കുവൈത്തിൽ അറുപത് വയസിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് പുതുക്കില്ല
തീരുമാനത്തിൽ മാറ്റമില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി
അറുപതു വയസിനുമുകളിൽ പ്രായമുള്ള ബിരുദമില്ലാത്ത വിദേശികൾക്കു തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കുവൈത്ത് മാനവ വിഭവശേഷി അതോറിറ്റി. ഉത്തരവിൽ ഭേദഗതി വരുത്തിയതായി വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ നയം വ്യക്തമാക്കിയത്.
തൊഴിൽവിപണിയുടെ ആവശ്യം മുൻനിർത്തി കർശന നിയന്ത്രണങ്ങളോടെയും അധിക ഫീസ് ചുമത്തിയും 60ന് മുകളിലുള്ളവർക്കും വർക്ക് പെർമിറ്റ് പുതുക്കിനൽകുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇതുവരെ അത്തരത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും നയപരവും തന്ത്രപ്രധാനവുമായ വിഷയത്തിൽ തീരുമാനം ഏറെ ആലോചിച്ചതിന് ശേഷമേ എടുക്കൂവെന്നും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയിൽ നിരവധി വിദേശ തൊഴിലാളികൾ നാട്ടിൽ കുടുങ്ങിയത് സംരംഭങ്ങളെ ബാധിച്ചതിനാൽ സ്വദേശി തൊഴിലുടമകളിൽനിന്ന് പ്രായപരിധി നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. ജനുവരി ഒന്നുമുതൽ ഇതു പ്രാബല്യത്തിൽ വരികയും ചെയ്തു. വിദേശി അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രായപരിധി നിബന്ധന നടപ്പാക്കിയത്.
Adjust Story Font
16