Quantcast

കോവിഡ് പ്രതിരോധം: സർക്കാരിന് പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണ

തെരഞ്ഞെടുപ്പ് ആഘോഷങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെടും

MediaOne Logo

Web Desk

  • Published:

    24 April 2021 8:14 AM GMT

കോവിഡ് പ്രതിരോധം: സർക്കാരിന് പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണ
X

കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് പൂർണ പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ചേർന്നുപ്രവർത്തിക്കും. സർക്കാരും ആരോഗ്യവകുപ്പും എടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം പൂർണമനസോടെ യോജിച്ചുനിന്നു പ്രവർത്തിക്കണം. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണ്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് കോവിഡിനെതിരായ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ യുഡിഎഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതായും ചെന്നിത്തല അറിയിച്ചു.

ഓക്‌സിജൻ അടക്കമുള്ള ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തണം. കേന്ദ്രത്തിൽനിന്ന് കേരളത്തിന് ആവശ്യമായ വാക്‌സിൻ ലഭിക്കുന്നില്ല. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ എത്തിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ട്. വാക്‌സിനേഷന് മുൻഗണനാക്രമമമുണ്ടാകണം. കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ വേണം-അദ്ദേഹം പറഞ്ഞു.

തികഞ്ഞ ജാഗ്രതയോടെയും പരിഭ്രാന്തി ഇല്ലാതെയും മുന്നോട്ടുപോകേണ്ടതുണ്ട്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് സർക്കാർ മുന്നോട്ടുപോകണം. കോവിഡിന്റെ ഒന്നാംഘട്ടത്തിലും പ്രതിപക്ഷം സർക്കാരിന് പിന്തുണ നൽകിയതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ആഘോഷ പരിപാടികൾ പരമാവധി ഒഴിവാക്കണം. ആഘോഷങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെടുമെന്നും ചെന്നിത്തല അറിയിച്ചു.

TAGS :

Next Story