Quantcast

സ്വന്തമായി വീടില്ല, പക്ഷേ ചൊവ്വയില്‍ വീട് പണിയും, ട്വിറ്ററിനും വിലയിട്ടു... ആരാണ് ഇലോണ്‍ മസ്ക്?

അതിസമ്പന്നർ ഒരിക്കലും സഞ്ചരിക്കാൻ ധൈര്യപ്പെടാത്ത വഴികളിലൂടെയാണ് ഇലോൺ എന്നും യാത്ര ചെയ്തിട്ടുള്ളത്

MediaOne Logo

സിതാര ശ്രീലയം

  • Updated:

    2022-04-26 01:38:44.0

Published:

24 April 2022 2:58 AM GMT

സ്വന്തമായി വീടില്ല, പക്ഷേ ചൊവ്വയില്‍ വീട് പണിയും, ട്വിറ്ററിനും വിലയിട്ടു... ആരാണ് ഇലോണ്‍ മസ്ക്?
X

12ആം വയസ്സിൽ കമ്പ്യൂട്ടർ ഗെയിം വികസിപ്പിച്ച് 500 ഡോളറിന് വിറ്റു. പിന്നീട് കണ്ടതു മുഴുവൻ അസാധ്യമെന്ന് സമൂഹം കരുതിയ സ്വപ്നങ്ങൾ. ഇന്ന് 26,460 കോടി യു.എസ് ഡോളർ ആസ്തി- ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്കിന് പ്രത്യേകതളേറെയുണ്ട്. അതിസമ്പന്നർ ഒരിക്കലും സഞ്ചരിക്കാൻ ധൈര്യപ്പെടാത്ത വഴികളിലൂടെയാണ് ഇലോൺ എന്നും യാത്ര ചെയ്തിട്ടുള്ളത്. കയറിക്കിടക്കാൻ സ്വന്തമായി വീടില്ലെന്ന് പറഞ്ഞ മസ്‌ക്, മനുഷ്യർക്കായി ചൊവ്വയിൽ വീട് പണിയാനുള്ള ശ്രമത്തിലാണ്. ലോകമാകെ വ്യാപിച്ചു കിടക്കുന്ന സമൂഹ മാധ്യമമായ ട്വിറ്ററിന് വിലയിട്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് അദ്ദേഹം. സംരംഭകൻ, എഞ്ചിനീയർ, ഇൻവന്‍റർ, നിക്ഷേപകൻ... ആരാണീ ഇലോൺ മസ്‌ക്?


ദക്ഷിണാഫ്രിക്കക്കാരനായ എഞ്ചിനീയറുടെയും കാനഡക്കാരിയായ ഡയറ്റീഷ്യന്റെയും മകനായി 1971 ജൂൺ 28ന് പ്രിട്ടോറിയയിലാണ് ഇലോൺ മസ്‌ക് ജനിച്ചത്. അത്ര സുഖകരമായിരുന്നില്ല കുട്ടിക്കാലം. അന്തർമുഖനായിരുന്ന മസ്‌കിന് കുട്ടിയായിരിക്കുമ്പോഴേ തടിയൻ പുസ്തകങ്ങളായിരുന്നു കൂട്ട്. ഇലോണിന് എട്ട് വയസുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അച്ഛനൊപ്പം താമസം. കുട്ടിയായിരിക്കുമ്പോൾ സഹപാഠികളുടെ അടിയേറ്റ് മൂക്കിന്‍റെ പാലം തകർന്ന് ആശുപത്രിയിൽ കിടന്നിട്ടുണ്ട്. 1981ലാണ് ഇലോൺ ആദ്യമായി ഒരു കമ്പ്യൂട്ടർ നേരിൽ കാണുന്നത്. പോക്കറ്റ് മണിയും അച്ഛനോട് ചോദിച്ചുവാങ്ങിയ പണവുമെല്ലാം ചേർത്ത് സ്വന്തമായി ഹോം കമ്പ്യൂട്ടർ വാങ്ങി. പ്രോഗ്രാമിങ്, കോഡിങ് എല്ലാം പുസ്തകങ്ങൾ നോക്കി പഠിച്ചു. 10ആം വയസിൽ തന്നെ കമ്പ്യൂട്ടർ വിദഗ്ധനായ മസ്‌ക്, 12ആം വയസ്സിൽ ബ്ലാസ്ടർ എന്ന ഗെയിം വികസിപ്പിച്ചു 500 ഡോളറിന് വിറ്റു. കമ്പ്യൂട്ടർ കുട്ടികളെ വഴിതെറ്റിക്കുമെന്ന് കരുതി അച്ഛന്‍ ഇലോണിന് വലിയ പ്രോത്സാഹനമൊന്നും നല്‍കിയില്ല. അച്ഛൻ ദുഷ്ടനും പരുക്കൻ സ്വഭാവക്കാരനുമായിരുന്നു എന്നാണ് ഇലോൺ പിന്നീട് പറഞ്ഞത്.


