Quantcast
MediaOne Logo

സിനുമോന്‍ കെ.വി

Published: 11 Oct 2024 7:13 AM GMT

മൂന്നാംമുറ | Short Story

| കഥ

മൂന്നാംമുറ | Short Story
X

ഇരുട്ടിനൊപ്പം അള്ളിപ്പിടിച്ചൊരു കരച്ചിലും കയറിവന്ന രാത്രി കഴിഞ്ഞുള്ള പകലിലാണ് പഴയ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഗോപിസാറിന്റെ പറമ്പിന്റെ അതിരിലെ ഇടവഴില്‍ക്കൂടി പൊലീസ് നായ ബ്രിജിത്തയുടെ വീട്ടുമുറ്റത്തേക്ക് ഓടിവന്നത്. പിന്നെയത് കൈലാസപുരത്തെ അരിമില്ലിന്റെ പുറകിലൂടെ ഓടി വലിയതോടിന്റെ കരയില്‍ ചെന്നു നിന്നെന്നറിഞ്ഞു.

ബ്രിജിത്ത അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. വലിയപള്ളിയില്‍ മൂന്നുനോമ്പ് പെരുന്നാളിന് മുടിനേര്‍ച്ച എടുത്തു വന്നശേഷം തലേദിവസം ഇട്ടിമുതലാളീടെ വീട്ടീന്ന് കിട്ടിയ ചക്കപ്പഴം അടയുണ്ടാക്കാന്‍ കുഴച്ചുവെച്ചിട്ട് എടനയില പറിക്കാന്‍ പുത്തന്‍പുരയില്‍ പോയിരിക്കുവായിരുന്നു.

കൂഴയാണെങ്കിലും തേന്‍വരിക്കയുടെ മധുരമാണതിന്. ഒരുമാസം മുന്‍പാണ്, പതിവുപോലെ ഇട്ടിമുതലാളി ഉച്ചയുറക്കവും കഴിഞ്ഞ് അതിയാന്റെ തോക്കും മിനുക്കി ഉമ്മറത്തിരിക്കുന്ന സമയം. ബ്രിജിത്ത അവിടെ മുറ്റമടിക്കുവായിരുന്നു. മുതലാളി തോക്കെടുത്ത് പ്ലാവേലോട്ട് ഉന്നം വെച്ചോണ്ട് പറഞ്ഞു,

''ചക്കയൊക്കെ മൂത്തല്ലോടീ, കുത്തുകൊള്ളാറായോ? മധുരമുള്ള ചുളയാ അതിന്.'

അതിയാന്‍ മറ്റെന്തോകൂടി മനസ്സിലുദ്ദേശിച്ചെങ്കിലും അവളതിന് മറുപടിയൊന്നും പറയാന്‍ പോയില്ല. മുതലാളി ചിറി കോട്ടി കാജാ ആഞ്ഞുവലിച്ച് പുകയൂതിക്കൊണ്ട് ഉന്നം ബ്രിജിത്തയിലേക്ക് മാറ്റിപിടിച്ചു.

പണ്ടെങ്ങാണ്ട് മുതലാളീടെ വേട്ടക്കമ്പം കണ്ടിട്ട് പുല്‍പ്പള്ളിയിലുള്ള ഏതോ സ്‌നേഹിതന്‍ സമ്മാനിച്ചതാണ് ആ തോക്ക്. എങ്കിലും ബ്രിജിത്തയുടെ ഓര്‍മയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്തക്കുന്നുംപുറത്ത് വെട്ടാന്‍ കൊണ്ടുവന്നപ്പോ വിരണ്ടോടിയ പോത്തിനെ വെടിവെച്ചതല്ലാതെ പിന്നീടൊരിക്കലും അതുപയോഗിച്ചതായി അറിവില്ല. എന്നതാണേലും ഹാളില്‍ ഇട്ടിമുതലാളീടെ അപ്പന്‍ അവറാന്‍ വല്ല്യപ്പന്റെ ചിരിച്ചുനില്‍ക്കുന്ന പടത്തിന് താഴെ വീട്ടിതടിയില്‍ കടഞ്ഞ പെട്ടിക്കുള്ളില്‍ നിന്നും എന്നുമതെടുത്ത് തൂത്തുതുടച്ച് വെക്കുന്നത് കണ്ടാല്‍ മുതലാളിക്ക് സ്വന്തം മക്കളേക്കാള്‍ അതിനെയാണ് സ്‌നേഹമെന്ന് തോന്നും. അക്കാര്യത്തില്‍ അങ്ങേര്‍ക്കും യാതൊരു സംശയവുമില്ലായിരുന്നു. കാരണം, മുതലാളിയുടെ തന്നെ ഭാഷയില്‍ ഡേവിഡിനും മുന്‍പുണ്ടായ തന്റെ മൂത്തമകനാണത്.

