ഐ ഫോണ്‍ ബൈക്കില്‍ മൗണ്ട് ചെയ്യുമുമ്പ് അൽപ്പമൊന്ന് ശ്രദ്ധിച്ചോളൂ; ചിലപ്പോൾ പണി കിട്ടും
ഇത്തരത്തിലുള്ള ബൈക്കുകളുമായി നിങ്ങളുടെ ഫോൺ കണക്ട് ചെയ്യാതിരിക്കണമെന്നാണ് ആപ്പിളിന്റെ നിർദേശം.
സിസി കൂടിയ ബൈക്കുകളിൽ നിന്നുണ്ടാകുന്ന വൈബ്രേഷനുകൾ ഐ ഫോണിനെ ദോഷകരമായി ബാധിക്കുമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്. ഇത്തരം ബൈക്കുകളിൽ നിന്നുണ്ടാകുന്ന വൈബ്രേഷനുകൾ ഐ ഫോണിന്റെ ക്യാമറയെയാണ് ബാധിക്കുക.
'' ചില ഐ ഫോൺ മോഡലുകളിൽ അഡ്വാൻസ്ഡായ ക്യാമറ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ദുർഘടമായ അവസ്ഥയിലും മികച്ച ഫോട്ടോ എടുക്കാൻ സഹായിക്കുന്ന ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ക്ലോസ്ഡ് ലൂപ് ഓട്ടോഫോക്കസ് എന്നീ സംവിധാനങ്ങൾ ഐ ഫോണിലുണ്ട്. ഇത് ചിത്രങ്ങളുടെ ഷേക്ക് കുറയ്ക്കാൻ നിങ്ങളെ സഹായിക്കും''- ആപ്പിൾ അവരുടെ സപ്പോർട്ട് പേജിലെഴുതി.
പക്ഷേ സിസി കൂടിയ ബൈക്കുകൾ ഉത്പാദിക്കുന്ന വൈബ്രേഷൻ ഈ സിസ്റ്റത്തെ ബാധിക്കും. നിങ്ങൾ സ്ഥിരമായി ബൈക്കുമായി ഐ ഫോൺ മൗണ്ട് ചെയ്താൽ അത് ക്യാമറയുടെ ഒ.ഐ.എസ്, എ.എഫ് സിസ്റ്റത്തെ നശിപ്പിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള ബൈക്കുകളുമായി നിങ്ങളുടെ ഫോൺ കണക്ട് ചെയ്യാതിരിക്കണമെന്നാണ് ആപ്പിളിന്റെ നിർദേശം.
ഒ.ഐ.എസ് ഉള്ള എല്ലാ ഐ ഫോണിനും ഈ നിർദേശം പാലിക്കേണ്ടതുണ്ട്. ഐ ഫോൺ 6 പ്ലസ്, ഐ ഫോൺ 6 എസ് പ്ലസ്, ഐ ഫോൺ 7 മുതൽ ഐ ഫോൺ 11 ഒഴികെയുള്ള മോഡലുകളിൽ ഒ.ഐ.എസ് സംവിധാനമുണ്ട്.
അതേസമയം പുതിയ ഐ ഫോൺ 13 സെപ്റ്റംബർ 14ന് പുറത്തിറങ്ങും. കൂടാതെ ആപ്പിൾ വാച്ച് 7, എയർപോഡ് 3 എന്നീ ഉപകരണങ്ങളും അന്ന് പുറത്തിറങ്ങും.
Adjust Story Font
16