Quantcast

മൻസൂർ വധക്കേസ്: പ്രതികളെ ഇനിയും പിടികൂടാത്തത് പോലീസിന്റെ അനാസ്ഥ -യൂത്ത്‌ലീഗ്

തെളിവ് നശിപ്പിക്കാൻ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ശ്രമമുണ്ടായി

MediaOne Logo

Web Desk

  • Published:

    26 April 2021 7:56 AM GMT

മൻസൂർ വധക്കേസ്: പ്രതികളെ ഇനിയും പിടികൂടാത്തത് പോലീസിന്റെ അനാസ്ഥ -യൂത്ത്‌ലീഗ്
X

പാനൂർ പുല്ലൂക്കരയിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികളെ ഇനിയും പിടികൂടാനാകാത്തത് പോലീസിന്റെ അനാസ്ഥയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ശ്രമമുണ്ടായതായും കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ഫിറോസ് ആരോപിച്ചു.

കൊലപാതകക്കേസിലെ അഞ്ചാംപ്രതി സുഹൈലിന്റെ വീട് സിപിഎം നേതാക്കളെത്തി വൃത്തിയാക്കിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഹരീന്ദ്രൻ, പാനൂർ നഗരസഭാ കൗൺസിലർ ദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കൽ നടന്നത്. മൻസൂറിനെ കൊല്ലാനുള്ള ബോംബ് നിർമാണം നടന്നത് സുഹൈലിന്റെ വീട്ടിലായിരുന്നെന്നു സംശയിക്കുന്നുണ്ട്. ഇതിന്റെ തെളിവ് നശിപ്പിക്കാനായാണ് വീടുവൃത്തിയാക്കൽ നടന്നത്. ഹരീന്ദ്രനും ദാസനും കൊലപാതകത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തണം-ഫിറോസ് ആവശ്യപ്പെട്ടു.

കേസിലെ പ്രതി രതീഷ് ദുരൂഹസാഹചര്യത്തിലാണ് മരണപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് ശരിവയ്ക്കുന്ന തരത്തിലുള്ള നിരവധി തെളിവുകളുണ്ട്. മർദനമേറ്റ പാടുകൾ രതീഷിന്റെ ശരീരത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന സംശയം പലരും ഉന്നയിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധമുള്ള നേതാക്കളുടെ പേര് പുറത്തുപറയാതിരിക്കാനാണ് രതീഷിനെ വകവരുത്തിയതെന്ന സംശയം പലരും ഉന്നയിച്ചെങ്കിലും അതേക്കുറിച്ച് അന്വേഷിക്കാൻ ഇതുവരെ അന്വേഷണസംഘം തയാറായിട്ടില്ല. ഈ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ അന്വേഷണസംഘം തയാറാകണം. രതീഷിന്റെ വീട്ടിലേക്കു പോകാൻ മാധ്യമപ്രവർത്തകരെയടക്കം സിപിഎം ഗുണ്ടകൾ അനുവദിക്കുന്നില്ല. ബന്ധുക്കളുമായി സംസാരിച്ചാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമോ എന്ന ഭയമാണ് ഇതിനു പിന്നിലുള്ളത്.

കൊലയാളികളെ പിടികൂടുന്നതിനു പകരം വിലാപയാത്രയിലെ അനിഷ്ടസംഭവത്തിന്റെ പേരിൽ നിരപരാധികളായ യൂത്ത് ലീഗ് പ്രവർത്തകരെ കള്ളക്കേസ് ചുമത്തി ജയിലിലിടാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നത്. കൂത്തുപറമ്പ് എസിപി, ചൊക്ലി, കൊളവല്ലൂർ സിഐമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അകത്തിടാനുള്ള നടപടികളുണ്ടായത്. ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കണം. പോലീസിന്റെ നിസംഗത കാരണമാണ് കൊലപാതക സംഭവങ്ങൾ ആവർത്തിക്കുന്നത്. കേസന്വേഷണം നേരായ രീതിയലല്ല മുന്നോട്ടുപോകുന്നതെങ്കില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെടുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story