Quantcast
MediaOne Logo

ബിജു ഗോവിന്ദ്

Published: 24 Nov 2023 10:43 AM GMT

കാതല്‍: അനുരാഗധാരയിലെ വേറിട്ട വഴികള്‍

ക്യൂര്‍ സമൂഹം കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രതിസന്ധികളെ സാധാരണ പ്രേഷകന് മനസ്സിലാകുന്ന രീതിയില്‍ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.

കാതല്‍ ദി കോര്‍.
X

'എന്റെ ദൈവമേ' എന്ന് വിളിച്ചുകൊണ്ട് മാത്യു ദേവസ്സി (മമ്മൂട്ടി) തന്റെ ഭാര്യയായ ഓമനയുടെ (ജ്യോതിക) ചുമലിലേക്ക് ചായുന്നൊരു സീനുണ്ട് കാതല്‍ ദി കോര്‍ ന്റെ ഏതാണ്ട് അവസാന ഭാഗത്ത്. നിസ്സഹായനായ ഒരു ക്യൂര്‍ മനുഷ്യന്റെ ദയനീയത പ്രതിഫലിക്കുന്നതായിരുന്നു ആ സീന്‍.

അപരവത്കരിക്കപ്പെട്ട ക്യൂര്‍ സമൂഹത്തെ അപഹസിക്കുക മാത്രം ചെയ്തിട്ടുള്ള മലയാള സിനിമാ ചരിത്രത്തില്‍ വേറിട്ടൊരു അടയാളപ്പെടുത്തലാണ് കാതല്‍. ക്യൂര്‍ മനുഷ്യരുടെ ഉള്ളിലെരിയുന്ന നെരിപ്പോടുകളെ തുറന്നുകാട്ടുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്. ദാമ്പത്യമെന്നാല്‍ സ്ത്രീ-പുരുഷ ബന്ധം മാത്രമാണെന്ന പരമ്പരാഗത യാഥാസ്ഥിതിക ചിന്തകളെ തള്ളികളഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ക്യൂര്‍ സമൂഹത്തെ അവഹേളിക്കുന്ന തരത്തിലും, അവര്‍ മനോരോഗികളാണെന്ന് വരുത്തി തീര്‍ക്കുന്നതിനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുവരുന്ന കാലത്താണ് അത്തരം ജീവിതങ്ങളെ ഒരു രാഷട്രീയ വിഷയമായി ജിയോ ബേബി ഉയര്‍ത്തി കാണിക്കുന്നത്. ക്യൂര്‍ സമൂഹം കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രതിസന്ധികളെ സാധാരണ പ്രേഷകന് മനസ്സിലാകുന്ന രീതിയില്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

താന്‍ ഇല്ലാതാക്കിയത് രണ്ടു വ്യക്തികളുടെ ജീവിതമാണെന്ന ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചാച്ചന്റെ തുറന്നുപറച്ചില്‍ ക്യൂര്‍ മനുഷ്യരെ 'നന്നാക്കാന്‍' കുടുംബം അവരോട് കാണിക്കുന്ന വയലന്‍സിനെ ചൂണ്ടിക്കാണിക്കുന്നതാണ്. ഗേയും ലെസ്ബിയനുമായ മനുഷ്യരെ ഹെട്രോ സെക്ഷ്വല്‍ വിവാഹത്തിന് നിര്‍ബന്ധിതരാക്കിയാല്‍ അവരെ 'ശരിയാക്കാമെന്ന' ധാരണയെ ഭംഗിയായി പൊളിക്കുന്നുണ്ട് കാതല്‍.

