Quantcast

പിക്​സൽ 6 ഇന്ത്യയിലേക്കില്ല; ആരാധകരുടെ കാത്തിരിപ്പ് നീളുമെന്ന് ഗൂഗിള്‍

അമേരിക്ക, കാനഡ, ആസ്ട്രേലിയ, ഇംഗ്ലണ്ട്​, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, അയർലൻഡ് എന്നീ രാജ്യങ്ങളിലുള്ളവർക്ക്​ പിക്​സൽ ഫോണുകള്‍ ഒക്​ടോബർ 28 മുതൽ വാങ്ങാം.

MediaOne Logo

Web Desk

  • Updated:

    2021-10-21 15:55:01.0

Published:

21 Oct 2021 3:50 PM GMT

പിക്​സൽ 6 ഇന്ത്യയിലേക്കില്ല; ആരാധകരുടെ കാത്തിരിപ്പ് നീളുമെന്ന് ഗൂഗിള്‍
X

സ്വന്തം ചിപ്​സെറ്റും കിടിലൻ ഡിസൈനുമൊക്കെയായി ഗൂഗിള്‍ പുതിയ പിക്​സൽ ഫോണുകൾ അവതരിപ്പിച്ചതോടെ ആവേശത്തിലാണ് സ്മാര്‍ട്ഫോണ്‍ പ്രേമികള്‍. പിക്​സൽ ഫോണുകൾക്ക്​ ഇന്ത്യയിലും ഏറെ ആരാധകരുണ്ട്. എന്നാല്‍, അവരുടെ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പിക്​സൽ 6 സീരീസ്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യില്ലെന്നാണ്​ ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എൻ.ഡി.ടി.വി ഗാഡ്​ജറ്റ്സ്​ 360ക്ക്​ നൽകിയ പ്രസ്താവനയിലാണ് ഗൂഗിള്‍ വക്താവിന്‍റെ വിശദീകരണം.

ടെക്​ ലോകം ഇപ്പോൾ നേരിടുന്ന​ ആഗോള 'ചിപ്​ ക്ഷാമമാണ്​' ഇതിന് കാരണമായി ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം മറ്റുപല ഘടകങ്ങളുമുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന പിക്​സൽ ഡിവൈസുകൾ ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക്​ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗൂഗിള്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. അമേരിക്ക, കാനഡ, ആസ്ട്രേലിയ, ഇംഗ്ലണ്ട്​, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, അയർലൻഡ് എന്നീ രാജ്യങ്ങളിലുള്ളവർക്ക്​ പിക്​സൽ 6ഉം പിക്​സൽ 6 പ്രോയും ഒക്​ടോബർ 28 മുതൽ വാങ്ങാം. ഇറ്റലി, സ്​പെയിൻ, സിംഗപ്പൂർ എന്നീ രാജ്യക്കാർക്ക്​ അടുത്ത വർഷം തുടക്കത്തിലും ലഭ്യമാകും.

അതേസമയം, ഇന്ത്യ ലാഭകരമായ ബിസിനസ് നൽകുന്നില്ല എന്നതും രാജ്യത്ത്​ നിലനിൽക്കുന്ന ചൈനീസ്​ ബ്രാൻഡുകളുടെ സ്വാധീനവും ഗൂഗിള്‍ പിന്നോട്ടടിക്കാന്‍ കാരണമാണ്. ഷവോമി, ഒപ്പോ, വിവോ, റിയൽമി തുടങ്ങിയ കമ്പനികൾ ചെറിയ വിലയ്​ക്ക്​ വമ്പൻ സവിശേഷതകളുള്ള ഫോണുകൾ വാഗ്ദാനം ചെയ്യു​ന്ന സാഹചര്യത്തിൽ, മറ്റൊരു ആൻഡ്രോയ്​ഡ്​ ഫോൺ ഭീമൻ വില കൊടുത്തു​ വാങ്ങാൻ ഇന്ത്യക്കാർ മടിക്കുന്നു. എന്നാല്‍, ഐ.ഒ.എസിന്​ എതിരാളികളില്ലാത്തതിനാൽ ആപ്പിളിന് ഇന്ത്യയിൽ ഐഫോണുകൾ ലാഭകരമായി വിൽക്കാൻ കഴിയുന്നുണ്ട്​.

44,971 രൂപയാണ് പിക്‌സൽ 6ന്റെ വില. 67,494 രൂപയാണ് പിക്‌സൽ 6 പ്രോയുടെ വില. ആൻഡ്രോയിഡ് 12 ലാണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. 6.4 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് പിക്‌സൽ 6ന് കമ്പനി നൽകിയിരിക്കുന്നത്. അതേസമയം 6.7 ഇഞ്ച് QHD+AMOLED ഡിസ്‌പ്ലേയാണ് പിക്‌സൽ 6 പ്രോ ഫോണിനുള്ളത്. കൂടാതെ 120 ഹെട്‌സ് റീഫ്രഷിങ് റേറ്റും ഈ ഫോണിനുണ്ട്. എന്നാൽ 90 ഹെട്‌സ് റീഫ്രഷിങ് റേറ്റാണ് പിക്‌സൽ 6നുള്ളത്.

8ജിബി റാമിൽ 128,256 ജിബി റോമിൽ പിക്‌സൽ 6 ലഭിക്കും. എന്നാൽ 12ജിബി റാമിനോടൊപ്പം 128, 256, 512 ജിബി റോം എന്നി വേരിയന്റുകളിൽ 6പ്രോ വിപണിയിൽ ലഭിക്കും. 4614 എംഎച്ച് ബാറ്ററിയാണ് പിക്‌സൽ 6നുള്ളത്. കൂടാതെ 30 വാട്ട് ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും ഈ ഫോണിനുണ്ട്. അതേസമയം 6 പ്രോയിൽ 5003 എംഎച്ചിന്റെ ബാറ്ററിയാണ് ഗൂഗിൾ നൽകിയിരിക്കുന്നത്.

50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ കൂടാതെ 12 മെഗാപിക്‌സലിന്റെ അൾട്രാവൈഡ് ക്യാമറയും 8 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയും പിക്‌സൽ 6ന്റെ പ്രധാന ആകർഷണങ്ങളാണ്. 50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ തന്നെയാണ് 6 പ്രോയിലുമുള്ളത്. കൂടാതെ 12എംപി അൾട്രാവൈഡ് ക്യാമറയും 48 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെൻസും 6 പ്രോയിലുണ്ട്. 11.1 എംപിയുടെ സെൽഫി ക്യാമറയാണ് 6 പ്രോയിലുള്ളത്.

TAGS :
Next Story