കേരളം ഒരു കോടി വാക്‌സിൻ വാങ്ങും
70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനും വാങ്ങാൻ മന്ത്രിസഭാ തീരുമാനം
കോവിഡ് പ്രതിരോധത്തിന് വാക്‌സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ തീരുമാനം. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയിരിക്കുന്നത്.
70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനുമാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയിട്ടുണ്ട്. മെയ് മാസം തന്നെ കോവാക്‌സിന്റെ ആദ്യഘട്ടം സംസ്ഥാനത്തെത്തും. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായി പത്തു ലക്ഷം വീതമാണ് കോവാക്‌സിൻ എത്തുക.
അതേസമയം, കോവിഷീൽഡിനു വേണ്ടി സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച പുരോഗമിക്കുകയാണ്. കമ്പനിയുമായി പ്രാഥമിക ചർച്ചയേ ഇതുവരെ നടന്നിട്ടുള്ളൂ. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വാക്‌സിൻ വിലയുമായി ബന്ധപ്പെട്ട കേസിൽ അന്തിമതീരുമാനമാകുന്ന മുറയ്ക്കാകും സിറമുമായുള്ള കരാറിൽ അന്തിമ ധാരണയാകുക.
വാക്‌സിൻ വാങ്ങാൻ നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിൻ വാങ്ങാനുള്ള തീരുമാനത്തിന് ഇന്നു മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. മന്ത്രിസഭയുടെ അനുമതിയോടെ വേണം വാക്‌സിൻ വാങ്ങേണ്ടതെന്ന് നേരത്തെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ലോക്ഡൗൺ ജനജീവിതത്തെ ബാധിക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഇതിനാൽ, പ്രാദേശികതല നിയന്ത്രണങ്ങൾ കർശനമായി തുടരും. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
Adjust Story Font
16