'എ.ഐ മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് ഭയപ്പെടുന്നു'; എ.ഐയുടെ ഗോഡ്ഫാദര്‍ ഗൂഗിള്‍ വിട്ടു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവാൻമാരാക്കുന്നതിനാണ് താൻ ഗൂഗിളിൽ നിന്നും പടിയിറങ്ങുന്നതെന്ന് 75 കാരനായ ഹിന്റൺ പറയുന്നു
ലോകം മുഴുവൻ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു പിന്നാലെയാണ്. സർവമേഖലകളും എ.ഐ കീഴടക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സ്ഥാപകനായ ജെഫ്രി ഹിന്റൺ ഗൂഗിൾ വിടുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവാൻമാരാക്കുന്നതിനാണ് താൻ ഗൂഗിളിൽ നിന്നും പടിയിറങ്ങുന്നതെന്ന് 75 കാരനായ ഹിന്റൺ പറയുന്നു.
ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഹിന്റൺ ഗൂഗിളിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ഇപ്പോൾ താൻ ചെയ്ത ജോലിയിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിളിൽ നിന്നും താൻ രാജി വെച്ചുവെന്നും അതിനാൽ തന്നെ എ.ഐയുടെ അപകടത്തെക്കുറിച്ച് തനിക്ക് സ്വതന്ത്രമായി സംസാരിക്കാനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗൂഗിളിനെ വിമർശിക്കാനാണ് ഞാൻ ഗൂഗിളിൽ നിന്നും രാജിവെച്ചതെന്നാണ് ന്യൂർയോർക്ക് ടൈംസിലെ കേഡ് മെറ്റ്‌സ് പറയാൻ ശ്രമിച്ചത്. എന്നാൽ യഥാർഥത്തിൽ എന്റെ പ്രസ്താവ ഗൂഗിളിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടത്തെ കുറിച്ച് സംസാരിക്കാനാണ് ഞാൻ ഗൂഗിൾ വിട്ടത്. ഗൂഗിൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചത്. അദ്ദേഹം ട്വീറ്റ് ചെയ്തു.
'എ.ഐ' അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ അപകടങ്ങൾ എന്തായിരിക്കുമെന്ന് ഞാൻ കരുതുന്നതിനെക്കുറിച്ച് ഇപ്പോൾ എനിക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയും. അവയിൽ ചിലത് വളരെ ഭയാനകമാണ്. ഇപ്പോൾ, എനിക്ക് പറയാൻ കഴിയുന്നിടത്തോളം, അവർ കൂടുതൽ ബുദ്ധിയുള്ളവരല്ല. നമ്മളെക്കാളും.. പക്ഷേ, അവർ ഉടൻ അങ്ങനെ ആയേക്കുമെന്ന് ഞാൻ കരുതുന്നു. തിങ്കളാഴ്ച ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഗൂഗിളിനായി ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. ഈ മേഖലയിലെ ഏറ്റവും ആദരണീയമായ ശബ്ദങ്ങളിൽ ഒരാളാണ് അദ്ദേഹം. 2012 ൽ ടൊറന്റോയിൽ രണ്ട് ബിരുദ വിദ്യാർത്ഥികളുമായി പ്രവർത്തിക്കുമ്പോഴാണ് എ.ഐ രംഗത്തെ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മുന്നേറ്റമുണ്ടായത്.
ഫോട്ടോകൾ വിശകലനം ചെയ്യാനും നായ്ക്കൾ, കാറുകൾ എന്നിവ പോലുള്ള പൊതുവായ സംഗതികളെ തിരിച്ചറിയാനും കഴിയുന്ന ഒരു അൽഗോരിതം വിജയകരമായി സൃഷ്ടിക്കാൻ മൂവർക്കും കഴിഞ്ഞുവെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. അദ്ദേഹത്തോടൊപ്പം പദ്ധതിയിൽ പ്രവർത്തിച്ച വിദ്യാർത്ഥികളിൽ ഒരാൾ ഇപ്പോൾ ഓപ്പൺ ഐ.യുടെ ചീഫ് സയന്റിസ്റ്റായി പ്രവർത്തിക്കുകയാണ്.
ന്യൂറൽ നെറ്റ്വർക്കുകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ രൂപപ്പെടുത്തി. ചാറ്റ്ജിപിടി പോലുള്ള ഇന്നത്തെ പല സാങ്കേതികവിദ്യകൾക്കും ശക്തി പകർന്നത് ഇതായിരുന്നു. നിലവിൽ ആശങ്കകളില്ലെങ്കിലും മനുഷ്യന്റെ തലച്ചേറിനെ വെല്ലുന്ന തരത്തിൽ വിവരങ്ങളുടെ നിലവാരത്തെ ചാറ്റ്‌ബോട്ടുകൾക്ക് ഉടൻ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.
Adjust Story Font
16