Quantcast

പൂജാ ഖേദ്കറുടെ ഫോൺ സ്വിച്ച് ഓഫ്; ദുബൈയിലേക്ക് കടന്നെന്ന് സൂചന

പൂജയുടെ ജാമ്യാപേക്ഷ ഡൽഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു

MediaOne Logo

Web Desk

  • Published:

    3 Aug 2024 1:16 PM GMT

puja khedkar
X

മുംബൈ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി യു.പി.എസ്.സി പരീക്ഷ എഴുതിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ ദുബൈയിലേക്ക് കടന്നതായി സൂചന. മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയതിന് പിന്നാലെയാണ് ഇവർ വിദേശത്തേക്ക് കടന്നത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്.

ആഗസ്റ്റ് ഒന്നിനാണ് ഇവരുടെ ജാമ്യാപേക്ഷ ഡൽഹി പാട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നത്. കേസിൽ വിശദമായ വാദം കേട്ട കോടതി ആരോപണങ്ങൾ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നിരാകരിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലും കോടതി ഉത്തരവിട്ടിരുന്നു. താൻ നിരപരാധിയാണ് എന്നും എഫ്‌ഐആർ റദ്ദാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജൂലൈ 23ന് മൊസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ പരിശീലനത്തിന് ഹാജരാകാൻ പൂജയോട് നിർദേശിച്ചിരുന്നു. എന്നാൽ ഇവർ എത്തിയില്ല. ദിവസങ്ങൾക്കകം യുപിഎസ്‌സി പൂജയുടെ പ്രൊവിഷണൽ സ്ഥാനാർഥിത്വം റദ്ദാക്കി. ഭാവി പരീക്ഷകളിൽ നിന്ന് വിലക്കുകയും ചെയ്തു.

അതിനിടെ, ഭൂമി തർക്കവുമായി ബന്ധപ്പെട്ട് കർഷകനു നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പൂജയുടെ അമ്മ മനോരമ ഖേദ്കർക്ക് പൂനെ കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു ഇവർ. ഇതേ കേസിൽ പ്രതിയായ അച്ഛൻ ദിലീപ് ഖേദ്കർ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ ഒളിവിലാണ്.

കോടികളുടെ ആസ്തിയുണ്ടായിട്ടും യുപിഎസ്‌സി പരീക്ഷ എഴുതാൻ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഉണ്ടാക്കി, കാഴ്ചവൈകല്യം ഉണ്ടെന്ന് രേഖയുണ്ടാക്കി തുടങ്ങിയവയാണ് പൂജയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ. പൂജയുടെ ഐഎഎസ് റദ്ദാക്കിയതിന് പിന്നാലെ സർവിസിലുള്ള ആറ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ യുപിഎസ്‌സി നിരീക്ഷണത്തിലാണ്. ഇവർ ഹാജരാക്കിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നാണ് കമ്മിഷൻ പരിശോധിക്കുന്നത്.

TAGS :

Next Story