വൈഗയുടെ മരണം: ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ആരുടേത്?
ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയുടെ ശാസ്ത്രീയ പരിശോധനഫലം ലഭ്യമായിട്ടില്ല. ഇതുകൂടി ലഭ്യമായാല്‍ കേസില്‍ കൂടുതല്‍ വ്യക്തത കൈവരും
വൈഗ കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലുളള സനുമോഹനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുട്ടാര്‍ പുഴയുടെ തീരത്തുള്‍പ്പെടെ സനുമോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. സനുമോഹന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.
കര്‍ണാടകയിലെ കര്‍വാറില്‍ നിന്ന് പിടികൂടിയ സനുമോഹനെ ഇന്നലെ പുലര്‍ച്ചെയോടെയാണ് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ മകളെ കൊന്നത് താനാണെന്ന് സനുമോഹന്‍ കുറ്റസമ്മതം നടത്തിയിരുന്നു. വന്‍ സാമ്പത്തിക ബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്നും ഒളിവില്‍ കഴിയവെ പലതവണ താന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് സനുവിന്‍റെ മൊഴി.
ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയുടെ ശാസ്ത്രീയ പരിശോധനഫലം ലഭ്യമായിട്ടില്ല. ഇതുകൂടി ലഭ്യമായാല്‍ കേസില്‍ കൂടുതല്‍ വ്യക്തത കൈവരും. ഫ്ലാറ്റിലും മുട്ടാര്‍ പുഴയുടെ തീരത്തുമുള്‍പ്പെടെയായിരിക്കും പ്രധാനമായും തെളിവെടുപ്പുണ്ടാവുക. പൂനെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന സനുമോഹന് കോടികളുടെ ബാധ്യതകളുണ്ടായിരുന്നുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
കേരളത്തിന് പുറത്ത് സനുമോഹനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും നിലവിലുണ്ട്. കേസിന്‍റെ കൂടുതൽ വിശദാംശങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ ഡിസിപിയുടെ നേതൃത്വത്തിൽ പോലീസ് സംഘം മുംബൈയ്ക്ക് തിരിച്ചിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബാംഗങ്ങൾക്കു പോലുമറിയാതെ കൊച്ചിയിൽ ഫ്ളാറ്റിൽ താമസം ആക്കേണ്ട സാഹചര്യം എന്തായിരുന്നു എന്നുള്ളതും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16