ദക്ഷിണാഫ്രിക്കയിലെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കാനഡയിലെത്തി. പിന്നീട് അമേരിക്കയിലേക്ക് ചേക്കേറി. പെൻസിൽവാനിയ സർവകലാശാലയിൽ ഭൗതികശാസ്ത്രവും സാമ്പത്തികശാസ്ത്രവും പഠിച്ചു. സ്റ്റാൻഫോർഡിൽ ഗവേഷണം ചെയ്യാൻ പോയെങ്കിലും ഇതല്ല തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ് ഗവേഷണം തുടക്കത്തിലേ ഉപേക്ഷിച്ചു. 1990കളിൽ തന്നെ, ഇന്‍റര്‍നെറ്റിന്‍റെ അടുത്ത 10 വർഷത്തിലെ വളര്‍ച്ച തിരിച്ചറിഞ്ഞ് വഴിയിലേക്ക് തിരിയുകയായിരുന്നു.

1995ൽ സഹോദരനും സുഹൃത്തിനുമൊപ്പം സിപ് 2 എന്ന ഐ.ടി കമ്പനി തുടങ്ങി. പത്രങ്ങൾക്ക് ഇന്‍റർനെറ്റിലാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനമായിരുന്നു ഇത്. കടവും വിദ്യാഭ്യാസ ലോൺ കുടിശ്ശികയുമൊക്കെയായി വലഞ്ഞ കാലം. വാടക വീടെടുക്കാൻ പോലും പണമില്ലാതെ ഓഫീസിൽ തന്നെ ഉറക്കം. ന്യൂയോർക്ക് ടൈംസ് പോലുള്ള സ്ഥാപനങ്ങള്‍ സിപ് 2വിനെ സമീപിച്ചതോടെ പച്ചപിടിച്ചു. മസ്‌കിന് 22 മില്യൺ ഡോളർ ഓഹരി മൂല്യമായി ലഭിച്ചു. ഈ പണം കൊണ്ട് 1999ൽ ഇന്‍റര്‍നെറ്റിലൂടെ പണമിടപാടുകൾ നടത്തുന്ന എക്‌സ്.കോം എന്ന സ്ഥാപനം തുടങ്ങി. എക്സ് ഡോട്ട് കോം പിന്നീട് പേ പാലില്‍ ലയിച്ചു. ഇബേ പേ പാൽ വാങ്ങിയതോടെ ഇലോണിന് ലഭിച്ചത് 165 മില്യൺ ഡോളറാണ്. 30 വയസ്സാകും മുൻപേ ഇലോൺ മസ്‌ക് സ്വന്തം അധ്വാനം കൊണ്ടുമാത്രം കോടീശ്വരനായി.


