Quantcast

''വിശേഷമൊന്നുമായില്ലേ, ഡോക്ടറെ കാണിച്ചോ, ആര്‍ക്കാണ് കുഴപ്പം?''

വന്ധ്യത മൂലം പ്രയാസം അനുഭവിക്കുന്ന ദമ്പതികളുടെ ജീവിതാനുഭവങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് റംസിയ റഹ്‍മത്ത്.

MediaOne Logo

  • Published:

    5 Jan 2021 8:49 AM GMT

വിശേഷമൊന്നുമായില്ലേ, ഡോക്ടറെ കാണിച്ചോ, ആര്‍ക്കാണ് കുഴപ്പം?
X

കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ എത്രയായി, കുട്ടികളൊന്നുമായില്ലേ, ഡോക്ടറെ കാണിച്ചോ, ആര്‍ക്കാ കുഴപ്പം- ഇതൊരു സീരീസായിട്ടുള്ള ചോദ്യങ്ങളാണ്. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളാകാത്ത ദമ്പതികളെ കാണുമ്പോള്‍ സമൂഹം ചോദിക്കുന്ന ചോദ്യങ്ങള്‍. വെറും കുശലാന്വേഷണം എന്നതിനപ്പുറം, വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ ഉദരത്തില്‍ പേറാനാകാത്തവളുടെ, കുഞ്ഞിനെ താലോലിക്കാന്‍ കഴിയാത്തവന്‍റെ വേദനകളെ മനസ്സിലാക്കാന്‍ നമ്മള്‍ എത്രത്തോളം ശ്രമിക്കുന്നുണ്ട്. അത്തരമൊരു പഠനത്തിന്‍റെ പിറകിലായിരുന്നു റംസിയ റഹ്മത്ത്. വന്ധ്യത മൂലം പ്രയാസം അനുഭവിക്കുന്ന ദമ്പതികളുടെ ജീവിതാനുഭവങ്ങളെ കുറിച്ചുള്ള പഠനത്തില്‍ ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് റംസിയ. തിരുവനന്തപുരത്തെ ലൊയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നാണ് റംസിയ തന്‍റെ ഗവേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

എന്തെല്ലാമാണ് വന്ധ്യത മൂലം പ്രയാസം അനുഭവിക്കുന്ന ദമ്പതികളുടെ പ്രശ്നങ്ങള്‍, എങ്ങനെയാണ് അത്തരമൊരു അവസ്ഥയെ അതിജീവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത്- റംസിയ സംസാരിക്കുന്നു.

റംസിയ റഹ്മത്ത്

പഴയ പോലെ അല്ല, വന്ധ്യത എന്ന അവസ്ഥ ഇപ്പോള്‍ സാധാരണയായിക്കഴിഞ്ഞു, നമ്മുടെ വീട്ടില്‍, സഹോദരങ്ങള്‍ക്ക്, കുടുംബങ്ങളില്‍, അയല്‍വക്കങ്ങളില്‍, അങ്ങനെയങ്ങനെ നമ്മുടെ ചുറ്റുപാടുകളിലൊക്കെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്.കുട്ടികളില്ല, ചികിത്സയിലാണ് എന്ന് പറയുന്നതും ഇപ്പോള്‍ സാധാരണയായിക്കഴിഞ്ഞു. എന്തായിരിക്കും അതിനുള്ള കാര്യം എന്ന അന്വേഷണമാണ് ആദ്യം നടത്തിയത്.

അന്നും ഇന്നും എന്നും ഒരു കല്യാണവും പ്രസവവുമൊക്കെ അഘോഷിക്കുന്ന സമൂഹമാണ് നമ്മുടേത്. പ്രസവം, മുടികളച്ചില്‍, നൂലുകെട്ട്, 28, നാല്‍പ്പത്, പിറന്നാള്‍ തുടങ്ങി കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട എന്തും ആഘോഷമാണ് ഈ സമൂഹത്തില്‍. ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ പഠനം കഴിയട്ടെ, ജോലി കിട്ടട്ടെ എന്നെല്ലാമുള്ള കണക്കുകൂട്ടലില്‍ വിവാഹവും പ്രസവവുമൊക്കെ നേരം വൈകിക്കുന്നുമുണ്ട്. എന്നാലും 18 തികയും മുമ്പ് കല്യാണം, കല്യാണം കഴിഞ്ഞ് ഒരു മാസം ആകുംമുമ്പ് വിശേഷം, പെട്ടെന്ന് തന്നെ പ്രസവം എന്ന ചിന്തകള്‍ക്കൊന്നും ഇന്നും ഒരു മാറ്റവുമില്ല. കല്യാണം കഴിഞ്ഞ് വിശേഷമുണ്ടോ, ഒന്നുമായില്ലേ, ആര്‍ക്കാ കുഴപ്പം, ഡോക്ടറെ കണ്ടോ... ഇത്തരം ചോദ്യങ്ങളുള്ള ഒരു സമൂഹത്തില്‍ കുട്ടികളില്ലാതെ കഴിയേണ്ടിവരുന്ന ഒരു ദമ്പതിമാരുടെ മാനസികാവസ്ഥ എന്തായിരിക്കും. ഇത്തരമൊരു സമൂഹത്തില്‍ എങ്ങനെയായിരിക്കും കുട്ടികളില്ലാത്തവര്‍ ജീവിക്കുന്നത്.