ഹെട്രോ സെക്ഷ്വലായ ഒരു മനുഷ്യന്‍ അയാളുടെ ഐഡന്‍ഡിറ്റിയുള്ള ആളെ പാര്‍ട്ണറായി സ്വീകരിക്കാതിരിക്കുന്നതില്‍ ഒരസ്വാഭാവികതയും പൊതുബോധത്തിന് തോന്നാറില്ല. പക്ഷെ, ഒരു ക്യൂര്‍ മനുഷ്യന്‍, അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സെക്ഷ്വല്‍ ഐഡന്‍ഡിറ്റിയുള്ള ആളെ തെരഞ്ഞെടുക്കാന്‍ പാടില്ലായെന്ന തരത്തിലാണ് നമ്മുടെ കുടുംബ സംവിധാനങ്ങളും പൊതുബോധവും നിര്‍മിച്ചുവച്ചിരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രം. ഓമനയെ വിവാഹം കഴിക്കുകയെന്നത് അയാളുടെ ആഗ്രഹമായിരുന്നില്ല. മറിച്ച്, മകന്‍ ഗേ ആണെന്ന് തിരിച്ചറിഞ്ഞ മാത്യു ദേവസിയുടെ പിതാവ്, അതില്‍ നിന്നും അവനെ പിന്തിരിപ്പിച്ച് 'നേര്‍വഴിക്ക് ' നടത്താനുള്ള വഴിയായി കണ്ടത് ഒരു പെണ്‍കുട്ടിയുമായുള്ള അവന്റെ വിവാഹമായിരുന്നു. താന്‍ ഇല്ലാതാക്കിയത് രണ്ടു വ്യക്തികളുടെ ജീവിതമാണെന്ന ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചാച്ചന്റെ തുറന്നുപറച്ചില്‍ ക്യൂര്‍ മനുഷ്യരെ 'നന്നാക്കാന്‍' കുടുംബം അവരോട് കാണിക്കുന്ന വയലന്‍സിനെ ചൂണ്ടിക്കാണിക്കുന്നതാണ്. ഗേയും ലെസ്ബിയനുമായ മനുഷ്യരെ ഹെട്രോ സെക്ഷ്വല്‍ വിവാഹത്തിന് നിര്‍ബന്ധിതരാക്കിയാല്‍ അവരെ 'ശരിയാക്കാമെന്ന' ധാരണയെ ഭംഗിയായി പൊളിക്കുന്നുണ്ട് കാതല്‍.

ക്യൂര്‍ ഫോബിക് അല്ലാത്ത കഥാപാത്രങ്ങളാണ് അധികവും സിനിമയിലുടനീളം പ്രേഷകരോട് സംസാരിക്കുന്നത്. മാത്യു ദേവസസ്സിക്കെതിരെ ഓമന വിവാഹമോചനത്തിന് കേസ് കൊടുക്കുന്നതോടെയാണ് അയാള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പുറം ലോകമറിയുന്നത്. വിചാരണവേളയില്‍ ഓമനയുടെ അഭിഭാഷക അഡ്വ. അമീര (മുത്തുമണി) എന്ന മുസ്ലിം കഥാപാത്രം നടത്തുന്ന വിസ്താരം എടുത്തു പറയേണ്ടതാണ്.

ആ കഥാപാത്രം വര്‍ത്തമാനകാലത്ത് യാദൃച്ഛികമാകാന്‍ സാധ്യതയില്ല. ക്യൂര്‍ മനുഷ്യര്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കുന്നത് പൊതുസമൂഹത്തെ ഭയപ്പെട്ടിട്ട് തന്നെയാണ്. മാത്യു ദേവസ്സിയും അതില്‍ വ്യത്യസ്ഥനല്ല. അതുകൊണ്ടു തന്നെ താന്‍ ഗേ അല്ലായെന്നും തങ്കനുമായി സ്വാഭാവിക പരിചയം മാത്രമേ ഉള്ളൂവെന്നുമാണ് അദ്ദേഹം കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ, ഒട്ടും ക്യൂര്‍ഫോബിക് ആകാതെ, അധിക്ഷേപങ്ങളില്ലാതെ മാത്യു ദേവസ്സി ഒരു ഗേ ആണെന്നും അതൊരു തെറ്റല്ലെന്നും അഡ്വ. അമീര സ്ഥാപിക്കുന്നുണ്ട്. ഇരുപത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ നാലു തവണ മാത്രമാണ് ഓമനയുമായി മാത്യു ദേവസി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അത് തന്റെ നിര്‍ബന്ധത്തിലാണെന്നുമുള്ള ഓമനയുടെ തുറന്നു പറച്ചില്‍, സമൂഹം കല്‍പ്പിച്ച് നല്‍കുന്നത് മാത്രമല്ല ലൈംഗികതയെന്ന് സ്ഥാപിക്കലും കൂടിയാണ്. സിനിമ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ വിജയം കൂടിയാണത്.

തന്റെ ഭര്‍ത്താവിന്റെത് ഗേ ഐഡന്‍ഡിറ്റിയാണെന്ന് കോടതിയില്‍ സ്ഥാപിക്കുന്നത് വിവാഹമോചനം നേടാന്‍ വേണ്ടി മാത്രമല്ലായെന്ന് ഓമന മാത്യുവിനോട് പറയുന്നൊരു സീനുണ്ട് ഈ സിനിമയില്‍. 'എനിക്ക് മാത്രം മതിയോ രക്ഷപെടല്‍ മാത്യുവിനും രക്ഷപ്പെടണ്ടേ.' അതൊരു രാഷ്ട്രീയ ചോദ്യമാണ്. ആ രക്ഷപെടലാണ് സിനിമയുടെ കഥാന്ത്യം.

