കനത്ത മഴ; വയനാട്ടില്‍ വ്യാപക കൃഷിനാശം
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ മഴയാണ് കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ വയനാട് ജില്ലയില്‍ ലഭിച്ചത്.
വയനാട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പെയ്ത മഴയില്‍ വ്യാപക കൃഷി നാശം. വാഴ കര്‍ഷകരെയാണ് മഴ കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയാണ് വ്യാപക കൃഷി നാശമുണ്ടായത്.
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പെയ്ത മഴയാണ് വാഴ കര്‍ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ മഴയാണ് കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ വയനാട് ജില്ലയില്‍ ലഭിച്ചത്. കല്‍പറ്റ, മാനന്തവാടി, പനമരം മേഖലയിലാണ് വാഴ കൃഷി വ്യാപകമായി നശിച്ചത്. മിക്കയിടങ്ങളിലും കൃഷിയിടത്തില്‍ വെള്ളം കയറിയാണ് വലിയ നാശനഷ്ടമുണ്ടായിരിക്കുന്നത്. വെള്ളം കയറാത്ത മേഖലയില്‍ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ വാഴകള്‍ മറിഞ്ഞു വീണുമാണ് നഷ്ടമുണ്ടായത്. വെള്ളം ഇറങ്ങിയാലും വാഴക്ക് ചീച്ചില്‍ ബാധിക്കുമെന്നതിനാല്‍ ഇത്തവണത്തെ കൃഷി പൂര്‍ണമായും നഷ്ടത്തിലാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
വയനാട് ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ 183 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായാണ് ഔദ്യോഗിക കണക്ക്. കാര്‍ഷിക മേഖലയില്‍ 6.86 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. കൃഷി നാശമുണ്ടായ മേഖലകളില്‍ ഒട്ടുമിക്ക കര്‍ഷകരും വിളകള്‍ ഇന്‍ഷുറന്‍സ് ചെയാത്തതും കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. കൃഷി നാശത്തിന്റെ കൃത്യമായ കണക്ക് അധികാരികള്‍ക്ക് സമര്‍പ്പിച്ചാലും നഷ്ടപരിഹാരം ലഭിക്കാറിലെന്നും അനര്‍ഹരായവര്‍ക്കാണ് അധികാരികള്‍ നഷ്ടപരിഹാര തുക കൈമാറാറുള്ളതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
Adjust Story Font
16