പഠനവുമായി മുന്നോട്ട് പോയപ്പോള്‍ തന്നെ എന്നെ കുഴക്കിയ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ART, GIFT, cysts, IVF തുടങ്ങിയ വാക്കുകളൊക്കെ ഇന്ന് സാധാരണക്കാര്‍ക്കൊക്കെ പരിചിതമായിക്കഴിഞ്ഞു. മാത്രമല്ല, മതവിശ്വാസികളെ ഹനിക്കുന്ന ചില ഘടകങ്ങള്‍ വരെ ഇത്തരം ചികിത്സയിലുണ്ട് എന്നതും ആളുകളെ കുഴക്കുന്നുണ്ട്. കാരണം അണ്ഡവും ബീജവുമൊക്കെ പുറത്തെടുത്ത്, പുറത്തുനിന്ന് യോജിപ്പിച്ച്, വീണ്ടും ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിച്ച് കുഞ്ഞെന്ന ആഗ്രഹം സഫലമാക്കുന്ന ചികിത്സ. വിശ്വാസത്തെ ഹനിക്കും എന്ന കാരണം പറഞ്ഞ് ആളുകള്‍ അതിന് വിധേയമാകാത്ത അവസ്ഥ.. അത് എന്തുകൊണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു.

ആണുങ്ങളിലെ വന്ധ്യത ആരും അങ്ങനെ പഠനവിധേയമാക്കിയിട്ടില്ല. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ പോലും അതാണ് അവസ്ഥ. അപൂര്‍വം ചില പഠനങ്ങളില്‍ പുരുഷ വന്ധ്യത കൂടി പ്രമേയമാക്കിയിട്ടുണ്ട് എന്ന് മാത്രം. അതുകൊണ്ടാണ് പഠന വിഷയം വന്ധ്യത സ്ത്രീകളില്‍ എന്നത് മാറ്റിയിട്ട്, വന്ധ്യത ദമ്പതികളില്‍ എന്നാക്കി മാറ്റിയത്. പുരുഷ വന്ധ്യത കൂടി വരുന്ന ഈ കാലഘട്ടത്തില്‍, അത് കൂടി പഠിക്കാതെ സ്ത്രീകളിലെ വന്ധ്യതയെ കുറിച്ച് മാത്രം പഠനം നടത്തിയിട്ട് കാര്യമില്ലല്ലോ.. പുരുഷന്മാരിലെ വന്ധ്യത മാത്രം പഠിച്ചാല്‍ പഠനം പൂര്‍ണമാകുകയുമില്ല. അതുകൊണ്ടാണ് ദമ്പതികളിലെ വന്ധ്യത എന്ന വിഷയം എടുക്കുന്നത്. അത്തരം ദമ്പതികളുടെ ജീവിതം എങ്ങനെയായിരിക്കും എന്നായിരുന്നു പഠനത്തിന്റെ ആദ്യ മുന്‍ഗണന.

പഠനത്തിന്‍റെ ആദ്യഘട്ടത്തില്‍ ഈ രംഗത്തെ ഡോക്ടര്‍മാരെയാണ് ആദ്യം സമീപിച്ചത്. വന്ധ്യത സ്ത്രീകളിലുള്ളത് എത്ര ശതമാനമാണോ, അതേ അളവില്‍ തന്നെ പുരുഷന്മാരിലും കാണുന്നുവെന്ന സൂചനയാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. ജീവിത രീതി മാറിയതും പുകവലിയും, മദ്യപാനവുമെല്ലാം പുരുഷന്മാരിലെ വന്ധ്യതയ്ക്ക് ഒരു പരിധിവരെ കാരണമായിതുടങ്ങി. അതുപോലെ, കൂടുതല്‍ നേരം ഇരുന്നിട്ട് ജോലി ചെയ്യുന്നവരില്‍, മാര്‍ക്കറ്റിംഗ് ജോലി ചെയ്യുന്നവരില്‍, ഷെഫുമാര്‍, എന്നിവരിലൊക്കെ വന്ധ്യത കൂടി വരുന്നുണ്ട്.

5 ഭാഗങ്ങളായാണ് പഠനം പൂര്‍ത്തിയാക്കിയത്

1. വന്ധ്യത മൂലം നമ്മുടെ സമൂഹത്തില്‍ ദമ്പതികള്‍ അനുഭവിക്കുന്ന സാമൂഹിക- സാമ്പത്തിക പ്രശ്നങ്ങള്‍

വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകാന്‍ നേരം വൈകുന്തോറും സ്ത്രീകള്‍ പിന്നെ ഒരു പൊതുചടങ്ങിനും പോകാതെയാകും. ഒരു കല്യാണത്തിനോ ആളു കൂടുന്ന എന്തെങ്കിലും ചടങ്ങുകളില്‍ നിന്നോ അവര്‍ ഒഴിഞ്ഞു മാറി നില്‍ക്കും. കാരണം ഇങ്ങനെയുള്ള സ്ത്രീകളെ കാണുമ്പോഴേക്ക് 'വിശേഷമൊന്നുമായില്ലേ' ചോദ്യങ്ങളുമായി വരുന്നതില്‍ സമൂഹത്തിന് ഒരു മടിയുമില്ല. പക്ഷേ, ഇത്തരം ചോദ്യങ്ങള്‍ കേട്ട് അവര്‍ക്ക് അതിനകം തന്നെ മടുത്തിരിക്കും.

