Quantcast

ഗുഡ്‌ബൈ എക്‌സ്‌പ്ലോറർ... ആ കാലം ഇനി ഗൃഹാതുരമായൊരു ഓർമ

2015ൽ അവതരിപ്പിച്ച പുതിയ വെബ് ബ്രൗസർ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് ഉപയോക്താക്കളെ ക്ഷണിച്ചിരിക്കുകയാണ് കമ്പനി

MediaOne Logo

Web Desk

  • Published:

    15 Jun 2022 1:10 PM GMT

ഗുഡ്‌ബൈ എക്‌സ്‌പ്ലോറർ... ആ കാലം ഇനി ഗൃഹാതുരമായൊരു ഓർമ
X

വാഷിങ്ടൺ: ലോകം ഇന്റർനെറ്റ് ഉപയോഗിച്ചു പഠിച്ച ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ ഇനി ഗൃഹാതുരമായ ഓർമമാത്രം. 27 വർഷത്തെ സേവനത്തിനുശേഷം തങ്ങളുടെ ഏറ്റവും പഴക്കമേറിയ ഇന്റർനെറ്റ് ബ്രൗസർ ഇന്ന് അടച്ചുപൂട്ടിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

വിൻഡോസ് 10 പതിപ്പുകളിൽ 2022 ജൂൺ 15 മുതൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ പ്രവർത്തനരഹിതമാകുമെന്ന് കഴിഞ്ഞ വർഷം മേയിൽ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. ഉപയോക്താക്കളോട് പുതിയ വെബ് ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രഖ്യാപിച്ചതു പ്രകാരം തന്നെ ഇന്നുതൊട്ട് ഡെസ്‌ക്ടോപ്പുകളിൽ എക്‌സ്‌പ്ലോറർ പ്രവർത്തനരഹിതമായിരിക്കുകയാണ്. ഇതുവഴി സർച്ച് ചെയ്യാൻ ശ്രമിച്ചാൽ നേരെ മൈക്രോസോഫ്റ്റ് എഡ്ജിലായിരിക്കും എത്തുക.

ബ്രൗസിങ് ലോകം ഭരിച്ചു; പുതിയ പോരാളികൾക്കൊപ്പം ഓടിയെത്താനാകാതെ വീണു

1995ലാണ് വിൻഡോസ് 95ൽ ആഡ്ഓൺ പാക്കേജായി ആദ്യമായി ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ അവതരിക്കുന്നത്. പിന്നീട് മൈക്രോസോഫ്റ്റ് എക്‌സ്‌പ്ലോറർ സൗജന്യമായി നൽകിത്തുടങ്ങി. 2003 ആയപ്പോഴേക്കും 95 ശതമാനംവരെയായിരുന്നു ബ്രൗസറിലെ ഉപയോക്താക്കൾ. എന്നാൽ, മത്സരംഗത്ത് പുതിയ പോരാളികളെത്തിയതോടെ അതിനൊത്ത് പിടിച്ചുനിൽക്കാൻ പിന്നീട് മൈക്രോസോഫ്റ്റിനായില്ല.

കൂടുതൽ മികച്ച വേഗവും പ്രകടനവും സേവനങ്ങളുമായി ക്രോം അടക്കമുള്ള പുതിയ ബ്രൗസറുകളെത്തി. എന്നാൽ, അതിനൊത്ത് വേണ്ട അപ്‌ഡേഷനുകളുമായി കരുത്താർജിക്കാൻ എക്‌സ്‌പ്ലോററിനായില്ല. ഇതോടെ വിശ്വസ്തരായ പഴയ ഉപയോക്താക്കളടക്കം ബ്രൗസറിനെ കൈവിട്ടു. അവരെല്ലാം പുതിയ ബ്രൗസറുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ 2016ൽ എക്‌സ്‌പ്ലോററിലെ പുതിയ അപ്‌ഡേഷനുകളും മൈക്രോസോഫ്റ്റ് നിർത്തിവച്ചു.


കൂടുതൽ വേഗതയോടെയും മികച്ച ഉപയോക്തൃസൗഹൃദ ഫീച്ചറുകളോടെയും 2015ൽ മൈക്രോസോഫ്റ്റ് എഡ്ജ് എന്ന പേരിൽ കമ്പനി പുതിയ വെബ് ബ്രൗസർ അവതരിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ വിൻഡോസ് 10ൽ തുടങ്ങിയ ബ്രൗസർ പിന്നീട് മുഴുവൻ പ്ലാറ്റ്‌ഫോമുകളും ലഭ്യമായിത്തുടങ്ങി. എന്നിട്ടും ഇന്റർനെറ്റ് സേവനരംഗത്തെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കമ്പനിക്കായില്ല.

നിലവിൽ ഗൂഗിളിന്റെ ക്രോം ആണ് ഇന്റർനെറ്റ് ബ്രൗസറുകളിലെ രാജാവ്. 65 ശതമാനം ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഇപ്പോൾ ക്രോമിനെ വിശ്വസിക്കുന്നത്. ആപ്പിളിന്റെ സഫാരിയാണ് ക്രോമിനു പിന്നിലുള്ളത്. 19 ശതമാനം ഇന്റർനെറ്റ് ഉപയോക്താക്കളാണ് സഫാരി ഉപയോഗിക്കുന്നതെന്നാണ് കണക്ക്.

Summary: 27-year-old Internet Explorer retires, as Microsoft urges its customers to switch to Microsoft Edge

TAGS :
Next Story