'ഇതനുവദിക്കാനാകില്ല, ഫേസ്ബുക്ക് ആപ് സ്റ്റോറിൽ നിന്ന് നീക്കുമെന്ന് ആപ്പിൾ ഭീഷണി മുഴക്കി'
വിഷയത്തിൽ ആപ്പിളോ ഫേസ്ബുക്കോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കാലിഫോർണിയ: ജനപ്രിയ സമൂഹമാധ്യമ വെബ്‌സൈറ്റ് ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും ആപ് സ്റ്റോറിൽ നിന്ന് നീക്കുമെന്ന് ടെക് ഭീമൻ ആപ്പിൾ ഭീഷണി മുഴക്കിയിരുന്നെന്ന് റിപ്പോർട്ട്. മനുഷ്യക്കടത്തിന് ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്ന വാർത്തകളെ തുടർന്നാണ് ആപ്പിൾ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ബി.ബി.സി റിപ്പോർട്ടിനെ തുടർന്ന് 2019ലായിരുന്നു ആപ്പിളിന്റെ ഭീഷണി.
മധ്യേഷ്യയിലെ മനുഷ്യക്കടത്തിന് ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു ബിബിസി റിപ്പോർട്ട്. എംപ്ലോയ്‌മെന്റ് ഏജൻസികൾ എഫ്ബി വഴി വ്യാജ പരസ്യങ്ങൾ നൽകിയാണ് മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ബിബിസിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പു തന്നെ ഫേസ്ബുക്ക് അധികൃതർക്ക് ഇക്കാര്യം അറിവുണ്ടായിരുന്നു എന്ന് പിന്നീട് ദ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
വിഷയത്തിൽ ആപ്പിളോ ഫേസ്ബുക്കോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ സ്വകാര്യത സംബന്ധിച്ചും ഇരു കമ്പനികളും തമ്മിൽ തർക്കമുണ്ടായിരുന്നു.
വീട്ടുജോലിക്കാരെ ഓൺലൈൻ വഴി വിൽപ്പന നടത്തുന്നു എന്നാണ് ബിബിസി ന്യൂസ് അറബിക് കണ്ടെത്തിയിരുന്നത്. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഇതിനായി ഉപയോഗിച്ചിരുന്നു എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ആൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഹാഷ് ടാഗുകൾ വഴിയാണ് ഇതിന്റെ അന്വേഷണ ഫലങ്ങൾ കിട്ടിയിരുന്നത്. എന്നിട്ടും ഫേസ്ബുക്ക് ഇക്കാര്യത്തിൽ നടപടി കൈക്കൊണ്ടില്ല. എന്നാൽ ഇത്തരം ഹാഷ്ടാഗുകൾ നീക്കം ചെയ്തു എന്നാണ് പിന്നീട് ഫേസ്ബുക്ക് അവകാശപ്പെട്ടിരുന്നത്.
Adjust Story Font
16