ചോദ്യങ്ങള്‍ മാത്രമല്ല, കുട്ടികളുമായി വരുന്ന ആളുകളെ കാണുമ്പോള്‍ എത്ര നിയന്ത്രിച്ചാലും അവരുടെ മനസ്സ് സങ്കടം കൊണ്ട് തിങ്ങിനിറയും. പ്രായത്തില്‍ അവരെക്കാളും ചെറുപ്പമായവരുടെ കയ്യിലാണ് കുഞ്ഞിനെ കാണുന്നതെങ്കില്‍ ആ സങ്കടം പിന്നെയും കൂടും. അവര്‍ക്കൊക്കെ പെട്ടെന്ന് പെട്ടെന്ന് കുട്ടികളാകുമ്പോള്‍, ഇത്രകാലം ട്രീറ്റ്മെന്‍റ് ഒക്കെ ചെയ്തിട്ടും മരുന്നുകള്‍ കഴിച്ചിട്ടും ഒരു കുഞ്ഞിനെ കിട്ടിയില്ലല്ലോ എന്നത് വല്ലാത്ത ഒരു വേദനയായി അവരുടെ ഉള്ളില്‍ കിടക്കും.

ഇത്തരം ചടങ്ങുകളിലെത്തിയാല്‍ അവരൊരു കുട്ടിയെ കളിപ്പിച്ചാലോ, കളിപ്പിക്കാതെ മാറിനിന്നാലോ സെന്‍റര്‍ ഓഫ് അറ്റന്‍ഷന്‍ അവരായി മാറുന്നു എന്നും അവര്‍ക്ക് തോന്നും. എല്ലാവരും എന്നെതന്നെ ശ്രദ്ധിക്കുവാണോ എന്നൊക്കെ ചിന്തിക്കും. കല്യാണം കഴിഞ്ഞ ഉടനെ കുട്ടികളില്ലാതെയാകുകയാണെങ്കില്‍ ജീവിതം കൊണ്ട് ഒരു കാര്യവുമില്ല എന്ന അവസ്ഥയിലേക്ക് സമൂഹം അവരെയെത്തിക്കും. കുട്ടികളില്ലാതെ എന്ത് ജീവിതം എന്ന് അവര്‍ ചിന്തിക്കും. ചിലരൊക്കെ തങ്ങളുടെ കര്‍മ്മം കൊണ്ട്. മുജ്ജന്മത്ത് ചെയ്ത എന്തോ തെറ്റു കൊണ്ട് എന്നൊക്കെ വിശ്വസിക്കുന്നവരുമുണ്ട്. വിശ്വാസം ഇല്ലാത്തവര്‍ പോലും ഈ ഒരു കാര്യത്തിന് വേണ്ടി, വിശ്വാസത്തിന്റെ പാതയിലേക്ക് വരുന്നുണ്ട്.

കല്യാണം കഴിഞ്ഞ് ആദ്യ വര്‍ഷങ്ങളില്‍ കുട്ടികള്‍ വേണ്ട എന്ന് കരുതിയവര്‍ പോലും പിന്നീട് അതില്‍ പശ്ചാത്തപിക്കുന്നത് കണ്ടു. കാരണം നമ്മുടെ സമൂഹത്തില്‍ കുട്ടികളില്ലാതെ ജീവിക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. ആള്‍ക്കാരുടെ ചോദ്യം മാത്രമല്ല, പ്രായമാകുമ്പോള്‍ നമ്മുടെ സംരക്ഷണത്തിന് ആരുണ്ടാകുമെന്ന ആശങ്കയും അതിന് കാരണമാണ്. പ്രായം കൂടുന്തോറും ആ കാര്യത്തിലുള്ള അവരുടെ ആധിയും കൂടി വരും. നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് പ്രായമാകുമ്പോള്‍ നമ്മള്‍ ഭാരമാകുമോ, മക്കളില്ലാതെ ഭാവി ജീവിതം എന്താകും, ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഒരു മാറ്റവും കാലമിത്ര കഴിഞ്ഞിട്ടും വന്നിട്ടില്ല.

ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്‍റ് എന്നുപറഞ്ഞാല്‍ അത്രയേറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ട്രീറ്റ്മെന്‍റാണ്. പക്ഷേ, എത്രത്തോളം റിസള്‍ട്ട് കിട്ടുമെന്ന് ഉറപ്പുപറയുകയും വയ്യ. പക്ഷേ റിസള്‍ട്ട് കിട്ടും വരെ ഈ ട്രീറ്റ്മെന്‍റ് ചെയ്ത് കൊണ്ടിരിക്കുന്നവരും ഉണ്ട്. കയ്യില്‍ പൈസയില്ലാഞ്ഞിട്ട് ട്രീറ്റ്മെന്‍റ് ഇടയ്ക്ക് വെച്ച് നിര്‍ത്തിയവരും ഉണ്ട്. ബാക്കിയുള്ള എന്ത് അസുഖത്തിനു കടം ചോദിക്കുന്നത് പോലെയല്ല, കുട്ടികളില്ലാത്ത അസുഖത്തിന് വേണ്ടി, അതിനാവശ്യമായ ചികിത്സയ്ക്ക് വേണ്ടി കടം ചോദിക്കാന്‍ എല്ലാവരും മടിക്കും. പ്രത്യേകിച്ച് പുരുഷന്മാര്‍. അപ്പോള്‍ ചികിത്സ നിലയ്ക്കും, അതേ ചൊല്ലി ഭാര്യയുമായി വഴക്കാകും.

