പത്തുമാസം കൊണ്ട് സമ്പാദ്യം പത്തുകോടി രൂപ, ജോലി വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണം: യുവാവ് പിടിയില്‍
വ്യാജ സാനിറ്റൈസര്‍ കുപ്പികള്‍ കടകളില്‍ നിന്ന് പിടിച്ചെടുത്തതോടെയാണ് യുവാവിലേക്ക് അന്വേഷണം എത്തിയത്.
കോവിഡില്‍ നിന്ന് രക്ഷ നേടാന്‍ സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ് ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും. അതിലും കൊള്ളലാഭം മാത്രം കണ്ടുകൊണ്ടിരിക്കുകയാണ് ചിലര്‍. ഗുജറാത്തില്‍ നിന്നാണ് വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്.
വ്യാജ സാനിറ്റൈസര്‍ വില്‍പ്പനയിലൂടെ കഴിഞ്ഞ 10 മാസം കൊണ്ട് കോടികള്‍ വരുമാനമുണ്ടാക്കി, അവസാനം പിടിയിലായിരിക്കുകയാണ് ഒരു യുവാവ്. പത്തുലക്ഷം രൂപ മൂല്യം വരുന്ന വ്യാജ സാനിറ്റൈസര്‍ കുപ്പികള്‍ കടകളില്‍ നിന്ന് പിടിച്ചെടുത്തതോടെയാണ് യുവാവിലേക്ക് അന്വേഷണം എത്തിയത്.
വഡോദരയിലാണ് സംഭവം. രണ്ടു കടയില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തത്. വഡോദരയിലെ വസ്‍ന റോഡിലെയും റോപുര പ്രദേശത്തെയും കടകളില്‍നിന്നാണ് വ്യാജസാനിറ്റൈസര്‍ പിടിച്ചെടുത്തിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിതിന്‍ കോട്‍വാനി എന്നയാള്‍ അറസ്റ്റിലാവുകയായിരുന്നു.
പത്തുമാസം കൊണ്ട് വ്യാജ സാനിറ്റൈസര്‍ വില്‍പ്പനയിലൂടെ ഇയാള്‍ പത്തുകോടി രൂപ സമ്പാദിച്ചതായി പൊലീസ് പറയുന്നു. മനുഷ്യ ശരീരത്തിന് അത്രയേറെ മാരകമായ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ സാനിറ്റൈസര്‍ നിര്‍മ്മാണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ഇയാളുടെ മാനുഫാക്ചറിംഗ് നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് കൂടിയ അളവില്‍ മാരക രാസവസ്തുവായ മെഥനോള്‍ പിടിച്ചെടുത്തിട്ടുണ്ട്. നിതിന് മെഥനോള്‍ വിതരണം ചെയ്ത വ്യക്തികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
നിതിന്‍ നല്‍കിയ പേരിലും മേല്‍വിലാസത്തിലും അന്വേഷിച്ചെങ്കിലും അങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നിതിന്‍റെ ബാങ്കിടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
സാനിറ്റൈസര്‍ മാനുഫാക്ചറിംഗ് യൂണിറ്റില്‍ നടത്തിയ റെയ്ഡില്‍ 45 ലക്ഷത്തിന്‍റെ വ്യാജ സാനിറ്റൈസറാണ് പൊലീസ് കണ്ടെടുത്തത്. പരിശോധന ഫലം പുറത്തുവന്നപ്പോള്‍ 20 മുതല്‍ 70 ശതമാനം വരെ മെഥനോളിന്‍റെ സാന്നിധ്യം അവയില്‍ കണ്ടെത്തിയിട്ടുണ്ട്. എഥനോളിന് പകരം വില കുറവായതിനാല്‍ മെഥനോള്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
Adjust Story Font
16