'ശമ്പളമില്ല... മനുഷ്യരായി പോലും പരിഗണിക്കുന്നില്ല'; ഫോക്‌സ്‌കോൺ ഐഫോൺ പ്ലാന്റിൽ തൊഴിലാളി പ്രതിഷേധം ശക്തം
കോവിഡ് നിയന്ത്രണത്തിൽ കമ്പനി പരാജയപ്പെട്ടുവെന്ന ഗുരുതര ആരോപണവും തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്
ഷെങ്ഷൗ: ചൈനയിലെ ഫോക്‌സ്‌കോണിന്റെ മുൻനിര ഐഫോൺ പ്ലാന്റിൽ തൊഴിലാളി പ്രതിഷേധം ശക്തമാകുന്നു. നൂറുകണക്കിന് തൊഴിലാളികളാണ് കമ്പനിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച പുലർച്ചെയാണ് പ്രതിഷേധം ആരംഭിച്ചത്. ബോണസ് പേയ്‌മെന്റുകൾ വൈകിപ്പിക്കുന്നത്തിനെതിരെയും കമ്പനി കോവിഡ് നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെതിരെയുമാണ് പ്രതിഷേധമെന്ന് തൊഴിലാളികൾ അറിയിച്ചു. "ഞങ്ങളുടെ ശമ്പളം തരൂ!" എന്ന് ആക്രോശിച്ചുകൊണ്ട് കമ്പനിക്ക് നേരെ ഓടിയടുക്കുന്ന തൊഴിലാളികളെ വീഡിയോ ദൃശ്യങ്ങളിൽ കാണാം. ചിലയിടങ്ങളിൽ പോലീസുമായി ഏറ്റുമുട്ടലും ഉണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകമടക്കം പ്രയോഗിച്ചു.
കോവിഡ് നിയന്ത്രണത്തിൽ കമ്പനി പരാജയപ്പെട്ടുവെന്ന ഗുരുതര ആരോപണവും തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്. ചൈനയുടെ സീറോ കോവിഡ് പദ്ധതി ഫോക്‌സ്‌കോണും പിന്തുടർന്നിരുന്നു. ഏതെങ്കിലും നഗരത്തില്‍ ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌താൽ ആ നഗരം മുഴുവനായും അടച്ചുപൂട്ടുന്നതാണ് ചൈനയുടെ സീറോ കോവിഡ് പദ്ധതി. പൂർണമായും അടച്ചുപൂട്ടുന്ന ഇത്തരം നഗരങ്ങളിൽ പലപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് കാരണം ജനങ്ങൾ വലയാറുണ്ട്.
കമ്പനിയിലും സമാനമായ അവസ്ഥയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം യാതൊരു നടപടിയും കമ്പനി സ്വീകരിച്ചിരുന്നില്ല. രോഗം ബാധിച്ച തൊഴിലാളികളുമായി റൂം പങ്കിടേണ്ട അവസ്ഥ പോലുമുണ്ടായെന്ന് തൊഴിലാളികൾ പറയുന്നു. നേരത്തെ കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഫോക്‌സ്‌കോൺ സൈറ്റ് പൂട്ടിയിട്ടിരുന്നു. തൊഴിലാളികളെ നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. കമ്പനിയിൽ ഇരുപതിനായിരത്തോളം തൊഴിലാളികളുടെ കുറവാണ് അന്നുണ്ടായത്. പിന്നീട്, കമ്പനിയിലേക്ക് വരാൻ തൊഴിലാളികൾ തയ്യാറാകാത്തതിനെ തുടർന്ന് ഉയർന്ന ബോണസും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് കമ്പനി തൊഴിലാളികളെ ആകർഷിച്ചത്.
എന്നാൽ, ഈ ബോണസ് തരാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. ശമ്പളവും ഇല്ല തങ്ങളെ മനുഷ്യരായി പോലും ഫോക്‌സ്‌കോൺ പരിഗണിക്കുന്നില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും തൊഴിലാളികൾ അറിയിച്ചു.
അതേസമയം, തൊഴിലാളികളുടെ ആരോപണങ്ങളെ കമ്പനി പാടെ തള്ളി. പേയ്‌മെന്റ് കരാറുകൾ പൂർത്തീകരിച്ചുവെന്നും ജീവനക്കാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറയുന്നു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സർക്കാരുമായും ജീവനക്കാരുമാണ് ചർച്ച തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Adjust Story Font
16