Quantcast

മോശം..മോശം; ഗൂഗിൾ പിക്‌സൽ 7 വീഡിയോ കോളിനെതിരെ വ്യാപക പരാതി

ഗൂഗിൾ മീറ്റ് ഉൾപ്പെടെ ഒന്നിലധികം ആപ്പുകളിൽ ഈ പ്രശ്നമുണ്ടെന്ന് ഉപയോക്താക്കൾ പറയുന്നു

MediaOne Logo

Web Desk

  • Published:

    13 Jan 2023 2:43 PM GMT

മോശം..മോശം; ഗൂഗിൾ പിക്‌സൽ 7 വീഡിയോ കോളിനെതിരെ വ്യാപക പരാതി
X

ഗൂഗിൾ പിക്‌സൽ 7 ഉപയോക്താക്കളുടെ പരാതി പുതുമയല്ലാതായിരിക്കുന്നു. ഫോണിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും മെറ്റീരിയലിന്റെ തകരാറുകളെക്കുറിച്ചും നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നതാണ്. ഇപ്പോഴിതാ പ്രവർത്തനവുമായി ബന്ധപ്പെട്ടും പരാതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പിക്സൽ ഉപയോകതാക്കൾ. പിക്സൽ 7 ഫോണുകളിലെ വീഡിയോ കോൾ നിലവാരം വളരെ മോശമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഗൂഗിൾ മീറ്റ് ഉൾപ്പെടെ ഒന്നിലധികം ആപ്പുകളിൽ ഈ പ്രശ്നമുണ്ടെന്ന് ഉപയോക്താക്കൾ പറയുന്നു. മറ്റ് സ്‌മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് പിക്സലിൽ ഈ ആപ്പുകളിൽ വീഡിയോ കോളുകൾ ചെയ്യുമ്പോൾ വീഡിയോ നിലവാരം താരതമ്യേന കുറവാണെന്നാണ് പരാതി. എന്തിന്, പിക്‌സൽ 7ൽ നിന്ന് ലഭിച്ച വീഡിയോകൾ പോലും വ്യക്തതയില്ലാത്തതും മങ്ങിയതുമാണെന്നും ആരോപണമുണ്ട്. റെഡ്ഡിറ്റിലാണ് കൂടുതൽ പരാതികൾ ഉയരുന്നത്. പിക്സൽ 7-ലെ വീഡിയോ കോൾ നിലവാരം വളരെ പഴയ ഉപകരണങ്ങളെ അപേക്ഷിച്ച് ദുർബലമാണെന്ന് റെഡിറ്റ് ഉപയോക്താവ് പരാതിപ്പെട്ടതായി ആൻഡ്രോയിഡ് പോലീസ് റിപ്പോർട്ട് ചെയ്തു.

ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള വിവിധ ആപ്പുകളിൽ ഗുണനിലവാരം കുറവാണെന്നാണ് ഇവർ പറയുന്നത്. പ്രശ്നം ഗൂഗിൾ മീറ്റിന്റേതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഒരു പരീക്ഷണമെന്ന നിലയിൽ ഒരു പിക്സൽ 3 XL-ലും 2018 ഐപാഡ് Pro-ലും ഗൂഗിൾ മീറ്റ് ഇൻസ്റ്റാൾ ചെയ്‌ത്‌ ഉപയോഗിച്ച് നോക്കി. ഈ രണ്ട് സിസ്റ്റങ്ങളുടെയും വീഡിയോ കോളുകൾ പിക്സൽ 7നേക്കാൾ വളരെ മെച്ചമുള്ളതാണെന്നാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഈ പരാതിയുടെ ചുവടുപിടിച്ച് നിരവധി ആൻഡ്രോയ്ഡ് ഉപയോക്താക്കൾ രംഗത്തെത്തി. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അടക്കം ഗൂഗിളിന്റെ സ്വന്തം ആപ്പായ ഗൂഗിൾ മീറ്റിൽ പോലും വീഡിയോ കോളുകളുടെ ഗുണനിലവാരം മോശമാണെന്നാണ് പൊതു അഭിപ്രായം. വീഡിയോ കോൾ പൊതുവെ മങ്ങിയ നിലയിലാണ് കാണപ്പെടുന്നതെന്നും പരാതിയുണ്ട്. ഫ്രണ്ട് ക്യാമറകളിലും ബാക്ക് ക്യാമറകളിലും ഇതേ പ്രശ്നം ഉണ്ടായിരുന്നുവെന്ന് പരാതിപ്പെട്ടവരുണ്ട്.

ആപ്പുകളൊന്നും ശരിയായ ക്യാമറ എപിഐ (Application Programming Interface) ഉപയോഗിക്കാത്തതിന്റെ ഫലമായാണ് ക്വാളിറ്റിയിൽ വ്യത്യാസം വരുന്നതെന്നാണ് ഒരു ഉപയോക്താവ് പറയുന്നത്. Pixel 7-ന്റെ ക്യാമറ പകർത്തിയ ഫോട്ടോകളുടെയും വീഡിയോകളുടെയും അസാധാരണമായ ഗുണനിലവാരം കണക്കിലെടുക്കുമ്പോൾ, വീഡിയോ കോളുകളുടെ ഗുണനിലവാര പ്രശ്നത്തിന് കാരണം സോഫ്‌റ്റ്‌വെയർ ആണെന്നാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്.

TAGS :
Next Story