മകളെ കൊന്ന് മരിക്കാന്‍ തീരുമാനിച്ചെങ്കില്‍ പണവുമായി സംസ്ഥാനം വിട്ടതെന്തിന്: പൊലീസിന്‍റെ ചോദ്യത്തിന് മറുപടിയില്ലാതെ സനുമോഹന്‍

മകളെ കൊന്ന് മരിക്കാന്‍ തീരുമാനിച്ചെങ്കില്‍ പണവുമായി സംസ്ഥാനം വിട്ടതെന്തിന്: പൊലീസിന്‍റെ ചോദ്യത്തിന് മറുപടിയില്ലാതെ സനുമോഹന്‍

മൊഴികളില്‍ വൈരുധ്യം: സനുമോഹന്‍റെ സാമ്പത്തിക ഇടപാടുകള്‍ തേടി ഡിസിപിയുടെ നേതൃത്വത്തിലുളള സംഘം മുംബൈയിലേക്ക്

MediaOne Logo

Web Desk

  • Updated:

    20 April 2021 2:07 AM

Published:

20 April 2021 1:38 AM

മകളെ കൊന്ന് മരിക്കാന്‍ തീരുമാനിച്ചെങ്കില്‍ പണവുമായി സംസ്ഥാനം വിട്ടതെന്തിന്: പൊലീസിന്‍റെ  ചോദ്യത്തിന് മറുപടിയില്ലാതെ സനുമോഹന്‍
X

മകളെ കൊന്ന് ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചതെന്നാണ് വൈഗ കൊലക്കേസില്‍ സനുമോഹന്‍റെ മൊഴി. എന്നാല്‍ മരിക്കാന്‍ തീരുമാനിച്ച ആള്‍ മകളുടെ മരണം ഉറപ്പാക്കിയ ശേഷം കയ്യില്‍ വലിയ തുകയുമായി സംസ്ഥാനം വിട്ടതെന്തിനെന്ന ചോദ്യത്തിന് സനുമോഹന് മറുപടിയില്ല. സനുമോഹന്‍റെ സാമ്പത്തിക ഇടപാടുകളുടെ ചുരുളഴിക്കാനുളള ശ്രമത്തിലാണ് അന്വേഷണസംഘം. കൃത്യമായ ആസൂത്രണത്തോടെയാണ് വൈഗയുടെ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് സനുമോഹന്‍ നല്‍കിയ മൊഴി. ആത്മഹത്യയെക്കുറിച്ച് ഭാര്യയോട് പറഞ്ഞാല്‍ സമ്മതിക്കില്ല. അതുകൊണ്ട് ഭാര്യയെ ഒഴിവാക്കി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്ക് മകളുമായി എത്തി.

ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. പൊട്ടിക്കരഞ്ഞ മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. മകള്‍ മരിച്ചെന്ന് കരുതി മുട്ടാര്‍ പുഴയിലേക്ക് തളളി. ശേഷം താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സനുവിന്‍റെ മൊഴി. ഇത്രയും പൊലീസ് വിശ്വസിച്ചിട്ടുണ്ട്.

പക്ഷേ, മരിക്കാന്‍ തീരുമാനിച്ച ആള്‍ മകളുടെ മരണം ഉറപ്പാക്കിയ ശേഷം കയ്യില്‍ വലിയ തുകയുമായി സംസ്ഥാനം വിട്ടതെന്തിനെന്ന ചോദ്യത്തിന് സനുമോഹന് മറുപടിയില്ല. കാര്‍ വിറ്റ പണം കൂടാതെ സംസ്ഥാനം വിടുന്നതിന് മുമ്പു തന്ന സനുവിന്‍റെ കയ്യില്‍ ലക്ഷങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ തുക എവിടെപ്പോയെന്നു ചോദിച്ചപ്പോൾ കുറെ പോക്കറ്റടിച്ചു പോയെന്നായിരുന്നു മറുപടി. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്ന സനുമോഹന്‍ പോലീസിനെ വട്ടം കറക്കുകയാണ്.

പൂനെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന സനുമോഹന് കോടികളുടെ ബാധ്യതകളുണ്ടായിരുന്നുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കേരളത്തിന് പുറത്ത് സനുമോഹനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും നിലവിലുണ്ട്. കേസിന്‍റെ കൂടുതൽ വിശദാംശങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ ഡിസിപിയുടെ നേതൃത്വത്തിൽ പോലീസ് സംഘം മുംബൈയ്ക്ക് തിരിച്ചിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബാംഗങ്ങൾക്കു പോലുമറിയാതെ കൊച്ചിയിൽ ഫ്ളാറ്റിൽ താമസം ആക്കേണ്ട സാഹചര്യം എന്തായിരുന്നു എന്നുള്ളതും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.



TAGS :

Next Story