ആസന്നമായ ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാത്യു ദേവസി മത്സരിക്കുന്നുണ്ട്. പുരാതന കത്തോലിക്ക കുടുംബാംഗമാണദ്ദേഹം. സഭാ വിശ്വാസികളുടെ പൊതുബോധവും മതശാസനയും ക്യൂര്‍ മനുഷ്യരെ അംഗീകരിക്കാത്തതാണെന്ന് ഇടതുപക്ഷത്തിനറിയാം. ലൈംഗികതയിലെ ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോഴും വോട്ട് ബാങ്കുകളെ പാര്‍ട്ടിയും ഭയപ്പെടുന്നുണ്ട്.

മാത്യു ദേവസ്സിയുടെ ഗേ പാര്‍ട്ണറായ തങ്കന്‍ (സുധി കോഴിക്കോട്) എന്ന കഥാപാത്രം ശ്രദ്ധേയമാണ്. തെറ്റില്ലാത്ത സാമ്പത്തിക ശേഷിയുള്ള ആളാണ് മാത്യു ദേവസി. തങ്കന്‍ സാധാരണക്കാരനാണ്. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തി ഉപജീവനം നടത്തുന്നയാള്‍. സമൂഹത്തിന്റെ എല്ലാ അധിക്ഷേപങ്ങളും എപ്പോഴും ഏറ്റുവാങ്ങുന്നത് ഇത്തരം അവസ്ഥയിലുള്ള ക്യൂര്‍ മനുഷ്യരാണ്. പല ഘട്ടങ്ങളിലേയും തങ്കന്റെ ദയനീയത പ്രേഷകരുടെ മനസ്സില്‍ നോവാകുന്നുണ്ട്.

സിനിമയില്‍ കുട്ടികളായ രണ്ട് കഥാപാത്രങ്ങളുണ്ട്. മാത്യു ദേവസ്സിയുടെ മകളും തങ്കന്റെ സഹോദരിയുടെ മകനും. രണ്ടു പേരും വിദ്യാര്‍ഥികള്‍. ഗേ എന്നത് ഒരു ലൈംഗിക അസ്ഥിത്വമാണെന്ന് അവര്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നത് ക്യൂര്‍ മനുഷ്യര്‍ക്കുള്ള ഭാവി ജീവിതത്തിലെ സാമൂഹ്യ പിന്തുണയായി വ്യാഖ്യാനിക്കാം. ലൈംഗികതയ്ക്ക് പാരമ്പര്യ സങ്കല്‍പങ്ങള്‍ക്കപ്പുറവും മനുഷ്യ ചോദനകള്‍ ഉണ്ടെന്നത് പുതിയ കാലത്തിന്റെ രാഷ്ട്രീയ ബോധ്യം കൂടിയാണല്ലോ.


കലുഷിതമായ കുടുംബാന്തരീക്ഷത്തിലും വയലന്‍സില്ലാതെ കഥ പറഞ്ഞുവെന്നതാണ് കാതലിന്റെ മറ്റൊരു മേന്‍മ. ലൈംഗികത മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണെന്നിരിക്കെ അതിന്റെ നിഷേധത്തിലുണ്ടാകുന്ന പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും ചെറുതായിരിക്കില്ല. തന്റെ ഭര്‍ത്താവിന്റെത് ഗേ ഐഡന്‍ഡിറ്റിയാണെന്ന് കോടതിയില്‍ സ്ഥാപിക്കുന്നത് വിവാഹമോചനം നേടാന്‍ വേണ്ടി മാത്രമല്ലായെന്ന് ഓമന മാത്യുവിനോട് പറയുന്നൊരു സീനുണ്ട് ഈ സിനിമയില്‍. 'എനിക്ക് മാത്രം മതിയോ രക്ഷപെടല്‍ മാത്യുവിനും രക്ഷപ്പെടണ്ടേ.' അതൊരു രാഷ്ട്രീയ ചോദ്യമാണ്. ആ രക്ഷപെടലാണ് സിനിമയുടെ കഥാന്ത്യം.

TAGS :