ഫ്ലിപ്‍കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡേയ്സ് പടിവാതില്‍ക്കല്‍; പുറത്തിറങ്ങുന്നത് 6 പുതിയ മൊബൈല്‍ മോഡലുകള്‍
മോട്ടറോള, ഒപ്പോ, പോകോ, റിയൽമി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ മോഡലുകളാണ് ഇത്തവണ പുറത്തിറങ്ങുക.
ഇന്ത്യയിൽ എല്ലാ പ്രാവശ്യവും കോടിക്കണക്കിന് രൂപയുടെ വിൽപ്പന നടക്കുന്ന ഓൺലൈൻ ഷോപ്പിങ് ഉത്സവങ്ങളാണ് ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽസും.
ഇത്തവണത്തെ ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സിൽ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആറ് മൊബൈൽ ബ്രാൻഡുകളുടെ പുതിയ മോഡലുകളുടെ ലോഞ്ചിങ് കൂടി ഇതിനോടൊപ്പം നടക്കും. മോട്ടറോള, ഒപ്പോ, പോകോ, റിയൽമി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ മോഡലുകളാണ് ഇത്തവണ പുറത്തിറങ്ങുക.
സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഒന്ന് വരെയുള്ള ഇടവേളകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുക. അതേസമയം ബിഗ് ബില്യൺ ഡേയ്‌സിന്റെ കൃത്യമായ തീയതി ഫ്‌ളിപ്പ്കാർട്ട് പുറത്തുവിട്ടിട്ടില്ല. ഫോണുകൾ പുറത്തിറക്കാനായി മാത്രം ഫ്‌ളിപ്പ്കാർട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനുള്ളിൽ ഒരു മൈക്രോ സൈറ്റ് തുറന്നിട്ടുണ്ട്.
റിയൽമി നാസ്‌റോ 50 സിരീസ് ഫോൺ സെപ്റ്റംബർ 24നാണ് പുറത്തിറങ്ങുക. ഉച്ചയ്ക്ക് 12.30നാണ് വിർച്വൽ ലോഞ്ചിങ് ആരംഭിക്കുക. റിയൽമി നാസ്‌റോ 50, നാസ്‌റോ 50 പ്രോ എന്നീ മോഡലുകളാണ് ഈ ശ്രേണിയിൽ പുറത്തിറങ്ങുക. കൂടാതെ റിയൽമി ബാൻഡ് 2 വും സ്മാർട്ട് ടിവിയായ നിയോയുടെ 32 ഇഞ്ച് മോഡലും ഇതിനോടൊപ്പം പുറത്തിറങ്ങും.
സാംസങിന്റെ ഗ്യാലക്‌സി എം52 5ജി മോഡൽ സെപ്റ്റംബർ 28 നാണ് പുറത്തിറങ്ങുക. ഇതിന്റെ ടീസർ ഫ്‌ളിപ്പ്കാർട്ട് പുറത്തിറക്കിയെങ്കിലും ഫോൺ ആദ്യം ലോഞ്ച് ചെയ്യുക ആമസോൺ വഴിയാകുമെന്നാണ് സൂചന. എന്നിരുന്നാലും സെപ്റ്റംബർ 28 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 ന് സാംസങ് ഫോൺ പുറത്തിറക്കും.
സെപ്റ്റംബർ 27നാണ് ഓപ്പോയുടെ പുതിയ മോഡൽ പുറത്തിറങ്ങുക. ഓപ്പോ എ55 എന്ന മോഡലാണ് പുറത്തിറങ്ങുക എന്നതാണ് സ്ഥിരീകരിക്കാത്ത വിവരം.
പോകോയുടെയും വിവോയുടെയും പുതിയ മോഡൽ സെപ്റ്റംബർ 30നാണ് പുറത്തിറങ്ങുക. മോട്ടറോളയുടെ പുതിയ മോഡൽ ഒക്ടോബർ ഒന്നിനും വിപണിയിലെത്തും. ഈ മൂന്ന് കമ്പനികളും ഏത് മോഡലാണ് പുറത്തിറക്കുക എന്നതിനെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Adjust Story Font
16