മസ്ക് ട്വിറ്റര്‍ പക്ഷിയെ കൂട്ടിലടച്ചോ, ട്രംപ് തിരിച്ചെത്തുമോ... ട്രെന്‍ഡിങായി 'ട്വിറ്റര്‍ വിടുന്നു' ഹാഷ് ടാഗ്
ട്വിറ്റര്‍ ഇലോണ്‍ മസ്കിന് സ്വന്തമായതോടെ ട്വിറ്ററാറ്റികള്‍ രണ്ടുതട്ടിലായി
കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ലോകസമ്പന്നന്‍ ഇലോണ്‍ മസ്കിന് സ്വന്തമായതോടെ ട്വിറ്ററാറ്റികള്‍ രണ്ടുതട്ടിലായി. ട്വിറ്ററിനെ വിറ്റു (#twittersold), ട്വിറ്റര്‍ വിടുന്നു (#leavingtwitter) തുടങ്ങിയ ഹാഷ് ടാഗുകള്‍ ട്രെന്‍ഡിങ്ങായി. അഭിപ്രായ സ്വാതന്ത്ര്യത്തിന് എന്തു സംഭവിക്കും, ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ തിരിച്ചുവരുമോ, മസ്ക് ട്വിറ്റര്‍ പക്ഷിയെ കൂട്ടിലടച്ചതാണോ അതോ തുറന്നുവിട്ടതാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ട്വിറ്ററാറ്റികള്‍ ഉന്നയിക്കുന്നത്.
ട്വിറ്ററില്‍ നിന്ന് എന്നേയ്ക്കുമായി സസ്പെന്‍ഡ് ചെയ്യപ്പെട്ട യു.എസ് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ട്വിറ്റര്‍ അക്കൌണ്ട് തിരികെ ലഭിക്കുമോ എന്ന ചോദ്യം ജീവനക്കാര്‍ തന്നെ കഴിഞ്ഞ ദിവസം സി.ഇ.ഒ പരാഗ് അഗര്‍വാളിനോട് ചോദിച്ചിരുന്നു. ട്വിറ്റര്‍ ഏത് ദിശയില്‍ പോകുമെന്ന് അറിയില്ലെന്നായിരുന്നു സി.ഇ.ഒയുടെ മറുപടി.
ചില ട്വിറ്ററാറ്റികള്‍ ഈ അവസരത്തില്‍ വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ ഓര്‍ക്കുകയാണ്.
I'm not #leavingtwitter - but I'd like you to consider what real #FreeSpeech means to you- #JulianAssange brought you #truth- and he needs your voice!! #FreeAssangeNOW pic.twitter.com/ywPY13EFl3
— R👀BY #FreeAssange🎗 (@Rooby22222) April 26, 2022
വേറെ ചിലരാകട്ടെ ട്വിറ്റര്‍ വിടുന്നു എന്ന ഹാഷ് ടാഗിട്ടവരെ പരിഹസിക്കുന്നു- ട്രംപ് ജയിച്ചാല്‍ ഞാന്‍ കാനഡയിലേക്ക് പോകും, മോദി ജയിച്ചാല്‍ ഞാന്‍ ഇന്ത്യ വിടും, ഇലോണ്‍ മസ്ക് ട്വിറ്റര്‍ വാങ്ങിയാല്‍ ഞാന്‍ ട്വിറ്റര്‍ വിടും. ഇതെല്ലാം പുതിയ ഒരുതരം രോഗത്തിന്‍റെ ലക്ഷണമാണെന്നാണ് ഒരു പ്രതികരണം
പോകുന്നവരൊക്കെ ഒന്നും വേഗം പോയിത്തരൂ എന്നാണ് ചില ട്വിറ്ററാറ്റികളുടെ അഭ്യര്‍ഥന-
കുറച്ചുപേര്‍ പറയുന്നത് ഇലോണ്‍ മസ്ക് കാരണം ട്വിറ്ററിലേക്ക് വന്നുവെന്നാണ്. #joiningtwitter എന്ന ഹാഷ് ടാഗോടെയാണ് ഇവര്‍ ട്വീറ്റ് ഇടുന്നത്.
എന്തെങ്കിലും വാങ്ങണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കടക്കെണിയിലായ ശ്രീലങ്കയെ വാങ്ങൂ, ട്വിറ്ററിനെ വെറുതെ വിടൂ എന്ന് നേരത്തെ ചില ട്വിറ്ററാറ്റികള്‍ ഇലോണ്‍ മസ്കിനോട് അഭ്യര്‍ഥിച്ചിരുന്നു.
'അഭിപ്രായ സ്വാതന്ത്ര്യം വേണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലാവണം'
ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോൺ മസ്കിന്റെ വാഗ്ദാനം ട്വിറ്റർ ബോർഡ് അംഗീകരിക്കുകയായിരുന്നു. ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ 44 ബില്യണ്‍ ഡോളറിനാണ് കരാർ. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഈ മാസം ആദ്യം മസ്ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക.
തന്‍റെ വിമർശകരും ട്വിറ്ററിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മസ്ക് പ്രഖ്യാപിച്ചു. മുമ്പില്ലാത്തവിധം മികച്ചതായി ട്വിറ്ററിനെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നത്. പുതിയ ഫീച്ചേഴ്‌സ് അവതരിപ്പിക്കാനും വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള മാറ്റങ്ങള്‍ വരുത്താൻ ശ്രമിക്കുമെന്നും ഏറ്റെടുക്കലിന് ശേഷം മസ്‌ക് അറിയിച്ചു. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റ്ഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവിൽ ടെസ്‍ല, സ്പേസ് എക്സ് കമ്പനികളുടെ സി.ഇ.ഒയാണ് ഇലോൺ മസ്ക്. ഫോബ്സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്.
മസ്ക് ഒറ്റയ്ക്ക് ട്വിറ്റര്‍ സ്വന്തമാക്കാതിരിക്കാന്‍ ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ പോയിസൺ പിൽ എന്ന തന്ത്രം നടപ്പാക്കാൻ നേരത്തെ ട്വിറ്റർ തീരുമാനിച്ചിരുന്നു. കമ്പനിയിലെ മസ്കിന്റെ ഓഹരി വിഹിതം കുറച്ച് ഏറ്റെടുക്കൽ ചെലവേറിയതാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മസ്ക് ഉയർന്ന തുക വാഗ്ദാനം ചെയ്തതിനാൽ നിക്ഷേപകരുടെ സമ്മർദം ശക്തമായി. മോഹവിലയിട്ട മക്സിന്‍റെ ഓഫറിന്‍റെ തടവിലല്ല ട്വിറ്ററെന്ന് സി.ഇ.ഒ പരാഗ് അഗര്‍വാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിക്ഷേപകരുടെ സമ്മര്‍ദം ശക്തമായതോടെ ബോര്‍ഡ് ചര്‍ച്ച ചെയ്ത് മസ്കിന്‍റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു.
Summary- Some twitter accounts are happy that Elon Musk has acquired Twitter Inc while others are worried about freedom of speech
Adjust Story Font
16