ആപ്പിള്‍ ഉപകരണങ്ങള്‍ തുടക്കാന്‍ ബ്രാന്‍ഡഡ് തുണി; വിലകേട്ടാല്‍ മൂക്കത്ത് വിരല്‍വെക്കും
'പോളിഷിങ് ക്ലോത്ത്' എന്നാണ് ഈ മൈക്രോ ഫൈബർ തുണിയെ ആപ്പിൾ വിളിക്കുന്നത്.
വിലയുടെ കാര്യത്തില്‍ അമ്പരപ്പിക്കുന്നവയാണ് ആപ്പിള്‍ ഉത്പന്നങ്ങള്‍. കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയ മാക്ബുക്ക് പ്രോ, മൂന്നാം തലമുറ എയർപോഡ്‌സ് എന്നീ ഡിവൈസുകൾക്ക് ഒരു ലക്ഷത്തിലധികമാണ് വില. എന്നാല്‍, ഈ ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ ഒരു തുണി വാങ്ങണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിലാണ് മൂക്കത്ത് വിരല്‍വെച്ചുപോകുന്നത്. പറഞ്ഞു വരുന്നത് കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമായ ഒരു പോളിഷിംഗ് തുണിയെപ്പറ്റിയാണ്. തുണിയെന്നു പറഞ്ഞാല്‍ വെറും തുണിയല്ല, ഒരൊന്നൊന്നര തുണി.
വിലകൂടിയ വിൻഡോസ് ലാപ്ടോപ്പുകളിലും മറ്റും ബോക്സിനുള്ളിൽ സൗജന്യമായി നൽകുന്ന മൈക്രോ ഫൈബർ തുണിയാണ് സംഭവം. പക്ഷെ വില 1,900 രൂപ. പോളിഷിങ് ക്ലോത്ത് (Polishing Cloth) എന്നാണ് ഈ മൈക്രോ ഫൈബർ തുണിയെ ആപ്പിൾ വിളിക്കുന്നത്. "മൃദുവായ വസ്തുക്കൾ കൊണ്ട് നിർമിച്ച, പോളിഷിംഗ് ക്ലോത്ത് നാനോ- ടെക്സ്ചർ ഗ്ലാസ് ഉൾപ്പെടെയുള്ള ഏത് ആപ്പിൾ ഡിസ്പ്ലേയും സുരക്ഷിതമായും ഫലപ്രദമായും വൃത്തിയാക്കുന്നു" എന്നാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരണം.
വിപണിയിൽ ഏകദേശം 100 രൂപയ്ക്ക് വിൽക്കുന്ന മൈക്രോ ഫൈബർ തുണിയിൽ നിന്ന് പോളിഷിങ് ക്ലോത്ത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. തുണിയില്‍ ആപ്പിളിന്റെ ലോഗോ പതിപ്പിച്ചിട്ടുണ്ട്. ഇത്തരം മൈക്രോ ഫൈബര്‍ തുണികള്‍ അഞ്ച് എണ്ണത്തിന്റെ ഒരു പായ്‌ക്കറ്റിന് 300 രൂപ നല്‍കിയാല്‍ ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും കിട്ടുമെന്നത് മറ്റൊരു കൗതുകം.
അതേസമയം, ആപ്പിളിന്റെ വിലകൂടിയ ഐമാക് സിസ്റ്റങ്ങളിലും ആപ്പിളിന്റെ ബാഹ്യ ഡിസ്‌പ്ലേയിലും കാണപ്പെടുന്ന നാനോ ടെക്‌സ്ചര്‍ ചെയ്ത ഗ്ലാസില്‍ പോറലുകളുണ്ടാകാന്‍ സാധ്യതയുണ്ട്. നാനോ- ടെക്‌സ്ചര്‍ ഗ്ലാസുള്ള പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആറിന് ഇന്ത്യയില്‍ 529,900 രൂപയാണ് വില. അതിനാല്‍, ഈ പോളിഷിംഗ് തുണി ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍, ഇത്രയും രൂപ ചെലവഴിച്ച് ഉത്പന്നം വാങ്ങിയിട്ട് തുടയ്ക്കാന്‍ 1,900 രൂപ ചെലവഴിച്ച് ഒരു തുണി വാങ്ങുന്നത് അധികപ്പറ്റാണെന്ന അഭിപ്രായങ്ങളും ഉയരുന്നു. പോളിഷിംഗ് തുണി എന്തുതന്നെയാണെങ്കിലും അത് ഉത്പ്പന്നങ്ങള്‍ക്കൊപ്പം സൗജന്യമായി നല്‍കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം. ഒരു തുണ്ട് തുണിക്കു പോലും ഇ.എം.ഐ അടക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകുമ്പോള്‍ ഉപയോക്താക്കളെ കുറ്റം പറയാനും സാധിക്കില്ലല്ലോ...?
Adjust Story Font
16