ശരിക്കും പുരുഷന്മാര്‍ ഇതിന്‍റെ ഇടയില്‍പ്പെട്ട് മാനസികമായി വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആരോടും പണം കടം ചോദിക്കാനും കഴിയുന്നില്ല, ഭാര്യ പറയുന്നത് കേള്‍ക്കും വേണം. സ്ത്രീകള്‍ മാത്രമല്ല, സ്ട്രെസ് അനുഭവിക്കുന്നത് എന്ന് അര്‍ത്ഥം. വന്ധ്യതയുടെ ദുരിതം പേറുന്ന ഒരു സ്ത്രീ അനുഭവിക്കുന്ന അതേ മാനസിക അളവില്‍ തന്നെ പുരുഷനും സ്ട്രെസ് അനുഭവിക്കുന്നുണ്ട്. പല പുരുഷന്മാരും ട്രീറ്റ്മെന്‍റ് എടുക്കുമ്പോള്‍ ഭാര്യയുടെ ആരോഗ്യത്തെ നശിപ്പിക്കുമല്ലോ അത് എന്ന കാര്യത്തില്‍ വല്ലാതെ സങ്കടപ്പെടുന്നവരാണ്. അല്ലെങ്കില്‍ കയ്യില്‍ പൈസയില്ലാഞ്ഞിട്ട് ചികിത്സിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് ടെന്‍ഷനടിക്കുന്നവരാണ്. മെഡിക്കല്‍ ലോണ്‍ ഒക്കെ കിട്ടും. പക്ഷേ അതിലൊന്നും ഈ ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സ വരുന്നില്ല. ഇത്തരം ദമ്പതിമാരുടെ ചികിത്സാ സഹായത്തിനായി ലോണോ ഫണ്ടോ പോളിസിയോ ഒന്നുമില്ല.

2. കുടുംബത്തില്‍ നിന്നുള്ള പിന്തുണ

കുടുംബത്തില്‍ നിന്നുള്ള പിന്തുണയെങ്ങനെയാണ് അവരെ പോസിറ്റീവായും നെഗറ്റീവായും ചികിത്സയുടെ സമയത്ത് ബാധിക്കുന്നത്. പരസ്പരം ഇരുവര്‍ക്കും, ഇരു കുടുംബത്തില്‍ നിന്നുമുള്ള പിന്തുണ എങ്ങനെയാണ് എന്നതെല്ലാമാണ് പ്രധാനമായും പഠന വിധേയമാക്കിയത്.

ചികിത്സയുടെ സമയത്ത് കുടുംബത്തില്‍ നിന്ന് കിട്ടുന്ന പരിഗണന, ഇവരുടെ ചികിത്സയിലുണ്ടാക്കുന്ന പോസിറ്റീവ് എനര്‍ജി വളരെ കൂടുതലാണ്. വന്ധ്യതയ്ക്ക് സ്ട്രെസ്സ് ഒരു കാരണമാകുന്നുണ്ടെന്ന് പറയുന്നുണ്ട്. അതായത് ഇന്‍ഫെര്‍ട്ടിലിറ്റി കൊണ്ട് സ്ട്രെസ്സ് ഉണ്ടാകും. സ്ട്രെസ് കൊണ്ട് ഇന്‍ഫെര്‍ട്ടിലിറ്റിയുമുണ്ടാകും. ചികിത്സയുടെ സമയത്ത് സ്ട്രെസ് ഉണ്ടാകുകയാണെങ്കില്‍ പിന്നെ ചികിത്സ നടത്തിയിട്ട് ഒരു കാര്യവുമുണ്ടാകില്ല. ആ സമയത്ത് കുടുംബത്തില്‍ നിന്ന് കിട്ടുന്ന ഓരോ പിന്തുണയും അവരെ അത്രയും കരുത്തരാക്കും. പക്ഷേ കൂടുതല്‍ പേര്‍ക്കും അതൊന്നും കിട്ടുന്നില്ല എന്നതാണ് സത്യം. ART, IVF ചികിത്സകള്‍ ചെയ്യുന്നത് പോലും കുടുംബത്തില്‍ പറയാത്ത പലരുമുണ്ട് ഇന്നും. റിസള്‍ട്ട് ഉണ്ടാകുകയാണെങ്കില്‍ മാത്രം പറയാം. അല്ലെങ്കില്‍ പറയണ്ട, അറിയണ്ട എന്ന് കരുതി മിണ്ടാതിരിക്കുന്നു. അതിന് ഒരു കാരണം, ചില ഭര്‍തൃവീട്ടുകാര്‍ മകന്‍റെ വരുമാനം മുഴുവന്‍ ഇതിന് പോകുകയാണല്ലോ എന്ന് പരിതപിക്കും. അതൊന്നും കേള്‍ക്കണ്ടല്ലേ എന്ന് കരുതി, ഈ ട്രീറ്റ്മെന്റ് എടുക്കുന്ന കാര്യമേ ദമ്പതികള്‍ വീട്ടില്‍ പറയില്ല. അതുകൊണ്ടുതന്നെ, ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മുഴുവന്‍ അവര്‍ ഒറ്റയ്ക്ക് തന്നെ അനുഭവിക്കുകയാണ്. സ്ത്രീകള്‍ ജോലിക്കാരി കൂടിയാണെങ്കില്‍ അവരനുഭവിക്കുന്ന ശാരീരിക മാനസിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അത്രയേറെയാണ്.

