രാജ്യം 5ജിയിലേക്ക് അടുക്കുന്നു; ആദ്യത്തെ 5 ജി കോൾ ചെയ്തു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ 5ജി സേവനങ്ങൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ആദ്യത്തെ 5ജി കോൾ ചെയ്തു കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. മദ്രാസ് ഐഐടിയിൽ സ്ഥാപിച്ച ട്രയൽ നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് രാജ്യത്തെ ആദ്യത്തെ 5ജി കോൾ ചെയ്തത്. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയെ ആത്മനിർഭര്ഡ 5ജി എന്നാണ് അദ്ദേഹം വിളിക്കുന്നത്.
പ്രധാനമന്ത്രിയുടെ ആശയങ്ങളുടെ പൂർത്തീകരണമാണ് ഇതുവഴി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'4ജി, 5ജി സാങ്കേതികവിദ്യ ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുകയും ഇന്ത്യയിൽ നിർമിക്കുകയും അത് കൂടാതെ ലോകത്തിന് വേണ്ടി നിർമിക്കുകയും ചെയ്യുക എന്നതാണ് മോദിയുടെ കാഴ്ചപ്പാട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് ലോകം ജയിക്കണം'- അശ്വിനി വൈഷ്ണവ് പറഞ്ഞു.
അതേസമയം 5ജി സ്പെക്ട്രം ലേലത്തിനുള്ള നിർദേശം ടെലികോം വകുപ്പ് അടുത്തയാഴ്ച അന്തിമ അനുമതിക്കായി കേന്ദ്ര കാബിനറ്റിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ 5ജി സേവനങ്ങൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടെലികോം കമ്പനികൾക്ക് 5ജി സേവനങ്ങളുടെ ട്രയൽ നടത്താൻ മാത്രമേ അനുമതിയുള്ളൂ.
കഴിഞ്ഞയാഴ്ച സ്റ്റാർട്ടപ്പുകൾക്കും വ്യവസായ പ്രവർത്തകർക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രാദേശികമായി പരിശോധിക്കാനും സാധൂകരിക്കാനും വിദേശ വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രാപ്തമാക്കുന്നതിനായി 220 കോടി ചെലവിൽ ഒരു 5ജി ടെസ്റ്റ് ബെഡ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
Summary: 'Aatmanirbhar 5G': IT minister 'successfully' makes first 5G call
Adjust Story Font
16