Quantcast

ബാറ്റിങ്ങിൽ തകർന്ന് വീണ്ടും പഞ്ചാബ്; കൊൽക്കത്തയ്ക്ക് രണ്ടാം ജയം

ഓയ്ൻ മോർഗൻ(40 പന്തിൽ നാല് ഫോറും രണ്ടു സിക്‌സും സഹിതം 47) കളിയിലെ താരം, പ്രസിദ് കൃഷ്ണയ്ക്ക് മൂന്നു വിക്കറ്റ്

MediaOne Logo

Web Desk

  • Published:

    27 April 2021 1:14 AM GMT

ബാറ്റിങ്ങിൽ തകർന്ന് വീണ്ടും പഞ്ചാബ്; കൊൽക്കത്തയ്ക്ക് രണ്ടാം ജയം
X

ഐപിഎൽ 14-ാം പതിപ്പിൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് അഞ്ചു വിക്കറ്റ് ജയം. ബൗളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ 20 പന്തുകൾ ബാക്കിനിൽക്കെയാണ് നായകൻ ഓയ്ൻ മോർഗന്റെ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിൽ കൊൽക്കത്ത സീസണിലെ തങ്ങളുടെ രണ്ടാം വിജയം പിടിച്ചെടുത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ ബാറ്റിങ് നിര തകർന്നടിഞ്ഞു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസാണ് പഞ്ചാബിന് നേടാനായത്. അവസാന ഓവറുകളിൽ ക്രിസ് ജോർദാൻ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിനെ ആശ്വാസ സ്‌കോറിൽ എത്തിച്ചത്. ഓപണർ മായങ്ക് അഗർവാളാണ് ടോപ്‌സ്‌കോറർ; 34 പന്തിൽ രണ്ടു സിക്‌സും ഒരു ഫോറും സഹിതം 31 റൺ. ജോർദൻ 18 പന്തിൽ മൂന്നു സിക്‌സും ഒരു ഫോറും സഹിതം 30 റൺസുമെടുത്തു. കൊൽക്കത്ത ബൗളിങ്ങിൽ പ്രസിദ് കൃഷ്ണ മൂന്നും സുനിൽ നരൈൻ, പാറ്റ് കമ്മിൻസ് എന്നിവർ രണ്ടുവീതവും വിക്കറ്റെടുത്തു.

പഞ്ചാബ് ബാറ്റിങ് നിരയെ കൊൽക്കത്തൻ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. നായകൻ രാഹുലും മായങ്ക് അഗർവാളും ബൗളർമാരെ ക്ഷമയോടെ നേരിട്ടെങ്കിലും പവർപ്ലേ തീരുംമുമ്പ രാഹുൽ മടങ്ങി. വളരെ പതുക്കെയായിരുന്ന രാഹുലിന്റെ സ്‌കോറിങ്. 20 പന്തിൽ 19 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്. രാഹുലിനു പിറകെ വന്ന ആർക്കു പിടിച്ചുനിൽക്കാനായില്ല. ഘോഷയാത്രപോലെ ഓരോരുത്തരും കൂടാരം കയറി.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ കൊൽക്കത്ത പരാജയം മുന്നിൽകണ്ടു. പവർപ്ലേയിൽ തന്നെ ഓപണർമാരായ ശുഭ്മൻ ഗിൽ(9), നിതീഷ് റാണ(0), സുനിൽ നരൈൻ(0) എന്നിവരെ പുറത്താക്കി പഞ്ചാബ് ബൗളർമാർ തിരിച്ചടിച്ചു. പിന്നീട് ഒന്നിച്ച രാഹുൽ തൃപാഠി(32 പന്തിൽ ഏഴ് ഫോറുകൾ സഹിതം 41), നായകൻ മോർഗൻ(40 പന്തിൽ നാല് ഫോറും രണ്ടു സിക്‌സും സഹിതം 47) എന്നിവർ ചേർന്നാണു കരകയറ്റിയത്. തൃപാഠി പോയതിനു പിറകെ വന്ന റസലി(10)നെ അപകടകാരിയാകുന്നതിനു മുൻപ് തന്നെ പഞ്ചാബ് തിരിച്ചയച്ചു. പിന്നീട് ദിനേശ് കാർത്തിക്കിനൊപ്പം(12) ചേർന്നാണ് നായകൻ വിജയം എളുപ്പമാക്കിയത്. ഇരുവരും പുറത്താകാതെ നിന്നു. പഞ്ചാബ് ബൗളിങ്ങിൽ മോയ്‌സസ് ഹെൻറിക്വസ്, മുഹമ്മദ് ഷമി, അർഷ്ദീപ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. മോർഗനാണ് കളിയിലെ താരം.

മത്സരത്തിൽ വിജയിച്ചതോടെ കൊൽക്കത്ത പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി. പഞ്ചാബ് ആറാം സ്ഥാനത്തുമാണുള്ളത്.

TAGS :

Next Story