അതുവരെ ആരും സ്വപ്നം കാണാൻ പോലും ധൈര്യപ്പെട്ടിട്ടില്ലാത്ത ഒന്നായിരുന്നു ഇലോൺ മസ്‌കിന്റെ മൂന്നാമത്തെ സംരംഭം. 2002ൽ 100 മില്യൺ ഡോളർ മുടക്കി തുടങ്ങിയ സ്‌പെയ്‌സ് എക്‌സ്. ഭൂമി വിട്ട് ബഹിരാകാശത്തെ ലക്ഷ്യമാക്കി ആയിരുന്നു ആ യാത്ര. ഒരു സ്വകാര്യ ബഹിരാകാശ സംരംഭമാണിത്. ആദ്യം അയച്ച രണ്ടു റോക്കറ്റുകളും ലക്ഷ്യത്തിലെത്തിയില്ല. പരാജയപ്പെട്ട റോക്കറ്റ് വിക്ഷേപണങ്ങൾക്ക് ശേഷം 2008ൽ സ്പേസ് എക്സ്, മസ്‌കിനെ ഏതാണ്ട് കടക്കെണിയിലാക്കി. പിന്നാലെ ഫാൽക്കൺ വൺ വിക്ഷേപം വിജയമായി. കമ്പനി വൻനേട്ടങ്ങളിലേക്ക് കുതിച്ചു. വിദഗ്ധരല്ലാത്ത സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ബഹിരാകാശ ടൂറിസത്തിനും തുടക്കം കുറിച്ചു. ബഹിരാകാശ യാത്രയുടെ ചെലവ് കുറയ്ക്കുക, ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നെല്ലാമാണ് മസ്കിന്‍റെ ഇനിയുള്ള ലക്ഷ്യങ്ങൾ. മനുഷ്യർക്ക് സ്ഥിരമായി ജീവിക്കാൻ കഴിയുന്ന, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സുസ്ഥിര നഗരമാണ് മസ്‌ക് ചൊവ്വയിൽ ആസൂത്രണം ചെയ്യുന്നത്. 2024ൽ താൻ മനുഷ്യരെ ചൊവ്വയിൽ എത്തിക്കുമെന്നാണ് മസ്‌കിന്‍റെ വാഗ്ദാനം.


സ്‌പെയ്‌സ് എക്‌സിനൊപ്പം ടെസ്‌ലയെയും മസ്‌ക് വളർത്തിക്കൊണ്ടുവന്നു. ഇലോൺ കമ്പനിയിലേക്ക് വരും മുൻപു തന്നെ അതായത് 2003 മുതൽ ടെസ്‌ല ഇലക്ട്രിക് വാഹനങ്ങൾ നിർമിച്ചിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം കാരണം, നിർമിച്ച കാറുകൾ വിപണിയിൽ വിറ്റുപോയില്ല. 2008ൽ മസ്‌കും ടെസ്‌ലയും പാപ്പരാകുന്ന അവസ്ഥയിലെത്തി. കടം വാങ്ങി, വീട് വിറ്റു. അക്കാലത്ത് ദിവസം 22 മണിക്കൂർ വരെയൊക്കെ ജോലി ചെയ്തിരുന്നുവെന്ന് മസ്‌ക് പിന്നീട് പറഞ്ഞിട്ടുണ്ട്. 2010ൽ യു.എസ് സർക്കാരിൽ നിന്നും 465 മില്യൺ ഡോളറിന്‍റെ ധനസഹായം ലഭിച്ചതോടെയാണ് ടെസ്‌ല കരകയറിയത്. പിന്നീട് ടെസ്‌ലയ്ക്ക് വെച്ചടി വെച്ചടി കയറ്റമായിരുന്നു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണം നടത്തുന്ന ഓപ്പൺ എ.ഐ, അതിവേഗ യാത്രാ തുരങ്കങ്ങൾ നിർമിക്കാൻ ബോറിംഗ് കമ്പനി, കുറഞ്ഞ ചെലവിൽ ഊർജമെത്തിക്കുന്ന സോളാർ സിറ്റി, മണിക്കൂറിൽ 1000 കിലോമീറ്റർ വേഗതയെന്ന ലക്ഷ്യവുമായി ഹൈപ്പർലൂപ്പ്, മനുഷ്യന്‍റെ തലച്ചോർ തുരന്ന് ചിപ്പുകൾ സ്ഥാപിക്കാൻ ന്യൂറ ലിങ്ക് എന്നിങ്ങനെ ഭാവിയിലേക്കുള്ള നിരവധി പദ്ധതികളിൽ ഈ ഫ്യൂച്ചറിസ്റ്റിക് സംരംഭകൻ നിക്ഷേപം നടത്തിയിട്ടുണ്ട്.


