സൈബർ ക്രൈം ശൃഖലകൾക്കെതിരെ പോരാടാൻ 'ഓപ്പറേഷൻ ചക്ര-II' മായി സി.ബി.ഐ
ദേശീയ അന്തർദേശീയ ഏജൻസികളുമായി സഹകരിച്ചാണ് സി.ബി.ഐയുടെ പ്രവർത്തനം
ഇന്ത്യയിലെ സംഘടിത സൈബർ, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ ഓപ്പറേഷൻ ചക്ര-II മായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ). അന്തർദേശീയ സംഘടിത സൈബർ ക്രൈം ശൃഖലകൾ തകർക്കാനാണ് സി.ബി.ഐ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓപ്പറേഷന്റെ ഭാഗമായി ദേശീയ അന്തർദേശീയ ഏജൻസികളുമായും സഹകരിച്ച് 76 ഓളം സ്ഥലങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ എന്നിവയടക്കം നിരവധി ഡിജിറ്റൽ ഉപകരണങ്ങളുടെ വൻ ശേഖരമാണ് പിടിച്ചെടുത്തത്.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ബീഹാർ, ഡൽഹി, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ഓപ്പറേഷന്റെ ഭാഗമായി 32 മൊബൈൽ ഫോണുകൾ, 48 ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌ക്കുകൾ. രണ്ട് സെർവറുകളിലെ ചിത്രങ്ങൾ, 33 സിം കാർഡുകൾ, പെൻഡ്രൈവുകൾ എന്നിവയാണ് കണ്ടുകെട്ടിയത്. കൂടാതെ നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പിനായി ഉപയോഗിച്ച് 15 ഇമെയിൽ അക്കൗണ്ടുകളുടെ നിയന്ത്രണം സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ ചക്ര-II ലൂടെ ശേഖരിച്ച വിവരങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികൾക്ക് കൈമാറും. അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) സിംഗപ്പൂർ പൊലീസ് ഫോഴ്‌സ്, ജർമിയിലെ ബി.കെ.എ എന്നീ അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്.
Adjust Story Font
16