ബിഎസ്എൻഎൽ 4ജി സർവീസ് ഉടൻ, ഇതര കമ്പനികളുടെ 5ജി സർവീസ് ഈ വർഷാവസാനം: കേന്ദ്രമന്ത്രി
മറ്റു കമ്പനികളെ പോലെ രാജ്യത്തെല്ലായിടത്തും ബിഎസ്എൻഎല്ലിന് 4 ജി കണക്ഷനില്ല. 2020 ൽ 4 ജി കണക്ടിവിറ്റി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്
രാജ്യത്തെല്ലായിടത്തും ബിഎസ്എൻഎൽ 4ജി സർവീസ് ഉടനും ഇതര കമ്പനികളുടെ 5ജി സർവീസ് ഈ വർഷാവസാനവും ഉണ്ടാകുമെന്ന് കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി ദേവുസിൻഹ് ചൗഹാൻ. രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 'ബിഎസ്എൻഎൽ 4 ജി സർവീസ് ഉടൻ തുടങ്ങും. ഏറെക്കുറെ ഈ വർഷാവസാനം തന്നെ' യുപി എംപി കുൻവാൻ രേവതി രാമൻ സിങ്ങിന്റെ ചോദ്യത്തിന് മറുപടി പറയവേ മന്ത്രി പറഞ്ഞു. കമ്പനിയുടെ നെറ്റ്‌വർക്ക് വിപുലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മറ്റു കമ്പനികളെ പോലെ രാജ്യത്തെല്ലായിടത്തും ബിഎസ്എൻഎല്ലിന് 4 ജി കണക്ഷനില്ല. 2020 ൽ 4 ജി കണക്ടിവിറ്റി പൂർത്തീകരിക്കുമെന്നാണ് 2019 ൽ പ്രതീക്ഷിച്ചിരുന്നത്. 50,000 4 ജി സൈറ്റുകൾക്കായി ടെണ്ടർ വിളിക്കാനും 2019 അവസാനത്തിൽ തീരുമാനിച്ചു. എന്നാൽ 2020 ൽ ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ടെണ്ടർ റദ്ദാക്കി. ചൈനീസ് കമ്പനികളെ ടെണ്ടറിൽനിന്ന് ഒഴിവാക്കാനായിരുന്നു സർക്കാർ പദ്ധതിയെന്ന് റിപ്പോർട്ടുണ്ട്.
രാജ്യത്ത് 10.15 ശതമാന ടെലിഫോൺ ഉപഭോക്താക്കൾ കൂടെയുള്ള ബിഎസ്എൻഎല്ലിന് ഇതര കമ്പനികളോട് മത്സരിക്കാനുള്ള ശേഷിയുണ്ടെന്ന് ചൗഹാൻ പറഞ്ഞു. 2019-20 കാലയളവിൽ 15,500 കോടിയുണ്ടായിരുന്ന നഷ്ടം 2020-21 കാലയളവിൽ 7441 ആയി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട രേഖകൾ പ്രകാരം 11.43 കോടി മൊബൈൽ ഉപഭോക്താക്കൾ കമ്പനിക്കുണ്ട്. കഴിഞ്ഞ ഡിസംബറിൽ മാത്രം 11.75 ലക്ഷം പേരാണ് കമ്പനിയുടെ ഉപഭോക്താക്കളായത്.
5ജി കണക്ടിവിറ്റി രാജ്യത്തുടനീളം ഉടൻ എത്തുമെന്നും ചൗഹാൻ വ്യക്തമാക്കി. 98 ശതമാനം മൊബൈൽ കണക്ടിവിറ്റി രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എയർടെൽ, ജിയോ, വിഐ (വോഡഫോൺ ഐഡിയ) എന്നിവയാണ് രാജ്യത്ത് 5 ജി ട്രയൽസ് നടത്തിയിട്ടുള്ളത്. തുടക്കത്തിൽ വൻനഗരങ്ങളിൽ മാത്രമാണ് 5 ജി ഈ വർഷം വരാനിടയുള്ളത്. മറ്റിടങ്ങളിൽ അടുത്ത വർഷമെത്തിയേക്കും.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതര ടെലികോം കമ്പനികളോട് പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയിലാണ് സർക്കാറിന്റെ സ്വന്തം കമ്പനി. സാമ്പത്തിക പ്രശ്‌നങ്ങളും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കും മൂലം മഹാനഗർ ടെലികോം നിഗം ലിമിറ്റഡു (എംടിഎൻഎൽ) മായി ലയിപ്പിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
BSNL to launch 4G service soon and other companies to launch 5G service later this year: Communications Minister Devusinh Chauhan
Adjust Story Font
16