വ്യാജ ജോബ് ഓഫർ ലെറ്റർ തട്ടിപ്പ്: ഉദ്യോഗാർഥികൾ ജാഗ്രത പുലർത്തണമെന്ന് ദുബൈ
ലഭിച്ച ജോബ് ഓഫർ വ്യാജമാണെന്നും തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ പി.ബി.എസ്.കെ ആപ്പ് ഉപയോഗിക്കണമെന്നും കോൺസുലേറ്റ് ട്വിറ്റർ വഴി അറിയിക്കുകയായിരുന്നു.
ഇന്ത്യൻ കോൺസുലേറ്റിന്‍റെ പി.ബി.എസ്.കെ ആപ്പ് വഴി യുവാവ് രക്ഷപ്പെട്ടത് വൻ ജോലി തട്ടിപ്പിൽ നിന്ന്. ഷുഐബ് കൈഷ് എന്ന യുവാവിനാണ് കോൺസുലേറ്റ് തുണയായത്. ഡി.പി വേൾഡിന്‍റെ പേരിലുള്ള ജോലി വാഗ്ദാനമാണ് ഷുഐബിന് ലഭിച്ചത്. 3,470 ദിർഹമായിരുന്നു വാഗ്ദാനം.
ക്യൂ ആർ കോഡ് ഉൾപ്പെടെ ഒറിജിനൽ എന്ന് തോന്നുന്ന തരത്തിലുള്ള കത്താണ് ഷുഐബിന് ലഭിച്ചത്. ഇ മെയിൽ വഴി ലഭിച്ച ഓഫർ ലെറ്റർ ശരിയാണോ എന്നറിയാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ ട്വീറ്റ് ചെയ്തു. ഇന്ത്യൻ കോൺസുലേറ്റിനെ ടാഗ് ചെയ്യുകയും ചെയ്തു. ഓഫർ ലെറ്റർ സഹിതമാണ് ട്വീറ്റ് ചെയ്തത്. പി.ബി.എസ്.കെ ആപ് വഴി വിഷയം അന്വേഷിച്ച ഇന്ത്യൻ കോൺസുലേറ്റ് ഷുഐബിന് റി ട്വീറ്റ് ചെയ്യുകയായിരുന്നു. താങ്കൾക്ക് ലഭിച്ച ജോബ് ഓഫർ വ്യാജമാണെന്നും തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ പി.ബി.എസ്.കെ ആപ്പ് ഉപയോഗിക്കണമെന്നും കോൺസുലേറ്റ് ട്വിറ്റർ വഴി അറിയിച്ചു.
കഴിഞ്ഞ ദിവസം 64 ഇന്ത്യക്കാർ ജോലി തട്ടിപ്പിനിരയായി ഷാർജയിൽ കുടുങ്ങിയ വാർത്ത വന്നിരുന്നു. ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസയിലെത്തിച്ച ഇവരെ ഏജൻറുമാർ ചതിക്കുകയായിരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് നിയമസഹായം ഉൾപ്പെടെ നൽകാൻ പ്രവാസി ഭാരതീയ സഹായ കേന്ദ്രം ഏർപ്പെടുത്തിയ സംവിധാനമാണ് പി.ബി.എസ്.കെ ദുബൈ. ഇതിന്‍റെ മൊബൈൽ ആപ്പ് വഴി ജോലി തട്ടിപ്പ് കണ്ടുപിടിക്കാൻ സാധിക്കും.
Adjust Story Font
16