നറിയില്ല) ചെയ്യപ്പെടുന്നുണ്ട് എന്നറിയാത്തതുകൊണ്ടോ ആയിരിക്കില്ല ഇരുവരും സമാനമായ പ്രസ്താവനകള്‍ നടത്തി സായൂജ്യമടഞ്ഞത്. മുദ്രാവാക്യം വിളിച്ചതിനും ലഘുലേഖ കൈവശം വെച്ചതിനും യോഗം ചേര്‍ന്നതിനുമൊക്കെയാണ് കേരളത്തില്‍ ഏറ്റവുമധികം യു.എ.പി.എ ചുമത്തപ്പെട്ടത്. എന്താണ് ഭീകരത എന്നു മനസ്സിലാക്കാതെ ഭരണകൂടം അടിച്ചേല്‍പിക്കുന്ന ഭീകരവിരുദ്ധ നിലപാടിനൊപ്പം നില്‍ക്കണമെന്ന നമ്മുടെ പൊതുബോധത്തിന്റെ ബഹിര്‍സ്ഫുരമാണ് അവിടെക്കണ്ടത്.
യു.എ.പി.എ വിഷയത്തില്‍ സി.പി.എം മാത്രമല്ല, ഇവിടെയുള്ള മിക്ക രാഷ്ട്രീയകക്ഷികളും ഒരുപോലെ കുറ്റക്കാരാണെന്നതാണ് വാസ്തവം.
കേസുകള്‍ ചുമത്തപ്പെടുമ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള തെറ്റായ സമീപനമാണ് പല കേസുകളിലും യു.എ.പി.എക്ക് കാരണമായതെങ്കില്‍ അതിനെക്കാള്‍ ഗുരുതരമായ വീഴ്ചയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. രൂപേഷിനെതിരില്‍ വളയം, കുറ്റ്യാടി പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ നടപടക്രമം പാലിച്ചില്ലെന്നു കണ്ട് കേരള ഹൈക്കോടതി രൂപേഷിനെതിരില്‍ ചുമത്തിയിരുന്ന യു.എ.പി.എ റദ്ദ് ചെയ്തു. എന്നാല്‍ യു.എ.പി.എ ഒഴിവാക്കിയ നടപടി സാങ്കേതികം മാത്രമാണെന്നും അത് പുനസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ടാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റീസ് എം.ആര്‍ ഷാ, ബി.വി നാഗരത്‌ന എന്നിവരുടെ ബെഞ്ച് കേസ് പരിഗണിക്കുകയും കക്ഷികള്‍ക്ക് നോട്ടീസയക്കുകയും ചെയ്തു. സി.പി.എം കേന്ദ്ര നേതൃത്വം ഇതിനെതിരെ രംഗത്തു വന്നതോടെ ഹരജി പിന്‍വലിക്കാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
രാജ്യത്തെ ക്രിമിനല്‍ നിയമ നടപടി ക്രമങ്ങളില്‍ മതിയായ നിയമങ്ങളില്ലാത്തതുകൊണ്ടല്ല മനുഷ്യത്വ വിരുദ്ധമായ പുതിയ നിയമങ്ങള്‍ കേന്ദ്രഭരണകൂടം പൗരന്മാര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നത്. യു.എ.പി.എ ഭേദഗതി പാര്‍മെന്റില്‍ വന്നപ്പോള്‍ നിങ്ങള്‍ ഭീകരരോടൊപ്പമാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അവസരമാണിതെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. മത ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും മാര്‍ക്‌സിസ്റ്റുകള്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരില്‍ ഹിന്ദുത്വ ഭരണകൂടം വ്യാപകമായി ചുമത്തുന്ന വകുപ്പാണിത് എന്ന തിരിച്ചറിവാണ് പൗരാവകാശങ്ങള്‍ക്കൊപ്പം നിലകൊള്ളാനാഗ്രഹിക്കുന്ന സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുണ്ടാകേണ്ടത്. അതുണ്ടായില്ലെങ്കില്‍ താത്വികമായി എന്തു നിലപാട് സ്വീകരിച്ചാലും, പ്രായോഗികമായി യു.എ.പി.എ എന്ന മനുഷ്യവിരുദ്ധ നിയമത്തിന്റെ പക്ഷത്തുതന്നെയാണ് ഇവര്‍ എന്നു വിലയിരുത്തേണ്ടി വരും.