Quantcast

ഐഐടികള്‍ക്കാകെ അപമാനമായി ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ തെറി വിളി

പിന്നോക്ക ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടിയില്‍ പ്രവേശനം നേടാന്‍ സഹായിക്കുന്ന മുന്നൊരുക്ക ക്ലാസിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    27 April 2021 3:39 AM GMT

ഐഐടികള്‍ക്കാകെ അപമാനമായി ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ തെറി വിളി
X

രാജ്യത്തെ ഉന്നത വിദ്യാഭാസത്തിന്‍റെ ചുരുക്കെഴുത്താണ് സത്യത്തില്‍ ഐഐടികള്‍. അവിടെ വിദ്യതേടി എത്തുന്നവരായാലും അവരെ വിദ്യ അഭ്യസിക്കുന്നവരായാലും എല്ലാവരും വിദ്യാസമ്പന്നര്‍. എന്നാല്‍ ഒരു ഓണ്‍ലൈന്‍ ക്ലാസിനിടെ ഐഐടി ഖരക്‍പൂരിലെ ഒരു അധ്യാപികയുടെ വായില്‍ നിന്ന് വീണ് തെറിവാക്കുകള്‍ കേട്ട് ആകെ പകച്ചുനില്‍ക്കുകയാണ് രാജ്യത്തെ ഐഐടികള്‍. രാജ്യമെങ്ങുമുള്ള ഐഐടികളില്‍ നിന്ന് അധ്യാപികയെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ ക്ലാസിന്‍റെ വീഡിയോ കുട്ടികള്‍ പുറത്തുവിടുകയായിരുന്നു.

ഐഐടി കെജിപി കണ്‍ഫെഷന്‍സ് എന്ന ഫെയ്‍സ് ബുക്ക് പേജിലൂടെയാണ് ആദ്യം വീഡിയോ പുറത്തു വന്നത്. പിന്നീടത് മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വൈറലാകുകയായിരുന്നു.

ഖരക്‍പൂര്‍ ഐഐടിയിലെ ഹ്യൂമാനിറ്റീസ് ആന്‍റ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ അധ്യാപികയായ സീമ സിംഗിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. വ്യക്തമായ കാരണമില്ലാതെയാണ് വളരെ മോശമായ വാക്കുകള്‍ അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പിന്നോക്ക ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം ഐഐടിയില്‍ പ്രവേശനം നേടാന്‍ സഹായിക്കുന്ന ഒരു മുന്നൊരുക്ക ക്ലാസ് ആയിരുന്നു നടന്നുകൊണ്ടിരുന്നത്. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സുകളിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ കോഴ്സ്. ക്ലാസെടുക്കുന്നതിനിടെ അധ്യാപിക വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ക്ലാസിലെ പെരുമാറ്റം മോശമാണെന്ന് മാതാപിതാക്കളെ അറിയിക്കുമെന്നാണ് ഭീഷണി.

ഓണ്‍ലൈന്‍ ക്ലാസിനിടെ ദേശീയ ഗാനത്തിന് വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ചാണ് അധ്യാപിക ദേഷ്യപ്പെട്ടത് എന്ന് ആ ക്ലാസിലുണ്ടായ ഒരു വിദ്യാര്‍ത്ഥി പറയുന്നു. ക്ലാസിലുണ്ടായിരുന്ന എല്ലാവരെയും ആ ടീച്ചര്‍ ചീത്ത വിളിക്കുകയായിരുന്നു. ഞങ്ങളാരും ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നിട്ടില്ലെന്നാണ് അധ്യാപിക കരുതിയത്. ഞങ്ങളെല്ലാവരും എഴുന്നേറ്റ് നിന്നിരുന്നു. ഇനിയിപ്പോള്‍ ആരെങ്കിലും എഴുന്നേറ്റ് നിന്നില്ലെന്ന് കരുതുക, ഒരു അധ്യാപിക പ്രതികരിക്കേണ്ട രീതി ഇതാണോ. ഏതെങ്കിലും അധ്യാപിക ഒരു വിദ്യാര്‍ത്ഥിയെ ഇത്തരമൊരു വാക്ക് വിളിക്കുമോ എന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ വിദ്യാര്‍ത്ഥി ചോദിക്കുന്നു.

വിഷയത്തില്‍ അധ്യാപികയുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഐടി ഖരഗ്‍പൂരും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥികളുടെ പ്രതികരണം അറിയാനായി ഐഐടി ഡയറക്ടര്‍ വി കെ തിവാരി ഒരു വെര്‍ച്വല്‍ മീറ്റീംഗ് വിളിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

TAGS :

Next Story