സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണം; യുപി സർക്കാരിനോട് സുപ്രീംകോടതി
വീഡിയോ കോൺഫറൻസ് വഴി ഭാര്യയുമായി സംസാരിക്കാൻ അനുമതി; കേസ് നാളെ വീണ്ടും പരിഗണിക്കും
യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് യുപി സർക്കാരിനോട് സുപ്രീംകോടതി. സാധ്യമെങ്കിൽ ഇന്നു തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വീഡിയോ കോൺഫറൻസ് വഴി ഭാര്യയുമായി സംസാരിക്കാൻ കോടതി കാപ്പന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല അപേക്ഷ പരിഗണിച്ചത്. ഭാര്യ റൈഹാനത്ത് അഭിഭാഷകൻ വിൽസ് മാത്യു വഴി നൽകിയ കത്തിൽ വാദംകേൾക്കുകയായിരുന്നു ബെഞ്ച്. കാപ്പന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ നടപടിയുണ്ടാകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടത്. കേരള പത്രപ്രവർത്തക യൂനിയന്റെ(കെയുഡബ്ല്യുജെ) ഹരജിയും ബെഞ്ച് പരിഗണിച്ചു.
Supreme Court Directs Govt. To Produce Medical Records Of Siddique Kappan Tomorrow https://t.co/Rht1q0ZY2d
— Live Law (@LiveLawIndia) April 27, 2021
കാപ്പന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മഥുര മെഡിക്കൽ കോളേജിൽനിന്ന് ഡൽഹിയിലെ എയിംസിലേക്കോ സഫ്ദർജങ് ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് ഹരജിയിൽ കെയുഡബ്ല്യുജെ ആവശ്യപ്പെട്ടത്. ഹരജി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുടക്കത്തിലേ എതിർത്തു. കാപ്പനെതിരെ യുഎപിഎ നിയമപ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നിലവിൽ നിയമപ്രകാരമുള്ള കസ്റ്റഡിയിലാണുള്ളതെന്നും ഹേബിയസ് കോർപസ് ഹരജി നിലനിൽക്കില്ലെന്നും തുഷാർ മേത്ത പറഞ്ഞു. പകരം, സാധാരണ ജാമ്യാപേക്ഷ നൽകാവുന്നതാണെന്നും മേത്ത വ്യക്തമാക്കി.
യുപിയിലെ മഥുര മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതനായി പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖ് കാപ്പനോട് മൃഗത്തോടെന്ന പോലെയാണ് അധികൃതകർ പെരുമാറുന്നതെന്ന് ഭാര്യ കോടതിക്ക് എഴുതിയ കത്തിൽ പറയുന്നു. കട്ടിലിൽ ചങ്ങലക്കിട്ടിരിക്കുകയാണ്. നാലു ദിവസമായി ഭക്ഷണം കഴിക്കാനോ ടോയ്‌ലെറ്റിൽ പോകാനോ അനുവദിക്കുന്നില്ല. ആരോഗ്യനില അതീവ ഗുരുതരമാണെന്നും കോടതി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Adjust Story Font
16