റഷ്യക്ക് പണി കൊടുത്ത് ഗൂഗ്ൾ; പരസ്യവിൽപ്പന നിർത്തിവച്ചു
2020ൽ റഷ്യയിലെ ഗൂഗ്ളിന്‍റെ വരുമാനം 790 ദശലക്ഷം യുഎസ് ഡോളറാണ്
മോസ്‌കോ: യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ ഓൺലൈൻ പരസ്യവിൽപ്പന നിർത്തിവച്ച് ഗൂഗ്ൾ. സെർച്ച്, യൂട്യൂബ്, മറ്റു പ്രസിദ്ധീകരണ പങ്കാളികൾ എന്നിവയിലൊന്നും ഇനി ഗൂഗ്ള്‍ ആഡ്ഡുണ്ടാകില്ല. വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരസ്യദാതാവാണ് ഗൂഗ്ൾ. നേരത്തെ ട്വിറ്ററും സ്‌നാപ് ചാറ്റും ഫേസ്ബുക്കും (ഭാഗിക നിയന്ത്രണം) റഷ്യയിൽ പരസ്യം നിർത്തിയിരുന്നു. സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്ക് ഗൂഗ്ളിന്‍റെ ഭാഗിക പരസ്യനിയന്ത്രണവുമുണ്ടായിരുന്നു.
'അസാധാരണ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ റഷ്യയിൽ ഞങ്ങൾ ഗൂഗ്ൾ ആഡ്‌സ് താൽക്കാലികമായി നിർത്തുകയാണ്. സാഹചര്യങ്ങൾ മാറുന്ന വേളയിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവയ്ക്കാം' - പ്രസ്താവനയിൽ സെർച്ച് എഞ്ചിൻ ഭീമൻ വ്യക്തമാക്കി.
BUSINESS: Google suspends all ad sales in Russia
— The Spectator Index (@spectatorindex) March 4, 2022
നേരത്തെ, റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങൾക്ക് പരസ്യം നൽകുന്നത് ഗൂഗ്ൾ നിർത്തിവച്ചിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേരത്തെ റഷ്യൻ കമ്യൂണിക്കേഷൻ റെഗുലേറ്ററായ റോസ്‌കോംനദ്‌സോർ ഗൂഗ്‌ളുമായി കൊമ്പുകോർത്തിരുന്നു. 'സൈനിക ഓപറേഷനുമായി' ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുത് എന്നും ഇതു തുടർന്നാൽ ബ്ലോക് ചെയ്യേണ്ടി വരുമെന്നും റെഗുലേറ്റർ മുന്നറിയിപ്പു നൽകിയിരുന്നു. സർക്കാർ ചട്ടങ്ങൾ ലംഘിച്ചതിൽ കഴിഞ്ഞ വർഷം 32 ദശലക്ഷം റൂബിളാണ് ഗൂഗ്ൾ പിഴയായി ഒടുക്കിയിരുന്നത്.
സ്പാർക്ക് ബിസിനസ് ഡാറ്റാ ബേസിന്റെ കണക്കുപ്രകാരം 2020ൽ റഷ്യയിലെ ഗൂഗ്ളിന്‍റെ വരുമാനം 85.5 ബില്യൺ റൂബിളാണ്. ഏകദേശം 790 ദശലക്ഷം യുഎസ് ഡോളർ.
അതിനിടെ റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനെ സെലെൻസ്‌കി നേരിട്ടുള്ള ചർച്ചക്ക് ക്ഷണിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണിതെന്നും യുക്രൈൻ പ്രസിഡൻറ് വ്യക്തമാക്കി.
'ഞങ്ങൾ റഷ്യയെ ആക്രമിക്കുന്നില്ല, ആക്രമിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല. നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്താണ് വേണ്ടത്? ഞങ്ങളുടെ ഭൂമി വിട്ടുപോകൂ,' സെലെൻസ്‌കി പുടിനെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. ചർച്ചയ്ക്കായി എന്നോടൊപ്പം വന്നിരിക്കൂ, പക്ഷെ 30 മീറ്റർ അകലത്തിൽ വേണ്ട- സെലൻസ്‌കി പറഞ്ഞു.
ഫെബ്രുവരി ഏഴിന് ഫ്രഞ്ച് പ്രസിഡൻറുമായി പുടിൻ ചർച്ച നടത്തിയത് നീണ്ട ഒരു മേശയുടെ രണ്ടറ്റത്ത് വളരെ അകലത്തിൽ ഇരുന്നായിരുന്നു. ഇതു സൂചിപ്പിച്ചാണ് 30 മീറ്റർ അകലം വേണ്ടെന്ന് സെലൻസ്‌കി പറഞ്ഞത്. റഷ്യയുമായി യുക്രൈൻ പ്രതിനിധി സംഘം ബെലാറുസിൽ രണ്ടാം ഘട്ട സമാധാന ചർച്ച നടത്തുന്നതിനിടെയാണ് സെലൻസ്‌കി പുടിനെ നേരിട്ട് ചർച്ചയ്ക്ക് ക്ഷണിച്ചത്. ആധുനിക ലോകത്ത് ഒരു മനുഷ്യന് ഒരു മൃഗത്തെപ്പോലെ പെരുമാറാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സെലെൻസ്‌കി പറഞ്ഞു.
Adjust Story Font
16