ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് വേഗതയില്‍ വന്‍ വളര്‍ച്ചയെന്ന് പഠനം
ഈ വളർച്ചയോടെ ആഗോള ഇന്റർനെറ്റ് വേഗത പട്ടികയിലെ മൊബൈൽ ഡാറ്റ വേഗതയിൽ ആറ് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ 122-ാം സ്ഥാനത്തെത്തി. ബ്രോഡ്ബാൻഡ് വേഗതയിൽ 3 സ്ഥാനം മെച്ചപ്പെടുത്തി 70-ാം സ്ഥാനത്തുമെത്തി.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇന്‍റർനെറ്റ് വേഗതയിൽ വൻ വളർച്ചയെന്ന് പഠനം. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക് ലയാണ് ഇതുസംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.
ജൂൺ മാസത്തിൽ ശരാശരി മൊബൈൽ ഡൗൺലോഡ് സ്പീഡ് 15.34 എംബിപിഎസിൽ നിന്ന് 16.3 ശതമാനം വളർന്ന് 17.84 എംബിപിഎസിലെത്തി. കൂടാതെ ബ്രോഡ്ബാൻഡിന്റെ വേഗത 4.53 ശതമാനം വളർച്ച കൈവരിച്ച് 58.17 എംബിപിഎസിലെത്തി. നേരത്തെ 55.65 എംബിപിഎസ് ആയിരുന്നു ബ്രോഡ്ബാൻഡിന്റെ ഇന്റർനെറ്റ് വേഗത. ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയ എറ്റവും കൂടിയ ശരാശരി ഇന്റർനെറ്റ് വേഗതയാണ് ജൂണിൽ രേഖപ്പെടുത്തിയത്.
ഈ വളർച്ചയോടെ ആഗോള ഇന്റർനെറ്റ് വേഗത പട്ടികയിലെ മൊബൈൽ ഡാറ്റ വേഗതയിൽ ആറ് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ 122-ാം സ്ഥാനത്തെത്തി. ബ്രോഡ്ബാൻഡ് വേഗതയിൽ 3 സ്ഥാനം മെച്ചപ്പെടുത്തി 70-ാം സ്ഥാനത്തുമെത്തി. കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യ തുടർച്ചയായി ആഗോള ഇന്റർനെറ്റ് വേഗതയിൽ വളർച്ചയാണ് രേഖപ്പെടുത്തുന്നത് ഊക്ല പറുന്നത്.
മൊബൈൽ ഇന്‍റര്‍നെറ്റ് ഡൗൺലോഡ് വേഗതയിൽ കഴിഞ്ഞ വർഷം ജൂണിലെ വേഗത വച്ചു പരിശോധിക്കുമ്പോൾ 46.71 ശതമാനം വളർച്ചയാണ് ഒരു വർഷം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് വേഗത 12.16 എംബിപിഎസായിരുന്നു. ഇപ്പോഴത് 17.84 എംബിപിഎസാണ്.
അതേസമയം മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് വേഗതയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യു.എ.ഇയാണ് മുമ്പിൽ. 193.51 എംബിപിഎസാണ് യു.എ.ഇയിലെ ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് വേഗത. 180.45 എംബിപിഎസുമായി സൗത്ത് കൊറിയയാണ് പട്ടികയിൽ രണ്ടാമത്.
ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഡൗൺലോഡ് സ്പീഡിൽ കഴിഞ്ഞ വർഷം ജൂണിനേക്കാൾ 52.32 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഡൗൺലോഡ് വേഗത 38.19 എംബിപിഎസായിരുന്നു ഇപ്പോഴത് 52.32 എംബിപിഎസാണ്.
മൊണാകോയാണ് ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഡൗൺലോഡ് വേഗതയിൽ ഒന്നാമത് 260.74 എംബിപിഎസാണ് അവിടുത്തെ വേഗത. സിംഗപ്പൂരും ഹോങ്കോങാണ് പട്ടികയിൽ രണ്ടാമതും മൂന്നാമതും.
Adjust Story Font
16