3. ചികിത്സയുടെ ഭാഗമായിട്ട് അവര്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍

ഇതൊരു ഇമോഷണല്‍ റോളര്‍ കോസ്റ്റ് ആണ്. ഓരോ മാസവും പ്രതീക്ഷയുണ്ടാവും. പിരീഡ്സ് ആകുമ്പോള്‍ ആ പ്രതീക്ഷ നശിക്കും. അടുത്തമാസം വീണ്ടും പ്രതീക്ഷിക്കും. ഇതുമൂലം ഡിപ്രഷനിലാകുന്നവര്‍ വരെയുണ്ട്. പലരും കൌണ്‍സിലിംഗിന് വിധേയമാകേണ്ടിവരുന്നു. പല ക്ലിനിക്കുകയും ട്രീറ്റ്മെന്റിന്‍റെ ഭാഗമായി കൌണ്‍സിലിംഗ് നല്‍കുന്നില്ല. ചികിത്സ തേടുന്ന ദമ്പതികള്‍ക്ക് മാത്രം കൌണ്‍സിലിംഗ് നല്‍കിയാല്‍ പോര എന്നതാണ് വാസ്തവം. കൂടെ ജീവിക്കുന്ന ബന്ധുക്കള്‍ക്കും ഈ കൌണ്‍സിലിംഗ് നല്‍കണം. കാരണം ഇത്തരമൊരു ചികിത്സാഘട്ടത്തിലൂടെ കടന്നുപോകുന്ന ദമ്പതികള്‍ അനുഭവിക്കുന്ന മാനസിക പ്രയാസം വളരെ വലുതാണ്. അത്തരമൊരു ഘട്ടത്തില്‍ അവര്‍ക്കൊപ്പമുള്ള ബന്ധുക്കള്‍ എങ്ങനെയാണ് അവരെ ചേര്‍ത്തുപിടിക്കേണ്ടത് എന്ന് മനസ്സിലാക്കാന്‍ ഈ കൌണ്‍സിലിംഗ് സഹായിക്കും.

ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൌണ്‍സിലിംഗ് പരിശീലനം നല്‍കേണ്ടതുണ്ട്. സാധാരണക്കാരായ, വിദ്യാഭ്യാസമില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാനുള്ള ചികിത്സ എന്നേ അറിയൂ. അതിനപ്പുറം IVF എന്താണെന്നോ ART എന്താണെന്നോ എന്നൊന്നും അറിയില്ല. കൈയില്‍ പൈസയുള്ളപ്പോള്‍ അവര്‍ ചികിത്സയ്ക്ക് വരും. പൈസ തീരുമ്പോള്‍ നിര്‍ത്തും. കിട്ടുന്ന പൈസ മുഴുവന്‍ ഇത്തരം ക്ലിനിക്കുകളില്‍ കൊണ്ടുപോയി കൊടുക്കും. ഇതിന്റെ സൈഡ് എഫക്ടുകളെ കുറിച്ചൊന്നും ക്ലിനിക്കുകള്‍ ആളുകളെ ബോധവത്കരിക്കുന്നില്ല.

ഗവണ്‍മെന്‍റ് ഹോസ്പിറ്റലില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ഒന്നുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും. പക്ഷേ, അതല്ല, നിലവില്‍ വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ട സൌകര്യങ്ങളെല്ലാം ഗവണ്‍മെന്‍റ് ആശുപത്രികളില്‍ കുറവാണ്. ആളുകള്‍ കൂടുന്നതിനാല്‍ ഒരുപാട് കാലം ചികിത്സയ്ക്കായി കാത്തിരിക്കേണ്ടിവരുന്നു. ഈ ചികിത്സയില്‍ പ്രായവും സമയവും ഒരു പ്രധാന ഘടകമാണ്. എല്ലാ മാസവും ചികിത്സയുടെ ഫോളോ അപ്പ് നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ചികിത്സയ്ക്ക് റിസള്‍ട്ട് ഉണ്ടാവുകയുള്ളൂ. ഒരു മാസം വന്നു, പിന്നെ വരുന്നത് രണ്ട് മാസം കഴിഞ്ഞ്, അതുകൊണ്ട് ചികിത്സയ്ക്ക് കാര്യമുണ്ടാകില്ല. ചികിത്സ തുടര്‍ച്ചയായി നടക്കണം. അതൊക്കെ സ്വകാര്യ ആശുപത്രികളിലേ നടക്കൂ.. അവിടുത്തെ ചികിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങില്ല. ചില ക്ലിനിക്കുകളൊക്കെ, ഇപ്പോള്‍ ചികിത്സ മുടങ്ങാതിരിക്കാന്‍ തങ്ങളുടെ പേഷ്യന്‍റ്സിന് ലോണ്‍ സൌകര്യം വരെ ഏര്‍പ്പാടാക്കി കഴിഞ്ഞു.

