പുതിയ അപ്‌ഡേറ്റുമായി ഗൂഗിൾ ട്രാൻസിലേറ്റ്: എത്തുന്നത് 110 ഭാഷകൾ കൂടി
ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്

ന്യൂഡല്‍ഹി: പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഗൂഗിള്‍ ട്രാൻസ്‌ലേറ്റ്. പുതുതായി 110 ഭാഷകൾ കൂടി എത്തി എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്.
പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്‍റെ പുതിയ അപ്‌ഡേഷന്‍. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള മാര്‍വാര്‍ ഭാഷ എന്നിവ പുതിയ അപ്‌ഡേറ്റിലുണ്ട്. ബോഡോ, ഖാസി, കൊക്‌ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത മറ്റ് ഇന്ത്യന്‍ ഭാഷകള്‍.
ഗൂഗിളിന്‍റെ ട്രാന്‍സ്‌ലേഷന്‍ ടൂളില്‍ വരുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ആകെ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി. ആപ്ലിക്കേഷനിലൂടെ പിന്തുണയ്ക്കുന്ന വിവിധ ഭാഷകൾ വിപുലീകരിക്കാൻ എ.ഐ ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ പറഞ്ഞു. ഗൂഗിള്‍ ട്രാൻസ്‌ലേറ്റ് 2006ലാണ് അവതരിപ്പിച്ചത്. ആളുകൾക്ക് കൂടുതൽ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ തുടർച്ചയായി പ്രയോഗിക്കുന്നുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്.
2022-ൽ സീറോ-ഷോട്ട് മെഷീൻ ഉപയോഗിച്ച് 24 പുതിയ ഭാഷകൾ ചേർത്തിരുന്നു. 1000 ഭാഷകള്‍ ചേര്‍ക്കുമെന്നും കമ്പനി അന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ ഭാഷകള്‍ എത്തുന്നത്. അതേസമയം ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലെ പുതിയ 110 ഭാഷകളില്‍ നാലിലൊന്നും ആഫ്രിക്കയില്‍ നിന്നുള്ളതാണ്. ഓരോ ഭാഷയിലെയും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ശൈലിയാണ് ട്രാന്‍സ്‌ലേറ്റില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.
Adjust Story Font
16