ഗൂഗ്ൾ - ഫേസ്ബുക്ക് യുദ്ധം കടലിനടിയിലും; വലിക്കുന്നത് അതിവേഗ ഡാറ്റ കേബിൾ
ഫേസ്ബുക്കും ഗൂഗിളും ഉപയോഗിക്കണമെങ്കിൽ ഡാറ്റ വേണം; അതിവേഗ ഡാറ്റ എത്തിക്കാനുള്ള പോരാട്ടത്തിലാണ് കമ്പനികൾ...
ലോകത്താകെ ഇന്റർനെറ്റ് വ്യാപനം ലക്ഷ്യമിട്ട് കടലിനടിയിലൂടെ കേബിൾ വലിക്കുന്ന തിരക്കിലാണ് ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളും ഫേസ്ബുക്കും. ഭൂഖണ്ഡങ്ങൾക്കിടയിലായി ആയിരക്കണക്കിന് കിലോമീറ്റർ കേബിളാണ് വ്യത്യസ്ത പദ്ധതികളിലായി ഇരുകമ്പനികളും കടലിനടിയിലൂടെ കൊണ്ടു പോവുന്നത്. മറ്റ് കമ്പനികളുടെ കൺസോർഷ്യങ്ങൾക്കൊപ്പവും സ്വന്തം നിലയിലും ഇരുകമ്പനികളും കേബിൾ പദ്ധതികളിൽ പങ്കെടുക്കുന്നുണ്ട്. ഗൂഗിളിന്റെ മാത്രം ഉടമസ്ഥതയിലുള്ള ഇത്തരം അഞ്ച് പ്രൊജക്ടുകളുടെ പണിനടക്കുന്നു വരികയാണെങ്കിൽ ഫേസ്ബുക്കിന്റെ രണ്ട് പദ്ധതികൾ പണിപൂർത്തിയായി പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഇതിനുപുറമെ ഫേസ്ബുക്കിന്റെ അഞ്ച് പദ്ധതികളുടെ പണി നടന്നുവരികയുമാണ്. ലോകമെങ്ങും 19 കേബിൾ പ്രൊജക്ടുകളിലാണ് ഗൂഗിൾ നിക്ഷേപം നടത്തിയിരിക്കുന്നത്.
എന്താണ് പദ്ധതി?
ലോകത്തിന്റെ എല്ലാഭാഗങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയും അതുവഴി ഉപയോക്താക്കളെ തങ്ങൾക്കൊപ്പം നിർത്തുകയുമാണ് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിളും ഫേസ്ബുക്കും സമുദ്രാന്തര കേബിൾ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേബിൾ വലിക്കാൻ ഏറ്റവും ഉചിതമായ പാത കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. ഒരു വർഷത്തോളം നീളുന്ന പ്രക്രിയയാണിത്. ഈ പാതയിൽ ബാതിമെട്രിക്, ജിയോഫിസിക്കൽ സർവേകൾ നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തും. ശബ്ദതരംഗങ്ങളിൽ നിന്ന് വെള്ളത്തിനടിയിലെ വസ്തുക്കളെക്കുറിച്ചറിയാനുള്ള 'സോനാർ' ഉപകരണം ഘടിപ്പിച്ച കപ്പലുകൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തുന്നത്. തിരമാലകളുടെ തോത്, വെള്ളത്തിനടിയിലെ മണ്ണിടിച്ചിൽ, അടിത്തട്ടിൽ പൊട്ടാതെ കിടക്കുന്ന ബോംബുകളോ മൈനുകളോ ഉണ്ടോ എന്ന കാര്യം തുടങ്ങിയവ ഇങ്ങനെ പരിശോധിക്കും.
തോട്ടം നനയ്ക്കുന്ന ഹോസിന്റെ വിസ്താരമുള്ളതാണ് കേബിളുകൾ. ഇവയെ ചെമ്പ് കേസ് കൊണ്ട് പൊതിയും. അതിനു മുകളിൽ പ്ലാസ്റ്റിക്ക്, സ്റ്റീൽ ആവരണങ്ങൾ പതിച്ചാണ് കടലിലെ തീവ്രമായ സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി കേബിളിന് നൽകുന്നത്. തീവ്ര തരംഗങ്ങൾ, ഭൂകമ്പങ്ങൾ, ഫിഷിങ് ട്രോളറുകളിൽ നിന്നുള്ള പ്രശ്‌നങ്ങൾ എന്നിവ മറികടക്കാനുള്ള ശേഷി കേബിളിനുണ്ടാവും.
ഫേസ്ബുക്കിന്റെ 2ആഫ്രിക്ക എന്ന പദ്ധതിയിൽ ഉപയോഗിക്കുന്ന കേബിളിൽ ചെമ്പിനു പകരം അലുമിനിയം ആണ് ഉപയോഗിക്കുന്നത്. ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും ദൈർഘ്യമുള്ള കേബിളുകളുണ്ടാക്കാനും ഇതാണ് നല്ലത് എന്നതാണ് കാരണം. ആഫ്രിക്കൻ ഭൂഖണ്ഡത്തെ പൂർണമായും ചുറ്റുന്ന 2ആഫ്രിക്ക പദ്ധതിയിൽ 37,000 കിലോമീറ്ററാണ് കേബിളിന്റെ നീളം. ഭൂമിയുടെ ചുറ്റളവിനോളം വരുമിത്.
