500 മില്യൺ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു; ഓൺലൈനിൽ വിൽപ്പനയ്ക്ക് - ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
ഇന്ത്യ, യുകെ, റഷ്യ തുടങ്ങി 80 ഓളം രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളുടെ ഫോണ്‍നമ്പറുകളടക്കമാണ് ചോര്‍ന്നത്
ന്യൂഡൽഹി: വാട്‌സ്ആപ്പി നെ വെട്ടിലാക്കി വീണ്ടും ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു. ഏകദേശം 500 മില്യൻ ( 50 കോടി) വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും വിവരങ്ങളുമാണ് ചോർന്നതെന്നാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിലെ ഹാക്കിങ് കമ്മ്യൂണിറ്റി ഫോറത്തിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഡാറ്റാബേസിൽ 84 രാജ്യങ്ങളിൽ നിന്നുള്ള വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് സൈബർ ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു.
റഷ്യ, ഇറ്റലി, ഈജിപ്ത്, ബ്രസീൽ, സ്‌പെയിൻ ഫ്രാൻസ്, യുകെ, ൃഇന്ത്യ തുടങ്ങിയ എൺപതോളം രാജ്യങ്ങളിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റയാണ് ലീക്ക് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. എങ്ങനെയാണ് നമ്പറുകൾ അടക്കമുള്ള സ്വകാര്യ വിവരങ്ങൾ രഹസ്യമായി ചോർത്തിയതെന്ന് വ്യക്തമല്ല. വിവിധ വെബ്സൈറ്റുകളിൽ നിന്നാവാം ഡേറ്റ ശേഖരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഹാക്കർ അമേരിക്കയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റയുടെ സെറ്റ് 7,000 ഡോളറിനാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. യുകെയിലെ ഉപയോക്താക്കളുടെ ഡാറ്റയ്ക്ക് 2,500 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ജർമ്മനിയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റയ്ക്ക് 2,000 ഡോളറാണ് വില. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ എത്ര രൂപയ്ക്കാണ് വിൽക്കുന്നത് എന്ന കാര്യം റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല.
ഹാക്കറെ ബന്ധപ്പെട്ടപ്പോൾ, യുകെ അടിസ്ഥാനമാക്കിയുള്ള 1,097 നമ്പറുകൾ തെളിവായി നൽകിയെന്നും സൈബർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതെല്ലാം വാട്‌സ്ആപ്പ് നമ്പറുകളാണെന്നും തെളിഞ്ഞിട്ടുണ്ട്.എന്നാൽ, എങ്ങനെയാണ് വിവരങ്ങൾ ലഭിച്ചതെന്ന് ഹാക്കർ വ്യക്തമാക്കിയിട്ടില്ല.
Adjust Story Font
16