മസ്തിഷ്ക മരണമെന്ന് ആശുപത്രി; ആലുവ സ്വദേശിക്ക് വീട്ടിലേക്കുള്ള യാത്രയിൽ പുനർജൻമം
വെന്‍റിലേറ്റർ ഒഴിവാക്കി ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിൽ വീട്ടിലേക്ക് മടക്കുമ്പോഴാണ് മൂസ കണ്ണ് തുറന്ന് ശ്വസിക്കാനാരംഭിച്ചത്.
ആശുപത്രി അധികൃതർ മസ്തിഷ്ക മരണം വിധിച്ച വൃദ്ധന് ആംബുലൻസിൽ വീട്ടിലേക്കുള്ള യാത്രയിൽ പുനർജൻമം. ഡോക്ടർമാരുടെ നിർദേശപ്രകാരം ബന്ധുക്കളെയെല്ലാം വിളിച്ചറിയിച്ച് അന്ത്യകർമങ്ങൾക്ക് തയ്യാറെടുക്കുമ്പോഴാണ് ആലുവ സ്വദേശി മൂസ ജീവിതത്തിലേക്ക് തിരികെയെത്തിയത്. എറണാകുളം നഗരത്തിലെ പേരുകേട്ട ആശുപത്രിയില്‍ നിന്നാണ് മസ്തിഷ്കമരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്.
മസ്തിഷ്ക മരണം സംഭവിച്ചെന്നും വെന്‍റിലേറ്റർ മാറ്റിയാൽ അല്‍പസമയത്തിനകം മരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചതോടെ അന്ത്യനിമിഷങ്ങൾ വീട്ടിലാക്കാമെന്ന് നിശ്ചയിച്ച് മൂസയുമായി ബന്ധുക്കൾ വീട്ടിലേക്ക് തിരിച്ചു. ഡോക്ടർമാരുടെ വാക്ക് വിശ്വസിച്ച് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിക്കുകയും അന്ത്യകർമങ്ങൾക്ക് തയ്യാറെടുക്കുകയും ചെയ്തു. വെന്‍റിലേറ്റർ ഒഴിവാക്കി ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിൽ വീട്ടിലേക്ക് മടക്കുമ്പോഴാണ് മൂസ കണ്ണ് തുറന്ന് ശ്വസിക്കാനാരംഭിച്ചത്.
ഉടനെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമായ ചികിത്സയില്ലാതെ തന്നെ ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഇപ്പോൾ പ്രാഥമിക കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലാത്ത അവസ്ഥയിലെത്തി. മരിക്കാതെ കൊല്ലുന്ന ആശുപത്രികളെ ആശ്രയിക്കാതെ ഇനി എന്ത് വന്നാലും വീട്ടിൽ കിടന്ന് മരിച്ചാൽ മതിയെന്ന നിശ്ചയത്തിലാണ് മൂസ. വാപ്പയെ വീണ്ടും തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് മക്കളും.
നേരത്തേ മൂസയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത്തവണ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റിയത്. എന്തായാലും ആശുപത്രിക്കെതിരെ പരാതി നല്‍കാനിരിക്കുകയാണ് ബന്ധുക്കള്‍.
Adjust Story Font
16