ബോജി, ദിവസവും 30 കി.മി യാത്രചെയ്യുന്ന ഇസ്താബൂളിലെ തെരുവുനായ്
ഏഷ്യക്കും യൂറോപ്പിനുമിടയിലുള്ള ഫെറിയിലടക്കം കയറുന്ന നായക്ക് ഇസ്താബൂൾ മുനിസിപ്പാലിറ്റി അധികൃതർ മൈക്രോചിപ്പ് ഘടിപ്പിച്ചതോടെയാണ് യാത്രകൾ പുറംലോകമറിഞ്ഞത്
ഇസ്താബൂളിലെ ബോജി വെറുമൊരു തെരുവ് നായയല്ല. ഫെറി, ബസ്, ട്രാം, ട്രെയിൻ എന്നിവയിലൂടെ ദിവസവും 30 കിലോമീറ്റർ ദൂരം താണ്ടുന്ന യാത്രികനാണിത്. ഏഷ്യക്കും യൂറോപ്പിനുമിടയിലുള്ള ഫെറിയിലടക്കം യാത്ര ചെയ്യുകയാണ് ആശാൻ. ഇസ്താബൂൾ മുനിസിപ്പാലിറ്റി അധികൃതർ കഴുത്തിലെ ബെൽറ്റിൽ മൈക്രോചിപ്പ് ഘടിപ്പിച്ചതോടെയാണ് ബോജിയുടെ യാത്രകൾ പുറംലോകമറിഞ്ഞത്.
ഒരു ദിവസം നഗരത്തിലെ 29 മെട്രോ സ്‌റ്റേഷനുകളും കടലുപോലും കടക്കുകയും നഗരത്തിനരികിലെ പ്രിൻസസ് ഐലൻറിൽ വാരാന്ത്യ അവധിയെടുക്കുക പോലും ചെയ്യുന്നു ഈ നിത്യയാത്രികൻ.
സ്വർണ-ബ്രൗൺ നിറവും കറുത്ത കണ്ണുകളും അയഞ്ഞ ചെവികളുമുള്ള നായ് രണ്ടു മാസം മുമ്പാണ് അധികൃതരുടെ ശ്രദ്ധയാകർഷിച്ചത്.
കൃത്യമായ ലക്ഷ്യമുള്ളത് പോലെയാണ് നായ് സഞ്ചരിക്കുന്നതെന്നും കൃത്യമായ ഇടങ്ങളിൽ ഇറങ്ങുന്നുണ്ടെന്നും ഇസ്താംബൂൾ മെട്രോയിലെ ഐയ്‌ലിൻ എറോൾ പറയുന്നു.
ട്രാമാണ് ബോജിയുടെ ഇഷ്ടവഴിയെന്ന് ചിപ്പിലെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സബ്‌വേ വഴിയും നിത്യം പോകാറുണ്ട്. പൊതുവാഹനങ്ങളിലെ നിയമങ്ങൾ പാലിച്ചും ട്രെയിനിൽനിന്നൊക്കെ ഇറങ്ങുന്ന യാത്രികർക്ക് മുൻഗണന നൽകിയുമൊക്കെയാണ് ഈ ശ്വാനയാത്രികൻ സഞ്ചരിക്കുന്നതെന്നും ഐയ്‌ലിൻ പറയുന്നു.
സബ്‌വേ വാഹനത്തിന്റെ മധ്യത്തിലിരുന്ന് യാത്ര ചെയ്യാനാണ് ബോജിക്ക് ഇഷ്ടമെന്ന് അധികൃതർ പറയുന്നു. ബോജിയെന്ന് പേര് ഇവരാണ് ഈ സഞ്ചാരിക്ക് നൽകിയത്.
1.3 മില്ല്യൺ വരുന്ന നഗരത്തിലെ യാത്രികർക്ക് ബോജി ഏറെ സന്തോഷം നൽകുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിൽ വൻതാരമാണെന്നും ഐയ്‌ലിൻ പറയുന്നു. ബോജിയുടെ അക്കൗണ്ടിന് 50,000 ഫോളോവേഴ്‌സുണ്ട്.
അനത്തോലിയൻ ഷെപ്പേർഡ് മിക്‌സായ ഈ നായ് ഇസ്താംബൂൾ നിവാസികൾക്കൊപ്പം, നഗരത്തിന്റെ തിരക്കുകളിൽ തന്റെ യാത്രകൾ നിർബാധം തുടരുകയാണ്. കൃത്യമായ ദിശാബോധത്തോടെ.
Adjust Story Font
16