വ്യക്തിപരമായ ആഡംബരങ്ങളൊന്നുമില്ല എന്നാണ് മസ്‌ക് അവകാശപ്പെടാറുള്ളത്. സ്വന്തമായി വീടില്ല, ആഡംബര നൌകയില്ല, അവധിയെടുക്കാറില്ല, സ്വന്തമായി വിമാനമുണ്ട്. അത് ജോലി ആവശ്യത്തിനാണ്. ടെസ്‌ലയിലെ ബേ ഏരിയയിൽ പോകുമ്പോൾ കൂട്ടുകാരുടെ വീടുകളിലാണ് താമസമെന്ന് ഇലോൺ മസ്‌ക് കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. തൊട്ടതെല്ലാം പൊന്നാക്കുന്നതിനിടെ ഇലോൺ മസ്‌ക് ഇടയ്ക്ക് വിവാദങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നു. ടെസ്‍ലയെ പ്രൈവറ്റ് ആക്കാൻ പോകുന്നുവെന്ന മസ്‌കിന്‍റെ 2017ലെ ട്വീറ്റ് ഏറെ വിവാദമായി. ഫെഡറൽ അന്വേഷണം വരെ വന്നതോടെ മരിജുവാന ഉപയോഗിച്ച ശേഷം ഇട്ട ട്വീറ്റാണെന്ന് മസ്‌ക് പറഞ്ഞു. 'ടെസ്‌ല സ്റ്റോക്ക് പ്രൈസ് ഈസ് റ്റൂ ഹൈ' എന്ന ട്വീറ്റിലൂടെ 2020ൽ ടെസ്‍ലയുടെ സ്റ്റോക്ക് 9 ശതമാനം ഇടിഞ്ഞു. സ്‌പെയ്സ് എക്‌സിലെ ജീവനക്കാർ ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീവിരുദ്ധ സ്ഥാപനമാണ് അതെന്നുമുള്ള ജീവനക്കാരികളുടെ പരാതിയും സ്ഥാപന മേധാവി എന്ന നിലയിൽ ഇലോൺ മസ്‌കിനെ പ്രതിസന്ധിയിലാക്കി. അടുത്തിടെ റഷ്യയുടെ അധിനിവേശത്തിനിടെ യുക്രൈനിൽ ഇന്‍റർനെറ്റ് സംവിധാനം താറുമാറായപ്പോൾ അവിടെ ഉപഗ്രഹ ഇന്‍റർനെറ്റ് പദ്ധതി പ്രകാരം നെറ്റ് എത്തിച്ച് മസ്‌ക് ഹീറോ ആയി.


ട്വിറ്ററിന് വിലയിട്ടതോടെയാണ് ഇലോൺ മസ്‌ക് അടുത്ത കാലത്ത് വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞത്. അണുബോംബിനെ പോലെ മാരക പ്രഹരശേഷി ഇക്കാലത്ത് സോഷ്യൽ മീഡിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെ മസ്‌കിന്‍റെ തീരുമാനത്തിൽ നെറ്റിസൺസ് അത്ര ഹാപ്പിയല്ല. തെരഞ്ഞെടുപ്പുകളിൽ ആര് ജയിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കൽ, അശാസ്ത്രീയത പ്രചരിപ്പിക്കൽ, വിദ്വേഷം പടർത്തൽ, വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിടൽ എന്നിങ്ങനെ സോഷ്യൽ മീഡിയയുടെ അണ്ടർഗ്രൌണ്ട് അത്ര വെടിപ്പല്ല. ഇലോൺ മസ്‌ക് സ്വന്തം ബിസിനസ് ആവശ്യങ്ങൾക്കായി തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ ചെയ്തതിന്‍റെ പേരിൽ നേരത്തെ പിഴയൊടുക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴത്തെ ട്വിറ്ററിനെ കടന്നാക്രമിക്കുന്ന മസ്‌ക് എഡിറ്റ് ബട്ടൺ ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്നുണ്ട്. 4300 കോടി ഡോളറിന് അതായത് മൂന്നര ലക്ഷം കോടി രൂപയ്ക്ക് ട്വിറ്ററിന്‍റെ ഓഹരികൾ മുഴുവൻ ഏറ്റെടുക്കാമെന്നാണ് മസ്‌കിന്‍റെ വാഗ്ദാനം. ഓഹരിയൊന്നിന് 54.20 ഡോളറാണ് മസ്‌ക് വിലയിട്ടത്. എന്തെങ്കിലും വാങ്ങണമെന്ന് നിർബന്ധമാണെങ്കിൽ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയെ ഏറ്റെടുക്കൂ, ട്വിറ്ററിനെ വെറുതെ വിടൂ എന്നാണ് ചില ട്വിറ്ററാറ്റികളുടെ പ്രതികരണം.


ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഓഹരി തനിക്കാണെന്ന് മസ്‌ക് വെളിപ്പെടുത്തുകയുണ്ടായി. 9.2 ശതമാനം ഓഹരിയാണ് ഇലോൺ മക്‌സിനുള്ളത്. പിന്നാലെ കൂടുതൽ ഓഹരികൾ സ്വന്തമാക്കിയ വാൻഗ്വാഡ് ഗ്രൂപ്പിന്‍റെ ഓഹരി 10.3 ശതമാനമായി ഉയർന്നു. ഡയറക്ടർ ബോർഡിന്‍റെ അനുമതിയില്ലാതെ കമ്പനിയിൽ 15 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതു തടയാൻ പോയിസൺ പിൽ അഥവാ വിഷഗുളിക പ്രയോഗം കമ്പനികൾ നടത്താറുണ്ട്. കമ്പനിയുടെ താത്പര്യമില്ലാതെയുള്ള ഏറ്റെടുക്കല്‍ നീക്കം തടയാനാണ് ഈ ഷെയർ ഹോൾഡർ റൈറ്റ്‌സ് പ്ലാൻ ഉപയോഗിക്കാറുള്ളത്. കുറഞ്ഞ നിരക്കിൽ അധിക ഓഹരികൾ വിപണിയിലിറക്കിയ ശേഷം, 15 ശതമാനത്തിൽ താഴെ ഓഹരിയുള്ള ആർക്കും ഈ അധിക ഓഹരി സ്വന്തമാക്കാം എന്നതാണ് ഡീൽ. ഇതോടെ കമ്പനിയെ വിഴുങ്ങാൻ തീരുമാനിച്ചയാളുടെ ഓഹരി വിഹിതം കുറയുകയും കമ്പനി ഏറ്റെടുക്കൽ കൂടുതൽ സങ്കീർണമാവുകയും ചെയ്യും. കമ്പനിയുടെ ഓഹരിമൂല്യം കുറയുമെന്നതിനാൽ അവസാനതന്ത്രമായേ ഈ പോയിസൺ പിൽ കമ്പനികൾ പുറത്തെടുക്കാറുള്ളൂ. ട്വിറ്ററിനെ ഒറ്റയ്ക്ക് വിഴുങ്ങുന്നതിൽ നിന്ന് ഇലോൺ മസ്‌കിനെ തടയാൻ, അവസാന അടവ് എന്ന നിലയിൽ ട്വിറ്റർ ഡയറക്ടർ ബോർഡ് ഈ മാർഗം സ്വീകരിച്ചേക്കും.


മോഹവിലയിട്ട മസ്‌കിന്‍റെ ഓഫറിന്‍റെ തടവിലല്ല ട്വിറ്ററെന്ന് സി.ഇ.ഒ പരാഗ് അഗ്രവാൾ ജീവനക്കാർക്ക് മറുപടി നൽകിയിട്ടുണ്ട്. തന്‍റെ കയ്യിൽ പ്ലാൻ ബി ഉണ്ടെന്ന് ഇലോൺ മസ്‌കും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ള ചരിത്രം വിലയിരുത്തിയാൽ മസ്‌കിന്‍റെ യുദ്ധമുറകൾ ട്വിറ്ററും നെറ്റിസൺസും കാണാനിരിക്കുന്നേയുള്ളൂ എന്നു ചുരുക്കം. അതേസമയം ലോകമാകെ വ്യാപിച്ചു കിടക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഒരൊറ്റ വ്യക്തി സ്വന്തമാക്കി അടക്കിഭരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാവില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.

TAGS :
Next Story