പാത കണ്ടെത്തി കേബിൾ തയാറായിക്കഴിഞ്ഞാൽ അടുത്ത ഘട്ടം, പ്രത്യേകം രൂപകൽപ്പന ചെയ്ത കപ്പലിലേക്ക് ഇവ ലോഡ് ചെയ്യുകയാണ്. ഇത്തരത്തിലുള്ള 50-ലേറെ കപ്പലുകളാണ് ഗൂഗിൾ ഉപയോഗിക്കുന്നത്. ഓരോ കപ്പലിലും നൂറോളം ജീവനക്കാരുണ്ടാകും. കേബിൾ കപ്പലിൽ നിറക്കാൻ മാത്രം നാലാഴ്ചയെടുക്കും. 30 മുതൽ 50 വരെ ആളുകളാണ് തങ്ങളുടെ കപ്പലുകളിൽ സാധാരണഗതിയിൽ ഉണ്ടാവുകയെന്ന് ഫേസ്ബുക്ക് പറയുന്നു.
കേബിൾ വിരിക്കുന്നതെങ്ങനെ?
ചുറ്റിവെച്ച കേബിൾ കടലിനടിയിൽ നിവർത്തിക്കൊണ്ടാണ് കപ്പൽ പുറപ്പെടുക. ഇതിനു പിന്നാലെ കടൽത്തിട്ടയിൽ അണ്ടർവാട്ടർ പ്ലോ (കലപ്പ) ഉപയോഗിച്ച് ട്രഞ്ചുണ്ടാക്കുകയും കേബിളിനെ അതിലേക്ക് ഇറക്കിവെക്കുകയും ചെയ്തു. കർഷകർ ഉപയോഗിക്കുന്ന കലപ്പ പോലെത്തന്നെയാണ് ഈ പ്ലോ എങ്കിലും രണ്ടുനില കെട്ടിടത്തിന്റെ ഉയരമുണ്ടാവും ഇതിന്. ട്രഞ്ചിൽ കേബിൾ ഇറങ്ങിക്കഴിഞ്ഞാൽ കടൽജലത്തിന്റെ സ്വാഭാവിക ചലനത്തിലൂടെ അതിനെ മണ്ണ് മൂടും. മത്സ്യബന്ധന ബോട്ടുകളടക്കം, കടലിന്റെ അടിത്തട്ട് ഉപയോഗിക്കുന്ന മറ്റുള്ളവർ കാരണം കേബിളിന് പരിക്കു പറ്റാതിരിക്കാനാണ് അവയെ ട്രഞ്ചിലിറക്കി മൂടുന്നത്. 1000 മുതൽ 1500 മീറ്റർ താഴ്ച വരെ മാത്രമേ പ്ലോ ഉപയോഗിച്ച് മൂടുകയുള്ളൂ. അതിനേക്കാൾ താഴ്ചയിൽ കേബിളിന് പരിക്കു പറ്റാനുള്ള സാധ്യത കുറവാണ്.
ദൈർഘ്യമേറിയ കേബിളുകളിൽ ഗൂഗിൾ ആംപ്ലിഫെയർ എന്ന ഒരു ഉപകരണം സ്ഥാപിക്കുന്നുണ്ട്. ഓരോ നൂറ് മീറ്ററിലുമുള്ള ആംപ്ലിഫെയർ സിഗ്നലിന് കരുത്തുനൽകുകയും ഡാറ്റ സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു.
കേബിളുമായി പോകുന്ന കപ്പൽ അതിന്റെ ലക്ഷ്യസ്ഥാനത്തിനടുത്തെത്തിയാൽ ചെറുബോട്ടുകളും നീന്തൽ വിദഗ്ധരും ജെറ്റ് സ്‌കികളും ചേർന്നാണ് ബാക്കിയുള്ള കേബിളിനെ കരയിലേക്ക് വലിക്കുക. പിന്നീട് കരയിൽ നേരത്തെ തയാറാക്കിയിട്ടുള്ള മാൻഹോളിലേക്ക് കേബിൾ ഇറക്കിവെക്കുകയും കേബിൾ സ്റ്റേഷനുമായി ബന്ധിക്കുന്ന ടെറസ്ട്രിയൽ കേബിളുമായി കണക്ട് ചെയ്യുകയും ചെയ്യും.
ഇവ്വിധമുള്ള കേബിളുകളിലൂടെ അതിവേഗതയിലുള്ള ഡാറ്റ കൈമാറ്റം സാധ്യമാകുമെന്നാണ് പറയുന്നത്. യു.കെയിൽ ഈയിടെ സ്ഥാപിച്ച ഗ്രേസ് ഹോപ്പർ കേബിളിന്റെ ഡാറ്റ വഹനശേഷി 340 ടെറാബൈറ്റ്‌സ് ആണ്. 17.5 ദശലക്ഷമാളുകൾക്ക് ഒരേസമയം 4കെ വീഡിയോ തടസ്സമില്ലാതെ പ്ലേ ചെയ്യാൻ കഴിയുന്നത്ര ഡാറ്റയുണ്ടാകുമിത്.
Adjust Story Font
16