സോളാർ തട്ടിപ്പുകേസിൽ സരിത കുറ്റക്കാരി
കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി വ്യവസായിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ
സോളാർ തട്ടിപ്പുകേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. സോളാർ പാനൽ സ്ഥാപിക്കാനെന്നു പറഞ്ഞു ലക്ഷങ്ങൾ തട്ടിയ കേസിലാണ് കോടതിവിധി. മൂന്നാം പ്രതി മണിമോനെ വെറുതെവിട്ടു. സരിതയ്ക്കുള്ള ശിക്ഷ ഇന്നു മൂന്നു മണിക്ക് കോടതി പ്രഖ്യാപിക്കും.
കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലാണ് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സരിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതം ബിജു രാധാകൃഷ്ണൻ ക്വാറന്റൈനിൽ ആയതിനാൽ അവധിക്ക് അപേക്ഷിച്ചിരുന്നു.
കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലായി ടീം സോളാർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം തുടങ്ങിയവ വാഗ്ദാനം ചെയ്തു പണം തട്ടിയതായും സരിതയ്‌ക്കെതിരെ പരാതിയുണ്ട്. കേസുകളിൽ 2018ൽ വിചാരണ പൂർത്തിയായിരുന്നു. എന്നാൽ, സരിത കോടതിയിൽ ഹാജരാകാത്തതിനാൽ വിധി പറയുന്നത് പല തവണ മാറ്റിവയ്ക്കുകയായിരുന്നു. 2019ൽ നാലു തവണ കേസ് വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരായില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് വിധി പറയാൻ വീണ്ടുമെടുത്തെങ്കിലും വീണ്ടും സരിത ഹാജരാകാതിരുന്നതിനാലാണ് കേസ് നീണ്ടത്. തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനാൽ കഴിഞ്ഞയാഴ്ച കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടർന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ച് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തു. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത.
ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതികളും വിവിധ സോളാർ തട്ടിപ്പുകേസുകളിൽ സരിതയെ ഹാജരാക്കാൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളാർ പാനൽ സ്ഥാപിച്ചുനൽകാമെന്നു വാഗ്ദാനം നൽകി ചാലക്കുടി സ്വദേശി ചിറപ്പണത്ത് പോളിൽനിന്ന് രണ്ടുലക്ഷത്തിലേറെ രൂപ തട്ടിയ കേസിലും കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി ആർഎസ് ജമിനിഷ ബീവിക്ക് ചെക്ക് നൽകി 3.80 ലക്ഷം രൂപ തട്ടിയ കേസിലും ആലുവയിലെ സോളാർ തട്ടിപ്പുകേസിലുമാണ് കോടതികൾ വാറന്റ് പുറപ്പെടുവിച്ചിരുന്നത്.
Adjust Story Font
16