സ്ത്രീകളുടെ വന്ധ്യതയ്ക്ക് പ്രായം ഒരു പ്രധാന ഘടകമാണ്. 30 വയസ്സില്‍ താഴെയാണ് ഒരു സ്ത്രീയുടെ ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി, ജോലി കിട്ടി, കരിയര്‍ ഡെവലപ്പ് ചെയ്ത് എന്നൊക്കെ കരുതി ഗര്‍ഭധാരണവും പ്രസവവും മാറ്റിവെക്കുന്നുണ്ട്. അപ്പോഴേക്കും ആരോഗ്യമുള്ള അണ്ഡം ഉണ്ടാകാനുള്ള സാധ്യത കുറയും. ഇതും വന്ധ്യത കൂടാന്‍ കാരണമാകുന്നുണ്ട്. കഴിയുന്നതും വിവാഹവും കരിയരും സമാന്തരമായി കൊണ്ടുപോകാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കണം. കാരണം, അങ്ങനെ കരിയറിന് വേണ്ടി ഫാമിലി പ്ലാനിംഗ് നടത്തി പിന്നീട് അതില്‍ പശ്ചാത്തപിക്കുന്ന ദമ്പതികളും നമുക്ക് ചുറ്റുമുണ്ട്. മലിനീകരണം, ലൈഫ് സ്റ്റൈല്‍, തടി, ഡയബറ്റിക്സ്, നഗരവത്കരണം എല്ലാം വന്ധ്യതയ്ക്ക് പുതിയ കാലത്ത് കാരണമാകുന്നുണ്ട്.

4. മതവും വിശ്വാസവും എങ്ങനെയാണ് ദമ്പതികളുടെ കുട്ടികളില്ലാത്ത അവസ്ഥയെ മറികടക്കാന്‍ സാധിക്കുന്നത്.

എആര്‍റ്റി ചെയ്യാനൊക്കെ ഇന്നും മാനസികമായി ബുദ്ധിമുട്ടുന്ന പലരും ഉണ്ട്. അത് ചെയ്യുന്നത് ശരിയാണോ.. അത് നമുക്ക് പറ്റോ എന്നൊക്കെ ചിന്തിച്ച് വേറെ വഴിയില്ലാഞ്ഞിട്ട് അവസാനം എആര്‍റ്റി ചെയ്യാന്‍ ഒരുങ്ങുന്ന ദമ്പതികളും ഉണ്ട്. ഇസ്‍ലാമിലും ക്രിസ്ത്യാനിറ്റിയിലും ഇതിനെതിരെ പറയുന്നത് കൊണ്ട് മനസ്സില്ലാ മനസ്സോടെ ഇതിന് സമ്മതിക്കുന്നവരാണ് അധികവും.

5. എങ്ങനെയാണ് ഇത്തരമൊരു അവസ്ഥയോട് ദമ്പതികള്‍ പൊരുത്തപ്പെട്ട് പോകുന്നത്.

പഠനത്തിന്റെ ഭാഗമായി പ്രായമായ ചില ദമ്പതികളെയും കണ്ടിരുന്നു. ട്രീറ്റ്മെന്റ് ഒക്കെ നിര്‍ത്താന്‍ പ്രായമായപ്പോഴേക്കും ഈ ഒരു അവസ്ഥയോട് പൊരുത്തപ്പെട്ടു എന്നാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. രണ്ടുപേരും പരസ്പര സ്നേഹത്തോടെ കഴിയുന്നവരും, ഒരാള്‍ ഇടഞ്ഞ് ഇനി ഇങ്ങനെയൊക്കെ അങ്ങോട്ട് മുന്നോട്ടു പോകാം എന്ന് കരുതി മുന്നോട്ട് പോകുന്നവരും അക്കൂട്ടത്തിലുണ്ട്. പരസ്പരം കുറ്റപ്പെടുത്തുന്നവരും, കുറ്റബോധത്തില്‍ കഴിയുന്നവരും ഉണ്ട്.

ആറു ദമ്പതികളില്‍ ഒരാള്‍ക്ക് വന്ധ്യത

Indian Society For Assisted Reproduction (isar) എന്ന പേരില്‍ ഒരു അസോസിയേഷനുണ്ട്. അവര്‍ ഇതില്‍ ഒരു പഠനം നടത്തിയിരുന്നു. സിറ്റികളി‍ല്‍ ജീവിക്കുന്ന 6 ദമ്പതികളില്‍ ഒരാള്‍ക്ക് വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. അത്ര സാധാരണമായി വന്ധ്യത നമ്മുടെ നാട്ടില്‍ മാറിക്കഴിഞ്ഞു. രണ്ട് തരത്തിലുള്ള ഇന്‍ഫെര്‍ട്ടിലിറ്റി ഉണ്ട്. പ്രൈമറി ഇന്‍ഫെര്‍ട്ടിലിറ്റിയും സെക്കണ്ടറി ഇന്‍ഫെര്‍ട്ടിലിറ്റിയും. നമ്മുടെ നാട്ടില്‍ സെക്കണ്ടറി ഇന്‍ഫെര്‍ട്ടിലിറ്റിയാണ് കൂടുതല്‍. അതായത്, ആദ്യത്തെ കുട്ടിയുണ്ടായി, രണ്ടാമത്തെ കുഞ്ഞുണ്ടാകാനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരിക. ഏകദേശം 8 ശതമാനത്തോളം ദമ്പതികളില്‍ ഈ ഒരു അവസ്ഥയുണ്ടാകുന്നുണ്ട്.

