ResignModi ഹാഷ്ടാഗിന് 'ബ്ലോക്കു'മായി ഫേസ്ബുക്ക്; വിവാദമായതിനു പിറകെ നടപടി പിൻവലിച്ചു വിശദീകരണം
കേന്ദ്ര സർക്കാർ പറഞ്ഞിട്ടു ചെയ്തതല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഫേസ്ബുക്ക്
സമൂഹമാധ്യമങ്ങളിൽ തരംഗമായ #ResignModi ഹാഷ്ടാഗ് ചേർത്ത പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്. നടപടി വിവാദമായതോടെ ബ്ലോക്ക് പിൻവലിച്ച് വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തുകയും ചെയ്തു.
രാജ്യത്ത് കോവിഡ് കേസുകൾ പിടിവിടുന്നതിനിടെയാണ് ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗ് വൈറലായത്. മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പറഞ്ഞായിരുന്നു ResignModi എന്ന ഹാഷ്ടാഗ് ആരംഭിച്ചത്. ഇത് മണിക്കൂറുകൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റുപിടിച്ചു. ഇതിനു പിറകെയാണ് ഈ ടാഗ് ചേർത്ത പോസ്റ്റുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. തങ്ങളുടെ സമൂഹമാനദണ്ഡ പ്രകാരം അനുചിതമായതിനാൽ ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ താൽക്കാലികമായി നീക്കുന്നുവെന്നാണ് ബ്ലോക്ക് ചെയ്തതിന് കാരണമായി ഫേസ്ബുക്ക് നൽകിയിരുന്ന വിശദീകരണം.
Hey @Facebook what is this ? pic.twitter.com/reQi0QZGtq
— Dr. Srinivas MD (@srinivasaiims) April 28, 2021
എന്നാൽ, ഇതിനെതിരെ പ്രതിഷേധം അലയടിച്ചതോടെ ഫേസ്ബുക്ക് നടപടി പിൻവലിക്കുകയായിരുന്നു. സംഗതി അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഇക്കാര്യം പരിഹരിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു. സർക്കാർ നിർദേശപ്രകാരമല്ല ബ്ലോക്ക് ചെയ്തതെന്നും വക്താവ് വിശദീകരിച്ചിട്ടുണ്ട്.
പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിനെതിരെ വൻപൊങ്കാലയുമുണ്ടായിരുന്നു. സുക്കർബർഗിന്റെ പഴയതും പുതിയതുമായ പോസ്റ്റുകൾക്കു കീഴെയാണ് ഇന്ത്യക്കാർ പൊങ്കാല കൊണ്ട് നിറഞ്ഞത്. പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത ഫേസ്ബുക്കിന്റെ നടപടി ഗാർഡിയൻ, ബ്ലൂംബർഗ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ, കോവിഡ് സംബന്ധമായ ട്വീറ്റുകൾ ട്വിറ്ററും നിയന്ത്രിച്ചിരുന്നു. മാസങ്ങൾക്കു മുൻപ് ഇന്ത്യയിലെ 500ഓളം ട്വിറ്റർ അക്കൗണ്ടുകൾ കമ്പനി പൂട്ടുകയും നിരവധി അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തിരുന്നു. കർഷകസമരവുമായി ബന്ധപ്പെട്ട് ട്വീറ്റുകൾ ചെയ്തതിനായിരുന്നു കേന്ദ്ര സർക്കാർ നിർദേശപ്രകാരമുള്ള നടപടി.
Adjust Story Font
16