പെരുന്നാളാണ് എന്നതല്ലാതെ ബ്രിജിത്തയ്ക്കതൊരു സാധാരണ ദിവസമായിരുന്നെങ്കിലും നാട്ടുകാരുമൊത്തം പിഷാരടിയുടെ മണ്ണെടുത്ത് താഴ്ത്തിയ പറമ്പില്‍കണ്ട അഞ്ജാതന്റെ ശവം മണത്തോടിയ പൊലീസ് നായയുടെ പുറകെ ആയിരുന്നു. പണ്ട് ആനിമോളുടെ കാര്യത്തിലുണ്ടായപോലെ കരക്കമ്പി കുറേ കേട്ടു.

സര്‍പ്പക്കാവിന്റെ എതിര്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പെമ്പ്രന്നോരെ വെച്ചായിരുന്നു ചില കഥകള്‍. അവരുടെ വീട്ടില്‍ ഇടയ്ക്കിടെ വന്നിരുന്ന ആരോ ആണതെന്ന് ചിലര്‍ പറഞ്ഞു. അതല്ല ചിട്ടിക്കാരന്‍ സോമന്റെ നോട്ടിരട്ടിപ്പിക്കല്‍ ഏര്‍പ്പാടുമായി ബന്ധപ്പെട്ട ഏതാണ്ട് കേസാണെന്ന് വേറേ ചിലരും പറഞ്ഞു.

നേരിട്ട് കണ്ടിട്ടില്ലെങ്കിലും വാടകവീട്ടിലെ ആ സ്ത്രീയേക്കുറിച്ച് അത്രനല്ല അഭിപ്രായമായിരുന്നില്ല മുന്‍പും കേട്ടിട്ടുള്ളത്. ബ്രിജിത്ത അവരുടെ മകളെ മാത്രമാണ് കണ്ടിട്ടുള്ളത്. അതും രണ്ടാഴ്ച മുന്‍പ് തുണി അലക്കാന്‍ വലിയതോട്ടില്‍ ചെന്നപ്പോള്‍.

ചന്തക്കുന്നുംപുറത്തെ കൊച്ചുകുഞ്ഞു ചേട്ടന് തോട്ടുവക്കത്ത് കുറച്ചു പറമ്പുണ്ട്. അതിന്റെ അരികില്‍ തോട്ടിലേക്കിറങ്ങാനൊരു കടവും. അവിടാകുമ്പോള്‍ ചെളി കുറവായതുകൊണ്ട് വെള്ളം കലങ്ങത്തില്ല. ബ്രിജിത്ത ചെല്ലുമ്പോള്‍ ഇപ്പറഞ്ഞ കൊച്ചവിടെ തുണി ഊരിപ്പിഴിഞ്ഞ ബക്കറ്റും അടുത്തുവെച്ച് അലക്കുകല്ലേലിരുന്ന് സ്വപ്നം കാണുവായിരുന്നു. ആനിമോളുടെ പ്രായമാണെങ്കിലും അതിന്റെ മുഖത്തൊരു തെളിച്ചമില്ലാത്തപോലെ തോന്നി. ബ്രിജിത്തയെ കണ്ടപാടെ കൊച്ച് തുണിമാറി കുളിക്കാനിറങ്ങി. മോട്ടോര്‍ കുഴിയുടെ അങ്ങോട്ടേക്ക് ആ കൊച്ച് നീന്തുന്ന കണ്ടപ്പോളാണ് അവിടെ ആഴം കൂടുതലാണെന്ന് ബ്രിജിത്ത താക്കീത് ചെയ്തത്.


''അങ്ങോട്ടേക്ക് പോയാല്‍ ചത്തുപോകുവോ?'' എന്നാണ് എടുത്തവായില്‍ കൊച്ച് തിരിച്ചു ചോദിച്ചത്.

ബ്രിജിത്ത അതിനെ പതിയെ അടുത്തേക്ക് വിളിപ്പിച്ചു. സംസാരിക്കുമ്പോള്‍ അത് കണ്ണില്‍ നോക്കിയില്ല. കടവും പുഴയും കുറേ വിഴുപ്പും വിയര്‍പ്പും ഉച്ചവെയിലില്‍ ഏറ്റുവാങ്ങി.

