'എഐയെ സൂക്ഷിച്ചോളൂ, മാനവരാശിക്ക് ആപത്ത്'; മുന്നറിയിപ്പുമായി ഗൂഗ്ൾ വിട്ട ജൊഫ്രി ഹിന്റൺ
'ഒരു സാധാരണക്കാരന് 'എന്താണ് സത്യമെന്ന്' തിരിച്ചറിയാൻ കഴിയാത്ത വിധം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ, എഐ തൊഴിൽ മേഖലയെയും ബാധിക്കും'
ജൊഫ്രി ഹിന്റൺ
ടെക് വ്യവസായത്തെ തന്നെ അടിമുടി മാറ്റിപ്പണിതാണ് എഐ വിവിധ മേഖലകളിൽ അതിന്റെ സാന്നിധ്യം അറിയിക്കുന്നത്. എഐയുടെ ഗോഡ്ഫാദർ' എന്ന് വിളിക്കുന്ന ജെഫ്രി ഹിന്റൺ കഴിഞ്ഞ ആഴ്ചയാണ് ഗൂഗിളിൽ നിന്ന് രാജിവെച്ചത്. ഇപ്പോഴിതാ എഐയുടെ അപകട സാധ്യതകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാവുന്നത്. ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ്‌ബോട്ടുകൾ വൈകാതെ സമൂഹത്തിൽ വൻദുരന്തം തന്നെ വരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
ടൈംസിന് നൽകിയ അഭിമുഖത്തിൽ, ജോലികൾ ഇല്ലാതാക്കാനും പലർക്കും ഇനി സത്യമെന്തെന്ന് അറിയാൻ കഴിയാത്ത ഒരു ലോകം സൃഷ്ടിക്കാനുമുള്ള എഐയുടെ സാധ്യതകളെക്കുറിച്ചുള്ള തന്റെ ആശങ്കകൾ ഹിന്റൺ പ്രകടിപ്പിച്ചു. അർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും സ്വയംഭരണാധികാരമുള്ള റോബോട്ടുകളും യുദ്ധക്കളങ്ങളിൽ പ്രവേശിക്കുമെന്നത് ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷം മുമ്പ് എഐ എങ്ങനെയാണെന്നും ഇപ്പോൾ എങ്ങനെയാണെന്നും നോക്കൂ, വ്യത്യാസം ഭയാനകമാണ്. ഒരു സാധാരണക്കാരന് 'എന്താണ് സത്യമെന്ന്' തിരിച്ചറിയാൻ കഴിയാത്ത വിധം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ, എഐ തൊഴിൽ മേഖലയെയും ബാധിക്കുമെന്നും ഹിന്റൺ ആശങ്കപ്പെടുന്നു.
ഭാവിയുടെ വാഗ്ദാനമായി പല പ്രമുഖരും വിശേഷിപ്പിച്ച എഐയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ആളാണ് ജെഫ്രി ഹിന്റൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വികസനത്തിനായി തന്റെ ജീവിതം സമർപ്പിച്ച ജെഫ്രി ഹിന്റൺ ഒരു ദശാബ്ദമായി ഗൂഗിളിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2012-ൽ ടൊറന്റോയിൽ രണ്ട് ബിരുദ വിദ്യാർത്ഥികളുമായി ജോലി ചെയ്തപ്പോഴാണ് ഹിന്റണിന്റെ പ്രധാന എഐ സംഭാവന. ഫോട്ടോകൾ വിശകലനം ചെയ്യാനും നായ്ക്കൾ, കാറുകൾ എന്നിവ പോലുള്ള പൊതുവായ ഘടകങ്ങളെ തിരിച്ചറിയാനും കഴിയുന്ന ഒരു അൽഗോരിതം വിജയകരമായി സൃഷ്ടിക്കാൻ മൂവർക്കും കഴിഞ്ഞു, അദ്ദേഹത്തോടൊപ്പം പദ്ധതിയിൽ പ്രവർത്തിച്ച വിദ്യാർത്ഥികളിൽ ഒരാൾ ഇപ്പോൾ ഓപ്പൺ എഐയുടെ ചീഫ് സയന്റിസ്റ്റായി പ്രവർത്തിക്കുന്നു.
തന്റെ പ്രായമാണ് ഗൂഗിളിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഹിന്റൺ പറഞ്ഞു. , എനിക്ക് 75 വയസ്സായി. അതിനാൽ വിരമിക്കാനുള്ള സമയമായി. മറ്റൊന്ന്, ഗൂഗിളിനെക്കുറിച്ച് കുറച്ച് നല്ല കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഗൂഗിളിനായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവ കൂടുതൽ വിശ്വസനീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16