Quantcast

താലിബാന്‍ അനുകൂല അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും

ദേശീയ സര്‍ക്കാരുകളെ അംഗീകരിക്കുകയെന്നതല്ല അന്താരാഷ്ട്ര സമൂഹത്തിന്‍റെ താല്‍പര്യമാണ് തങ്ങള്‍ പരിഗണിക്കുന്നതെന്ന് ഫേസ്ബുക്ക്

MediaOne Logo

ijas

  • Updated:

    2021-08-17 13:18:24.0

Published:

17 Aug 2021 12:37 PM GMT

താലിബാന്‍ അനുകൂല അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും
X

അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ താലിബാന്‍ അനുകൂല ഉള്ളടക്കമുള്ള അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും. താലിബാനെ ഭീകരവാദ സംഘടനയായാണ് ഫേസ്ബുക്ക് കാണുന്നതെന്നും അതിനാല്‍ തന്നെ ഇവരെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ നിരീക്ഷിക്കാനും ഒഴിവാക്കാനും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. സി.എന്‍.ബി.സി ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

യു.എസ് നിയമപ്രകാരം താലിബാന്‍ ഭീകരവാദ സംഘടനയാണ്. ഭീകര സംഘടനാ പോളിസി പ്രകാരം അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു. പുതിയ തീരുമാന പ്രകാരം താലിബാന്‍ നിയന്ത്രണത്തിലോ അല്ലെങ്കില്‍ അവര്‍ക്കു വേണ്ടിയോ പ്രവര്‍ത്തിക്കുന്ന എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫേസ്ബുക്കിന്‍റെ നിയന്ത്രണത്തിലുള്ള എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്യും. താലിബാനെ പ്രകീര്‍ത്തിച്ചോ അനുകൂലിച്ചോ അവരെ പ്രതിനിധീകരിച്ചോ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിലക്ക് ബാധകമാകുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

ദാരി പാഷ്ടോ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന അഫ്ഗാനിസ്ഥാനെ കുറിച്ച് കൃത്യമായ ധാരണയുള്ള വിദഗ്ധരുടെ സഹായം നിരീക്ഷണത്തിനും നടപടികള്‍ക്കും തങ്ങള്‍ ഉപയോഗിക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കി. ദേശീയ സര്‍ക്കാരുകളെ അംഗീകരിക്കുകയെന്നതല്ല അന്താരാഷ്ട്ര സമൂഹത്തിന്‍റെ താല്‍പര്യമാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കിന്‍റെ പുതിയ നിയന്ത്രണം മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളായ ഇന്‍സ്റ്റാഗ്രാമിനും വാട്ട്സ്ആപ്പിനും ബാധകമാണ്. ആശയവിനിമയത്തിനായി വാട്ട്സ്ആപ്പ് താലിബാന്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ അത്തരത്തിലുള്ള വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

TAGS :
Next Story