18നും 44നും ഇടയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സ്വകാര്യകേന്ദ്രങ്ങളില്‍ മാത്രമെന്ന് കേന്ദ്രം
ഏപ്രില്‍ 23 ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലാണ് ഈ വിവരമുള്ളത്.
രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ കുത്തിവെപ്പ് മെയ് 1 മുതല്‍ ആരംഭിക്കുകയാണ്. 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിനേഷന് തുടക്കം കുറിക്കുന്നത്. എന്നാല്‍ 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് ഏതെങ്കിലും സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ 23 ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലാണ് ഈ വിവരമുള്ളത്. 18 വയസ്സിനും 44 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് പൌരനും മെയ് 1 മുതല്‍ പണം കൊടുത്ത്, ഏതെങ്കിലും സ്വാകാര്യകേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കാവുന്നതാണ് എന്നാണ് കത്തിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട് നല്‍കാവുന്ന മറ്റ് ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തീരുമാനിക്കാമെന്നും കത്തിലുണ്ട്. അതിന് വാക്സിന്‍റെ ലഭ്യതയും വ്യക്തികളുടെ പ്രായവും എല്ലാം മാനദണ്ഡമാക്കാമെന്നും കത്തില്‍ പറയുന്നു. മെയ് ഒന്ന് മുതല്‍ കുത്തിവെപ്പ് എടുക്കാന്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ വേണ്ട ഫലപ്രദമായ നടപടികള്‍ സംസ്ഥാനം സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ 28 മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ ഏത് സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെയും വാക്സിനേഷന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. വാക്സിന്‍ പാഴായിപ്പോകുന്ന ഏതെങ്കിലും അവസരം ഉണ്ടാകുകയാണെങ്കില്‍ മാത്രമേ ഓണ്‍സൈറ്റ് രജിസ്ട്രേഷന്‍ അനുവദിക്കുകയുള്ളൂവെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 50 ശതമാനം സൌജന്യ നിരക്കില്‍ കേന്ദ്രം വാക്സിന്‍ നല്‍കുന്നത് തുടരുമെന്നും കത്തില്‍ പറയുന്നു.
Adjust Story Font
16