ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ 'നീല വളയം' സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
എ.ഐ ഉപയോഗിച്ച് ചാറ്റുകൾ കൂടുതൽ രസകരമാക്കാനൊരുങ്ങുകയാണ് കമ്പനി. അതിലൊന്നാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനാകും എന്നത്
ന്യൂയോര്‍ക്ക്: അടുത്തിടെയാണ് എ.ഐ ഫീച്ചർ ചാറ്റ്ബോക്സിലേക്ക് വാട്സ്ആപ്പ് കൊണ്ടുവന്നത്. മെറ്റ എ.ഐ അതായത് നീല വളയം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫീച്ചർ ഇതിനകം തന്നെ നിരവധി പേരാണ് ഉപയോഗിക്കുന്നത്. ചാറ്റ് ജിപിടിക്ക് സമാനമായ ഫീച്ചർകൊണ്ട് നിരവധി ഉപയോഗങ്ങളാണുള്ളത്.
ഇപ്പോഴിതാ എ.ഐ ഉപയോഗിച്ച് ചാറ്റുകൾ കൂടുതൽ രസകരമാക്കാനൊരുങ്ങുകയാണ് കമ്പനി. അതിലൊന്നാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനാകും എന്നത്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഈ പ്രത്യേകതകൾ ഉൾകൊള്ളിച്ചിരിക്കുന്നത്.
മെറ്റ എ.ഐയില്‍ കയറിയാണ് എഡിറ്റിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ഇവിടെ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. അല്ലെങ്കില്‍ ചാറ്റിലേത് പോലെ ക്യാമറ ഓണാക്കി നേരിട്ട് ഫോട്ടോ എടുക്കാനും കഴിയും(നിലവില്‍ ഇത് രണ്ടും മെറ്റ എ.ഐയില്‍ ഇല്ല). ഇങ്ങനെ കൊടുക്കുന്ന ചിത്രമാണ് എഡിറ്റിന് കഴിയുക.
ഫോട്ടോക്ക് കൂടുതല്‍ ഭംഗികൊടുക്കാനും മറ്റുമൊക്കെ എഡിറ്റിലൂടെ സാധിക്കുമെന്നാണ് വിവരം. ഫോട്ടോയെക്കുറിച്ചുള്ള കാര്യങ്ങളും എ.ഐയോട് ചോദിക്കാം. എന്നാല്‍ അയക്കുന്ന ചിത്രങ്ങളുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ടാകുമെന്നും അവ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഏതൊക്കെ തരത്തിലുള്ള എഡിറ്റിങ് സാധ്യമാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. പശ്ചാത്തലം മാറ്റുന്നതുൾപ്പെടെ മറ്റു എ.ഐ പിന്തുണയുള്ള എഡിറ്റിങ് ടൂളുകള്‍ക്ക് സമാനമായ തരത്തിലുള്ള സൗകര്യങ്ങൾ മെറ്റ എ.ഐയ്ക്കുണ്ടാകുമോ എന്നാണ് അറിയേണ്ടത്.
യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എ.ഐ അവതാറുകളും തയ്യാറാക്കാനുള്ള ടൂള്‍ മെറ്റ എ.ഐയില്‍ വരുന്നതായി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് എഡിറ്റിങ് ഫീച്ചറും കൊണ്ടുവരുന്നത്. വാട്ട്‌സ്ആപ്പിന് പുറമേ, മെറ്റ അതിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും എ.ഐ അവതരിപ്പിച്ചുകഴിഞ്ഞു.
Adjust Story Font
16