ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാ വിലക്ക് നാളെ അർധരാത്രി മുതൽ: മടങ്ങാൻ പ്രവാസികളുടെ നെട്ടോട്ടം
യു.എ.ഇയിൽ എത്താൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച അർധരാത്രി 12 മണിക്കുള്ളിൽ യു.എ.ഇയിൽ വിമാനമിറങ്ങണം.
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത് മലയാളികൾ ഉൾപ്പെടെ ആയിരങ്ങളെ ബാധിക്കും. നാളെ അർധരാത്രി മുതൽ പത്ത് ദിവസത്തേക്കാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്തവർക്കും വിലക്ക് ബാധകമായിരിക്കും.
ഇന്ത്യയിൽ നിന്നുള്ളവർക്ക് ഒമാൻ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇയും സമാന നടപടിയെടുത്തത്. ഇന്ത്യയിൽ കോവിഡ് കുതിച്ചുയരുന്ന സാഹചര്യം മുൻനിർത്തിയാണ് വിലക്ക്. യു.എ.ഇയിൽ എത്താൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച അർധരാത്രി 12 മണിക്കുള്ളിൽ യു.എ.ഇയിൽ വിമാനമിറങ്ങണം. യു.എ.ഇ പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് തുടർന്നും യാത്ര ചെയ്യാം. പൊടുന്നനെയുള്ള വിലക്ക് പ്രഖ്യാപനം വന്നതോടെ ഇന്നും നാളെയുമായി യു.എ.ഇയിൽ തിരിച്ചെത്താനുള്ള തിടുക്കത്തിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ.
രണ്ട് മാസമായി സൗദി, കുവൈത്ത് യാത്രക്കാർക്ക് ഇന്ത്യയിലേക്ക് പ്രവേശന വിലക്കുണ്ട്. ഒമാന്‍റെ വിലക്കും നാളെ പ്രാബല്യത്തിൽ വരും. ഇതോടെ, ഗൾഫ് രാജ്യങ്ങളിൽ ഖത്തർ, ബഹ്റൈൻ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ സാധിക്കില്ല. ഖത്തർ പൊടുന്നനെ വിലക്ക് പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് പ്രതീക്ഷ.
Adjust Story Font
16