അന്ന് രാത്രിയില്‍ ആനിമോളും ചാച്ചനും വീണ്ടും വന്നു. ചന്ദ്രികടീച്ചറുടെ പറമ്പില്‍ ആടിനെ തീറ്റിക്കാന്‍പോയ മോളൂനെ പിറ്റേന്ന് പൊട്ടക്കിണറ്റീന്ന് കിട്ടുമ്പോള്‍ ഉണ്ടായിരുന്ന രണ്ടുകാലുള്ള ഏതോ പേപ്പട്ടി കടിച്ച പാട് മുഖത്തങ്ങനെ തന്നെ മായാതെ കിടപ്പുണ്ടായിരുന്നു. മോളു പോയിക്കഴിഞ്ഞ് കുറച്ചുനേരം കൂടി ഇച്ചായന്‍ ഉമ്മറത്ത് ദെണ്ണിച്ചിരുന്നു.

''ഞാനൊരു കഴിവുകെട്ട തന്തയാ അല്ലേടീ'' എന്നുംപറഞ്ഞ് അന്നത്തേപ്പോലെ ഫ്യൂരിഡാന്റെ പൊതിയുമെടുത്ത് വെളുക്കും മുന്‍പേ അതിയാനും പറമ്പിലേക്ക് നടന്നുപോയി.

വലിയപള്ളീലെ പ്രദക്ഷിണം ചന്തേടവിടത്തെ കപ്പേളേന്ന് തിരിച്ചുപോകുന്ന വൈകുന്നേരം മുത്തിയമ്മയെക്കണ്ട് മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടു വരുമ്പോളാണ് മറ്റേ കൊച്ചിനെ ബ്രിജിത്ത വീണ്ടും കാണുന്നത്. സന്ധ്യമയങ്ങിയ നേരത്ത് ഈ കൊച്ചിതെന്നാ വഴീല് നില്‍ക്കുന്നതെന്നോര്‍ത്ത് ആദ്യം അത്ഭുതപ്പെട്ടു. ധൈര്യം കൊടുത്ത് കുറേ നിര്‍ബന്ധിച്ച ശേഷമാണ് പേടിച്ചുപേടിച്ച് അതതിന്റെ വീട്ടിലേക്ക് പോയത്.

മുറ്റമടി കഴിഞ്ഞ് സന്ധ്യക്ക് മുറിച്ചുവെച്ച ചക്കപ്പഴം മേടിക്കാന്‍ ബ്രിജിത്ത നേരെ ഇട്ടിമുതലാളിയുടെ വീട്ടിലേക്ക്‌പോയി. വല്ല്യമ്മച്ചി ഒഴികെ അവിടുള്ളവരെല്ലാം പ്രദക്ഷിണം കൂടാന്‍ പോയിരുന്നു. വല്ല്യമ്മച്ചിയെക്കണ്ട് നേര്‍ച്ചയും കൊടുത്തിട്ട് ചക്ക എടുത്തോണ്ട് ബ്രിജിത്ത പോന്നു. ഹാളില്‍ കരിവീട്ടിയില്‍ പണിത പെട്ടിക്ക് മുകളില്‍ അവറാന്‍ വല്ല്യപ്പന്‍ ചിരിച്ചു തന്നെ നില്‍പ്പുണ്ടായിരുന്നു.

ആ രാത്രിയിലാണ് ഇരുട്ടിനൊപ്പം അള്ളിപ്പിടിച്ച കരച്ചിലും കയറിവന്നത്. ബ്രിജിത്ത ഉറങ്ങാതെ കാതോര്‍ത്തു കിടക്കുകയായിരുന്നു. ഗോപിസാറിന്റെ പറമ്പിന്റെ അതിരിലെ തൊണ്ടിലൂടെ അവള്‍ ആഞ്ഞുനടന്നു.

അന്ന് നിലാവില്‍ അപരിചിതന്റെ നെഞ്ചുരുമിയ ലോഹമിപ്പോള്‍ വലിയതോട്ടിലെ മോട്ടോര്‍കുഴിയില്‍ തുരുമ്പെടുത്തു തുടങ്ങിയിരിക്കും. പ്രദക്ഷിണം പള്ളിയില്‍ ചെന്നുകയറിയതിന്റെ വെടിക്കെട്ടവിടെ തുടങ്ങിയിരുന്നു. ഇവിടെ പിഷാരടിയുടെ മണ്ണെടുത്തു താഴ്ത്തിയ പറമ്പില്‍ കരഞ്ഞ് കണ്ണുകലങ്ങിയ പെണ്‍കുട്ടിയെ സാക്ഷിനിര്‍ത്തി മറ്റൊരു പേപ്പട്ടിക്കു നേരേ ബ്രിജിത്ത ഇട്ടിമുതലാളിയുടെ മൂത്തമകന്റെ കാഞ്ചിവലിച്ചു.


TAGS :