ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
എല്ലാ പ്രൊഫൈലുകളും പ്രധാന പ്രൊഫൈൽ പോലെ പ്രവർത്തിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത
ഫേസ്ബുക്കിൽ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ ഫീച്ചറുമായി മെറ്റ. ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കാൻ സഹായിക്കുകയാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
പ്രൊഫഷണലും വ്യക്തിപരവുമായ ജീവിതം വേറിട്ട് നിർത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫീച്ചർ വളരെയധികം ഉപകാരപ്പെടും. പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് ചില ഉപയോക്താക്കൾ രണ്ടാമതൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാറാണ് പതിവ്. എന്നാൽ ഇനി മുതൽ അതിന്റെ ആവശ്യവരുന്നില്ല. ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ വരെ ക്രിയേറ്റ് ചെയ്യാനനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഓരോ പ്രൊഫൈലുകൾ തെരഞ്ഞെടുക്കുമ്പോൾ വീണ്ടും ലോഗിൻ ചെയ്യേണ്ട ആവശ്യം വരുന്നില്ല. വളരെ വേഗത്തിൽ പ്രൊഫൈലുകൾ സ്വിച്ച് ചെയ്യാൻ സാധിക്കും.
എല്ലാ പ്രൊഫൈലുകളും പ്രധാന പ്രൊഫൈൽ പോലെ തന്നെ പ്രവർത്തിക്കുമെന്നത് ഈ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ പ്രധാന പ്രൊഫൈലിൽ നിന്ന് സൃഷ്ടിച്ച മറ്റൊരു അക്കൗണ്ടാണെന്ന് ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് മറച്ചുവെക്കാനും സാധിക്കും. എന്നാൽ ചില ഫീച്ചറുകൾ ലോഞ്ചിംഗ് സമയത്ത് ലഭ്യമാവുകയില്ല. ഡേറ്റിംഗ്, മാർക്കറ്റ് പ്ലേസ്, പ്രൊഫഷണൽ മോഡ്, മെസഞ്ചർ, പേയ്‌മെന്റുകൾ എന്നീ ഫീച്ചറുകളാണ് ലഭ്യമല്ലാത്തത്. അതേസമയം മെസഞ്ചർ ഉടൻ കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചു.
ഇത്തരത്തിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാനായി ഫേസ്ബുക്കിലെ പ്രൊഫൈൽ ടാബ് ക്ലിക്ക് ചെയ്ത് പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം പ്രൊഫൈൽ പേര് നൽകുകയും ഒരു യുസർ നെയിം ചേർക്കുകയും ചെയ്യുക. തുടർന്ന പ്രൊഫൈലിലേക്ക് സുഹൃത്തുക്കളെ ചേർക്കാവുന്നതാണ്.
Adjust Story Font
16