ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി ഡിസ്‌നിയും
നെറ്റ്ഫ്‌ളിക്‌സ് ഉൾപ്പെടെയുള്ള സ്ട്രീമിംഗ് കമ്പനികൾ വരുമാനത്തിലെ ഇടിവ് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു
വരുമാന നഷ്ടത്തെതുടർന്ന് ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ വാൾട്ട് ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടൽ. പുതിയ നിയമനങ്ങളിലേക്കൊന്നും കമ്പനി കടക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏകദേശം 1,90,000 ജീവനക്കാരാണ് ഡിസ്‌നിയിലുള്ളത്.
കമ്പനി വലിയ സാമ്പത്തിക നഷ്ടത്തിലൂടെയാണ് കടന്നുപോവുന്നത്. സെപ്റ്റംബർ പാദത്തിൽ 110 കോടി ഡോളർ നേടിയിരുന്നെങ്കിൽ ഇത് മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം കുറവാണ്. കാഴ്ചക്കാരുടെ എണ്ണത്തിലും വലിയ കുറവാണ് കമ്പനി നേരിടുന്നത്. പരസ്യ വരുമാനത്തിലും ഇടിവുണ്ടായി.
കമ്പനി വൈകാതെ തന്നെ ജോലികൾ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്ന് സിഇഒ ബോബ് ചാപെക്കിന്റെ ലീക്കായ മെമ്മോയിൽ പറയുന്നു. ബിസിനസ് യാത്രകൾ പരിമിതപ്പെടുത്താനും ചാപെക് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമേ പരിഗണിക്കാവൂ എന്നും അദ്ദേഹം മെമ്മോയിൽ പറയുന്നുണ്ട്. വെർച്വലായി മീറ്റിംഗുകൾ നടത്താനാണ് മെമ്മോയിൽ ലീഡുകളോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സ് ഉൾപ്പെടെയുള്ള സ്ട്രീമിംഗ് കമ്പനികൾ വരുമാനത്തിലെ ഇടിവ് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. തൊഴിലാളികളെ വെട്ടി കുറയ്ക്കുന്നതിനെ പറ്റി ഡിസ്‌നി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്.
Adjust Story Font
16