പല കാര്യങ്ങളും കൂട്ടായി ചര്‍ച്ച ചെയ്യുമെങ്കിലും ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്‍റുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ അങ്ങനെ ഒരു കൂട്ടായ ചര്‍ച്ച ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. ഒരു പക്ഷേ, ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് അടിയാകണ്ട എന്നതാവണം അതിന് ഒരു കാരണം. ട്രീറ്റ്മെന്റ് എപ്പോഴാണ് തുടങ്ങേണ്ടത്, ഏത് തരം ചികിത്സയാണ് തേടേണ്ടത്, അലോപ്പതി വേണോ, ആയുര്‍വേദം വേണോ, ഹോമിയോ വേണോ ഏത് ഡോക്ടറെ കാണണം. ഏതൊക്കെ കാര്യങ്ങള്‍ ബന്ധുക്കളോട് പറയണം, ഏതൊക്കെ പറയണ്ട.

ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന ദമ്പതികള്‍ പരസ്പരം ഇത് സംബന്ധിച്ച ചര്‍ച്ചകളെ അവഗണിക്കുകയാണ്. അതിന് ഒരു കാരണമായി അവര്‍ പറയുന്നത് വഴക്ക് ഇല്ലാതാക്കുക എന്നതു തന്നെയാണ്. വിഷയം സംസാരിച്ചു തുടങ്ങിയാല്‍ അത് അടിയാകും എന്നുറപ്പാണ്. ആര്‍ക്കാണോ, കുഴപ്പം അവരാണ് ഈ വിഷയം മനഃപൂര്‍വ്വം അവഗണിക്കുന്നതും. കാരണം പങ്കാളിയോട് താനെന്തോ തെറ്റ് ചെയ്യുന്നു എന്ന കുറ്റബോധം പേറിയായിരിക്കും ആ ആള്‍ ജീവിക്കുന്നത്. എപ്പഴാണ് തന്നെ ഇട്ടേച്ച് പോകുക എന്ന പേടി ആ വ്യക്തിയുടെ ഉള്ളിലുണ്ടായിരിക്കും. എപ്പഴാണ് മറ്റേ ആള്‍ വേറെ കല്യാണം കഴിക്കുക. ഈ ചിന്തകളിലൂടെയൊക്കെ ഒരാള്‍ കടന്നുപോകുമ്പോള്‍ അതിനനുസരിച്ച് വീടിനുള്ളില്‍ പെരുമാറുമ്പോള്‍ കുടുംബത്തിലാകെ ഒരു അസ്വസ്ഥതയാകും അത് സൃഷ്ടിക്കുക. മാത്രമല്ല, ഇത്തരം ദമ്പതികളുടെ സഹോദരങ്ങള്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ ഇവര്‍ക്കത് വിഷമമാകുമോ എന്ന ആശങ്കയില്‍ കുടുംബത്തിനുള്ളിലെ ആര്‍ക്കും മനസ്സ് തുറന്ന് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയും വരുന്നു.

സമൂഹം ഏറെ പുരോഗമിച്ചു, പക്ഷേ, കുഞ്ഞുങ്ങളില്ലാത്തവരോടുള്ള കാഴ്ചപ്പാടിന് ഒരു മാറ്റവുമില്ല

എത്ര പുരോഗമിച്ചാലും, വന്ധ്യതയുടെ കാര്യത്തില്‍ കേരളത്തിന്‍റെ കാഴ്ചപ്പാടിന് വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇപ്പഴും കുട്ടികളുണ്ടാവാത്തതിന് ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് പഴി കേള്‍ക്കേണ്ടിവരുന്ന സ്ത്രീകളാണ് നമുക്ക് ചുറ്റുമുള്ളത്. പലരും ആണുങ്ങളെ മറ്റൊരു കല്യാണത്തിന് നിര്‍ബന്ധിക്കുന്നു. ജോലിയുള്ള സ്ത്രീകള്‍ കുറച്ചു കൂടി വീടിന് പുറത്തൊക്കെ ഇറങ്ങുന്നവരായതുകൊണ്ട് അവരുടെ അത്തരം ജീവിതത്തെ ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. വിദ്യാഭ്യാസം കുറവുള്ള, ജോലിയൊന്നും ഇല്ലാത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവസ്ഥ ഇതല്ല. കുട്ടികളില്ലാത്തതിന്റെ പേരില്‍ അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ അത്രയേറെയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണെങ്കിലും, ഭര്‍ത്താവിന്‍റെ അടുത്ത് നിന്നാണെങ്കിലും ഒരു പിന്തുണയുമില്ലാത്ത അവസ്ഥ.

