കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു
സൗദിയിൽ ഇന്ന് 1,055 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
തിരുവനന്തപുരം സ്വദേശി സൗദിയിലെ റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു. ആലംകോട് പള്ളിമുക്ക് സ്വദേശി അബ്ദുൽ അസീസ് റഹ്മാൻ കുഞ്ഞാണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. 58 വയസ്സായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ റിയാദിലെ സുമൈശി ആശുപത്രിയിയിൽ പ്രവേശിപ്പിച്ചത്. റിയാദിലെ മലസ് റസ്റ്റോറന്‍റിന് സമീപമുള്ള ബഖാലയിൽ ജോലി ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി അൽപം ആശ്വാസകരമായ കണക്കുകളാണ് ഇന്ന് സൗദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും ആയിരത്തിന് മുകളിലായി തുടരുമ്പോഴും, രോഗമുക്തി നേടിയവരുടെ എണ്ണം രോഗം സ്ഥിരീകരിച്ചവരേക്കാൾ മുന്നിട്ട് നിൽക്കുന്നുണ്ട്.
1,055 പേർക്ക് ഇന്നലെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ, 1,086 പേർക്ക് രോഗം ഭേദമായി. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗമുക്തിയാണിത്. മാത്രവുമല്ല വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ 9,776 പേരാണ് ചികിത്സയിലുള്ളത്. അതിൽ 1,182 പേർ അത്യാസന്ന നിലയിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദിൽ ഒരു തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതുൾപ്പെടെ ഇന്ന് 11 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതുൾപ്പെടെ ഇത് വരെ 6,869 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 4,09,093 പേർക്കാണ് സൗദിയിൽ ഇത് വരെ കോവിഡ് ബാധിച്ചത്. അതിൽ 3,92,448 പേർക്ക് ഭേദമായി. ഇത് വരെ 77 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16