ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നു; 10,000 ത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും
ഏതാനും മാസങ്ങൾക്ക് മുമ്പ് സിഇഒ സുന്ദർ പിച്ചൈ പിരിച്ചുവിടലുകളെ കുറിച്ച് സൂചന നൽകിയിരുന്നു
ട്വിറ്റർ, മെറ്റാ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 10,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കമ്പനിഏകദേശം 6 ശതമാനം തൊഴിലാളികളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. മെറ്റാ, ട്വിറ്റർ, ആമസോൺ എന്നിവയുൾപ്പെടെ മൂന്ന് മുൻനിര ടെക് കമ്പനികൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
നദി ഇൻഫർമേഷനിൽ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ ജീവനക്കാരുടെ പ്രകടനം വിലയിരുത്താൻ പദ്ധതിയിടുന്നുണ്ട്. 2023-ന്റെ തുടക്കത്തോടെ മോശം പ്രകടനം കാഴ്ചവെക്കുന്ന ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കാനാണ് തീരുമാനം. പുതിയ പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് ആരെങ്കിലും ജോലിയിൽ അലസത കാണിക്കുകയോ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാതിരിക്കുകയോ ചെയ്താൽ അവരുടെ റാങ്ക് നിശ്ചയിച്ച് അവർക്ക് ബോണസ് നൽകുന്നത് ഒഴിവാക്കുകയും ചെയ്യും. ഇതിന് പെർഫോമൻസ് മാനേജർമാർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
എന്നാൽ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇതുവരെ പിരിച്ചുവിടൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിഇഒ സുന്ദർ പിച്ചൈ വരാനിരിക്കുന്ന പിരിച്ചുവിടലുകളെ കുറിച്ച് സൂചന നൽകിയിരുന്നു. കാര്യക്ഷമമായി പ്രവർത്തിക്കാനും ഉൽപന്നങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും ഉപഭോക്താക്കളെ എങ്ങനെ സഹായിക്കാമെന്നും കാര്യമായി ആലോചിക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. കമ്പനിയിൽ ജീവനക്കാർ കൂടുതലാണെന്നും എന്നാൽ ഉൽപാദനക്ഷമത താഴോട്ട് പോയെന്നും പിച്ചൈ വ്യക്തമാക്കിയിരുന്നു. കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഒരു സംസ്‌കാരം സൃഷ്ടിക്കാൻ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ വാർത്തയും എത്തിയത്.
Adjust Story Font
16