കുറച്ച് ദമ്പതികളെ മാത്രമാണ് പഠന വിധേയമാക്കിയതെങ്കിലും, പഠനത്തിന്റെ ഭാഗമായി ഒരുപാട് ദമ്പതികളെ കണ്ട് സംസാരിച്ചിരുന്നു. ഡോക്ടര്‍മാരെയും കൌണ്‍സിലര്‍മാരെയും കണ്ടിരുന്നു.ചികിത്സ ഒരാള്‍ക്ക് മതിയാവും. പക്ഷേ വന്ധ്യതയെന്ന അവസ്ഥയുടെ ഭീകരത രണ്ടുപേരും അനുഭവിക്കേണ്ടി വരികയാണ്. ഭര്‍ത്താവിനാണ് ചികിത്സ നടക്കുന്നതെങ്കിലും അക്കാര്യം ഭര്‍ത്താവിന്റെ വീട്ടില്‍പോലും തുറന്നുപറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന സ്ത്രീകളെയും കണ്ടു. അത് ഭര്‍ത്താവിന് കുടുംബത്തിനും സമൂഹത്തിനും മുന്നില്‍ നാണക്കേടാവാതിരിക്കാന്‍ വേണ്ടി മാത്രം. ആ പഴി സ്വന്തം ചുമക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണ്.

എന്താണ് പ്രതിവിധി

സാമൂഹ്യപ്രവര്‍ത്തകര്‍ക്കും, കൌണ്‍സിലര്‍മാര്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ റോളുകളുണ്ട്. ഇത്തരം ദമ്പതികളുടെ സപ്പോര്‍ട്ടീവ് ഗ്രൂപ്പുകളുണ്ടാവണം. സമാന വിഷമം അനുഭവിക്കുന്ന ദമ്പതികള്‍ക്ക് അത് അതേ വിഷമം അനുഭവിക്കുന്ന ആളുകളോട് തുറന്ന് സംസാരിച്ചാല്‍ അല്‍പം ആശ്വാസം ലഭിക്കും. പോളിസി തീരുമാനിക്കുമ്പോള്‍ അതില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ് കൂടി ഉള്‍പ്പെടുത്തുക.

ചികിത്സ തേടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ദമ്പതികള്‍ ഒരുമിച്ച് തന്നെ ചികിത്സ തേടുക. പലപ്പോഴും സ്ത്രീകള്‍ മാത്രമാണ് ചികിത്സ തേടുന്നത്. എല്ലാ തരത്തിലുമുള്ള ടെസ്റ്റുകളും നടത്തി ഭാര്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് തെളിഞ്ഞാലാണ്, ഭര്‍ത്താവ് ചികിത്സ തേടാന്‍ തയ്യാറാകുന്നത്. അതും ഭാര്യ കരഞ്ഞ് കാലുപിടിച്ചും വാശിപിടിച്ചും വഴക്കുണ്ടാക്കിയും എല്ലാമാണ് ഭര്‍ത്താവ് അതിന് പാതിമനസ്സോടെ തയ്യാറാകുക. ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ് എന്നു വെച്ചാല്‍ അത് സ്ത്രീകളുടെ ഒരു കാര്യം എന്ന നിലയ്ക്കാണ് ഇന്നും സമൂഹം ഇതിനെ കാണുന്നത്.

സ്വന്തം കാര്യം പലപ്പോഴും സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് സ്വന്തം ഉമ്മയോട്, സഹോദരിയോട്, കൂട്ടുകാരിയോട് ഒക്കെയാകും. ആ പറച്ചിലിനിടയില്‍ അവരൊന്ന് കരയുകയും ചെയ്യും. അതോടെ അവര്‍ക്ക് ഒരു ആശ്വാസം കിട്ടും. എന്നാല്‍ അതല്ല, പുരുഷന്മാരുടെ കാര്യം. ആദ്യമേ ആണുങ്ങളോട് കുട്ടിയായിരിക്കുമ്പോ തന്നെ കരയാന്‍ പാടില്ല, ധൈര്യമായിരിക്കണം എന്നൊക്കെ കുറേ നിയമങ്ങള്‍ പഠിപ്പിച്ചാണ് വളര്‍ത്തുന്നത്. ഇന്‍ഫെര്‍ട്ടിലിറ്റി എന്ന അവസ്ഥ വരുമ്പോഴും അവര്‍ അവരുടെ ഇമോഷന്‍സിനെ മാക്സിമം അവരുടെ ഉള്ളില്‍ തന്നെ അടച്ചുവെക്കുകയാണ്. തുറന്നു പറയാത്തത് കൊണ്ട് തനിക്ക് ഇക്കാര്യത്തില്‍ വിഷമമൊന്നുമില്ലെന്നാണ് ഭാര്യ കരുതുന്നത് എന്ന് സങ്കടപ്പെടുന്ന പുരുഷന്മാരുമുണ്ട്. അവളെപ്പോലെ തന്നെ പ്രശ്നങ്ങളും വിഷമങ്ങളും എനിക്കുമുണ്ട്. പക്ഷേ, ഇത് ഇപ്പോ എല്ലാരോടും തുറന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നാണ് പുരുഷന്മാര്‍ ചിന്തിക്കുന്നത്.

പക്ഷേ, യുവതലമുറയിലെ ചെറുപ്പക്കാര്‍ പരസ്പരം ഇത്തരം ചോദ്യങ്ങളില്‍ നിന്നും മാനസിക വിഷമങ്ങളില്‍ നിന്നുമെല്ലാം സംരക്ഷിക്കാന്‍ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട് അവര്‍ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്ത് ധാരണയിലെത്തി, പരസ്പരം താങ്ങായി നില്‍ക്കുന്നുണ്ട്. അതിന് മുമ്പുള്ള തലമുറകളിലാണ് സത്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുള്ളത്.

TAGS :

Next Story